കുട്ടി നിങ്ങൾ പറയുന്നത് അനുസരിക്കാറില്ലേ ?

ഓരോ കുട്ടിയുടെയും ഏറ്റവും അടുത്ത സുഹൃത്ത് അവന്റെ മാതാപിതാക്കളാവണം. മാതാപിതാക്കളും കുട്ടികളും തമ്മിൽ നല്ലൊരു ബന്ധം വളർത്തികൊണ്ട് വരാൻ സഹായിക്കുന്ന പ്രധാന ഘടകം സംസാരവും കേൾവിയുമാണെന്ന് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (എപിഎ) പറയുന്നു. കുട്ടികളുമായി ശക്തമായ ബന്ധം മാതാപിതാക്കൾ ബോധപൂർവം തന്നെ വളർത്തിയെടുക്കേണ്ടതുണ്ട്. ഒരു നല്ല രക്ഷിതാവാകാൻ ഒരു നല്ല ശ്രോതാവും, ഒരു നല്ല ഭാഷാ വിദഗ്ദനും ആകേണ്ടതുണ്ട്. കുട്ടികളോട് സംസാരിക്കുമ്പോൾ ഒഴിവാക്കേണ്ട ചില കാര്യങ്ങൾ:

1. ഒരുപാട് സംസാരിക്കുക, ഒരുപാട് പറയുക
മാതാപിതാക്കൾ പലപ്പോഴും കുട്ടികൾക്ക് എത്രമാത്രം തങ്ങൾ പറയുന്നത് മനസിലാക്കാൻ കഴിയുന്നുണ്ടെന്ന് ചിന്തിക്കാതെ കാര്യങ്ങൾ പറഞ്ഞു പോകാറുണ്ട്. തങ്ങൾ പറഞ്ഞ അർത്ഥത്തിൽ കുട്ടികൾ കാര്യങ്ങൾ മനസിലാക്കുന്നുണ്ടെന്നാണ് മാതാപിതാക്കളുടെ ധാരണ. എന്തുകൊണ്ടാണ് തങ്ങൾ പറഞ്ഞത് കുട്ടികൾ അനുസരിക്കാത്തതെന്ന് അവർ പരിതപിക്കുന്നു. ചെറിയ കുട്ടികൾക്ക് ഒരേ സമയം ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ല എന്നതാണ് സത്യം. നീളമുള്ള വാചകങ്ങൾ, ചില വാക്കുകൾ, ഒരു സമയം ഒന്നിലധികം വിഷയങ്ങളെ കുറിച്ചുള്ള സംസാരം ഇതൊക്കെ കുട്ടികളെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങളാണ്. എന്താണ് നിങ്ങൾ പറഞ്ഞതെന്ന് മനസിലാകാത്തതിനാലാവും ഒരു പക്ഷേ അവർ നിങ്ങൾ പറയുന്നത് അനുസരിക്കാത്തത്.

2. ഒച്ച വയ്ക്കുകയും പരുക്കൻ വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുക.
കുട്ടികളെ അച്ചടക്കത്തിൽ വളർത്തണമെന്ന് പറയാറുണ്ട്. എന്നാൽ അച്ചടക്കം ശീലിപ്പിക്കാനായി ഉപയോഗിക്കുന്ന പരുക്കൻ വാക്കുകളും ഒച്ചയും ബഹളവുമൊക്കെ വിപരീത ഫലങ്ങൾ ഉളവാക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കുട്ടികളുടെ സ്വഭാവം നിയന്ത്രിക്കുന്നതിനും നേർവഴിക്കു കൊണ്ടു വരുന്നതിനുമായി മാതാപിതാക്കൾ ഉപയോഗിക്കുന്ന പരുക്കൻ വാക്കുകൾ കുട്ടികളെ പലപ്പോഴും മാനസികമായി മുറിവേൽപിക്കുന്നു. ദേഷ്യത്തോടെ പറയുന്നതിലേറെ കുട്ടികളെ സ്വാധീനിക്കുന്നത് സ്നേഹത്തോടെയുള്ള ഉപദേശങ്ങളാണ്.

3. കുട്ടിയുടെ അനുഭവങ്ങളെയും അഭിപ്രായങ്ങളെയും അവഗണിക്കുക
കുട്ടികൾ നിങ്ങളോട് പറയുന്ന അഭിപ്രായങ്ങൾ അത് എത്ര ചെറുതാണെങ്കിലും അവഗണിക്കാതിരിക്കുക. കുട്ടികൾ പറയുന്നതിന് നിങ്ങൾ വില കൊടുക്കുന്നുണ്ടെന്ന് അവർക്ക് തോന്നണം. ഉദാഹരണത്തിന് ഒരു പൂവ് കൊഴിഞ്ഞു വീണതിലുള്ള സങ്കടമായിരിക്കാം കുട്ടി അറിയിക്കുന്നത്. നിങ്ങൾക്കും അതിൽ സങ്കടമുണ്ട് എന്ന ബോധ്യം അവനിൽ ഉണ്ടാക്കാൻ ശ്രമിക്കണം. അവർ എന്തെങ്കിലും നിർദേശങ്ങൾ മുൻപോട്ട് വയ്ക്കുമ്പോൾ അത് പരിഗണിക്കുകയും അതിനെ കുറിച്ച് കുട്ടിയുമായി സംസാരിക്കുകയും ചെയ്യണം. നിർദ്ദേശങ്ങൾ തള്വുകയാണെങ്കിൽ എന്തു കൊണ്ടെന്ന് അവനെ ബോധ്യപ്പെടുത്തണം.

4. യഥാർത്ഥ സംഭാഷണങ്ങളിൽ പരാജയപ്പെടുന്നത്
എല്ലാ മാതാപിതാക്കളും മക്കളോട് സംസാരിക്കാറുണ്ട്. എന്നാൽ സംഭാഷണങ്ങൾ പലപ്പോഴും എഴുന്നേൽക്ക്, വേഗം ഒരുങ്ങ്, ആഹാരം കഴിക്ക്, പഠിക്ക് എന്നിങ്ങനെ ആയി പോകാറുണ്ട്. എന്നാൽ ഇതിനപ്പുറം ആത്മാവും ജീവനുമുള്ള സംഭാഷണങ്ങൾ മാതാപിതാക്കളും മക്കളും തമ്മിൽ ഉണ്ടാകേണ്ടതുണ്ട്.

5. കേൾക്കാൻ സമയമില്ലാതെ വരുക
ഒരു പക്ഷേ കുട്ടികൾ പറയുന്നത് കേൾക്കാനുള്ള സമയം നിങ്ങൾക്കില്ലാതെ വരാം. ആ സമയത്ത് കുട്ടിയെ നിങ്ങൾ തിരക്കിലാണെന്നും അത് കഴിഞ്ഞാൽ കുട്ടിയുമായി സംസാരിക്കുമെന്നും പറഞ്ഞ് മനസിലാക്കുകയും. കുട്ടിയോട് പറഞ്ഞ സമയത്തു തന്നെ അവനുമായി സംസാരിക്കാൻ എത്തുകയും ചെയ്യുക. ഇതിൽ നിന്ന് കാത്തിരിക്കുവാനും തിരക്കുകളിൽ എങ്ങനെ പെരുമാറണമെന്നും അവൾ/അവൻ പഠിക്കും..‍