മക്കളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യാറുണ്ടോ? , Character disorders, Compare,Children, Study, intelligent Child development, Parenting, Manorama Online

മക്കളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യാറുണ്ടോ?

ലക്ഷ്മി നാരായണൻ

ഓരോ കുട്ടികൾക്കും വ്യത്യസ്തമായ കഴിവുകളാണുണ്ടാകുക. അത് പഠിക്കുന്ന കാര്യത്തിൽ ആണെങ്കിലും മറ്റ് പഠനേതര പ്രവർത്തനങ്ങളിലാണെങ്കിലും അങ്ങനെ തന്നെ. എന്നാൽ ചില മാതാപിതാക്കൾ ആഗ്രഹിക്കുക, തങ്ങളുടെ മക്കൾ എല്ലാ മേഖലയിലും ഒന്നാമത്തെത്തണം എന്നാണ്. എന്നാൽ ഇതിൽ കാര്യമില്ല.

സ്വന്തം കുഞ്ഞിന്റെ കഴിവ് മനസിലാക്കി അവനെ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. ഇന്നത്തെകാലത്ത് കുട്ടികൾ മാതാപിതാക്കളെക്കാൾ പ്രതികരണ ശേഷി കൂടിയവരാണ്. ദേഷ്യം, വാശി തുടങ്ങിയ കാര്യങ്ങൾ പ്രകടിപ്പിക്കുന്നതിനു അവർ ഒരു മടിയും കാണിക്കുന്നില്ല.

അതിനാൽ തന്നെ ഇന്നത്തെ തലമുറ ഏറ്റവും കൂടുതൽ വെറുക്കുന്ന കാര്യമാണ് താരതമ്യം. കുട്ടികള്‍ പഠനത്തില്‍ മോശമാകുമ്പോഴോ പരീക്ഷയില്‍ മാര്‍ക്ക് കുറയുമ്പോഴോ മിക്ക രക്ഷിതാക്കളും അയല്‍പക്കത്തെയോ കുടുംബത്തിലെയോ കുട്ടികളുമായി സ്വന്തം മക്കളെ താരതമ്യം ചെയ്യാന്‍ തുടങ്ങും. സ്വന്തം മക്കളെ നിങ്ങളിൽ നിന്നും അകറ്റുന്നതിനുള്ള ആദ്യത്തെ വഴി സ്വയം കണ്ടെത്തുകയാണ് ഇത്തരം പ്രവർത്തിയിലൂടെ നടക്കുന്നത്. ഒരിക്കലും സ്വന്തം കുഞ്ഞുങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. മാതാപിതാക്കൾ തന്നെ മനസിലാക്കുന്നില്ലെന്ന ചിന്തയാണ് ഇതിലൂടെ കുഞ്ഞുങ്ങൾക്കുണ്ടാകുക.

അപ്പുറത്തെ വീട്ടിലെ കുട്ടിക്ക് എല്ലാ വിഷയത്തിലും നല്ല മാര്‍ക്കുണ്ട്, നിനക്ക് മാത്രമെന്താ പത്തില്‍ താഴെ മാര്‍ക്ക്? അവൻ കളിയ്ക്കാൻ പോകുന്നില്ലല്ലോ, പിന്നെ നീ എന്തിനാ പോകുന്നത്? തുടങ്ങി എല്ലാക്കാര്യത്തിലും ഉപമ വരുന്നത് പ്രശ്നങ്ങൾ വർധിപ്പിക്കും. താരതമ്യങ്ങള്‍ കുട്ടികളുടെ ആത്മവിശ്വാസം കുറച്ചുകളയും. പല കുട്ടികളും അപകര്‍ഷതാബോധത്തിനും അടിമകളായിത്തീരും. പിന്നെ കുട്ടികള്‍ക്കിടയില്‍ ശത്രുതയ്ക്കും ഇത് വഴിവെക്കും. താമസിയാതെ അവർ അപകർഷതാബോധം ഉള്ളവരായി വീടിന്റെ ഒരു മൂലയിലേക്ക് ഒതുങ്ങും. തന്റെ അഭിപ്രായങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ അവർ തയ്യാറാകില്ല.

അതിനാൽ കുഞ്ഞുങ്ങളെ എത്രമാത്രം സമർത്ഥരായ വളർത്തണം എന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കളാണ്. നിങ്ങളുടെ തീരുമാനത്തെയും പെരുമാറ്റത്തെയും അടിസ്ഥാനമാക്കിയിരിക്കും കുട്ടികളുടെ വളർച്ച