ഈ കുരുന്നിന്റെ ക്രിസ്മസ് ആഗ്രഹം കേട്ടാൽ ആരുടേയും ഹ‍ൃദയം നുറുങ്ങും..

ക്രിസ്മസ് കാലം സമ്മാനങ്ങളുടെയും സന്തോഷങ്ങളുടെയും കൂടെ കാലമാണല്ലോ, പ്രത്യേകിച്ച് കുട്ടികൾക്ക്. അവർ ഉറങ്ങി കിടക്കുമ്പോൾ സാൻറാക്ലോസ് അവർക്കിഷ്ടപ്പെട്ട സമ്മാനങ്ങൾ ക്രിസ്മസ് ട്രീയുടെ ചുവടെ കൊണ്ടുവയ്ക്കുമെന്ന വിശ്വാസം ക്രിസ്മസുമായി ബന്ധപ്പെട്ടുണ്ടല്ലോ. അതേ കൈനിറയെ സമ്മാനങ്ങൾ സ്വപ്നം കാണാത്ത കുരുന്നുകളുണ്ടോ? പുത്തൻ കാർ, കളിപ്പാട്ടങ്ങൾ, പുത്തനുടുപ്പ്, ചോക്‌ലേറ്റുകള്‍, എന്നിങ്ങനെ ആഗ്രഹങ്ങളുടെ ഒരു പെരുമഴ തന്നെയുണ്ടാകും മിക്ക കൂട്ടുകാർക്കും അല്ലേ? എന്നാൽ ഒരു നാലാം ക്ലാസുകാരന്റെ ക്രിസ്മസ് ആഗ്രഹം നമ്മുടെ കണ്ണു നിറയിക്കുക തന്നെ ചെയ്യും.

ആ ഒൻപത് വയസ്സുകാരന് ആകെ രണ്ടേ രണ്ട് ആഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ, ഒരു ജോഡി ചെരുപ്പും, സന്തോഷം നിറഞ്ഞ ജീവിതവും. യു കെ യിൽ ഏയ്ഞ്ചൽ ട്രീ എന്ന സംഘടന എല്ലാ വർഷവും കുട്ടികൾക്കായി സർപ്രൈസ് സമ്മാനങ്ങൾ കരുതി വയ്ക്കാറുണ്ട്. ഇത്തവണ ഏയ്ഞ്ചൽ ട്രീ നൾകിയ ഫോമിൽ ആ കുട്ടിയുടെ നിഷ്കളങ്കമായ ആഗ്രഹം കണ്ട സംഘാടകനായ ജെയ് എച്ച് ബാങ്ക്സ് ആണത് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്.

ഏയ്ഞ്ചൽ ട്രീ കുട്ടികൾക്ക് ആവശ്യമുള്ള അഞ്ച് സമ്മാനങ്ങൾ ആവശ്യപ്പെടാനാണ് പറയുന്നതെങ്കിലും ആ കുട്ടി ആകെ ഈ രണ്ട് സമ്മാനങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നത്. സന്തോഷം നിറഞ്ഞ ജീവിതമാണ് അവന്റെ പ്രധാനപ്പെട്ട ആഗ്രഹമെന്നാതാണ് ശ്രദ്ധേയം.

അവന്റെ ആഗ്രഹങ്ങളുടെ ലിസ്റ്റ് പോസ്റ്റ് ചെയുതുകൊണ്ട് ബാങ്ക്സ് ഇങ്ങനെ കുറിച്ചു. "ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നിരാശാജനകമായ ഒന്നാണിത്. എത്രമാത്രം പ്രയാസങ്ങളിലൂടെയാവണം അവൻ കടന്നുപോകുന്നത്. അതേ പോലെ എത്രയോ കുട്ടികളുണ്ടാകും. ഞാൻ എങ്ങനെയാണവനെ സഹായിക്കുക? എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല."

എന്തായാലും ബാങ്ക്സിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിസ് താഴെ ആ കുരുന്നിന് സഹായം വാഗ്ദാനം ചെയ്തുകൊണ്ട് ധാരാളം ആളുകൾ എത്തിയിട്ടുണ്ട്. അവന്റെ ആ ചെറിയ എന്നാൽ പ്രധാനപ്പെട്ട ക്രിസ്മസ് ആഗ്രഹങ്ങൾ പൂവണിയട്ടെ.