മറ്റുള്ളവരുടെ

മറ്റുള്ളവരുടെ മുന്‍പിൽ വച്ച് കുട്ടിയെ കുറ്റപ്പെടുത്തിയാൽ?

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ മാതാപിതാക്കൾക്ക് വലിയ പങ്കാണുള്ളത്. മാത്രമല്ല, മാതാപിതാക്കൾ കുട്ടികളെ മറ്റുള്ളവർക്ക് മുന്നിൽ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കുട്ടികളുടെ ഭാവി വളർച്ച. അതായത് മക്കളെ പറ്റി നല്ലതു പറഞ്ഞാൽ, അച്ഛനമ്മമാർ തനിക്ക് നൽകിയിരിക്കുന്ന മൂല്യത്തെപ്പറ്റി കുഞ്ഞുങ്ങൾ ബോധവാന്മാരാകുകയും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ മാതാപിതാക്കൾ കുട്ടികളെ വിലകുറച്ചു കാണുകയാണെങ്കിൽ അത് അവരുടെ സ്വഭാവ രൂപീകരണത്തെയും ബാധിക്കും.

ഉദാഹരണമായി പറയുകയാണെങ്കിൽ നാലാൾ കൂടിയിരിക്കുന്ന അവസ്ഥയിൽ തമാശക്കാണെങ്കിൽ പോലും കുട്ടിയെ കുറ്റം പറയുക, വാ തുറന്നാൽ നുണയേ പറയൂ, ഒരക്ഷരം പഠിക്കില്ല തുടങ്ങി പല രീതിയിൽ കുറ്റപ്പെടുത്തുന്നത് കുട്ടികളുടെ ഭാവി വളർച്ചയെ വിഷാദത്തിലാഴ്ത്തും. എന്നാൽ പല മാതാപിതാക്കൾക്കും കുട്ടികളിലെ അഭിമാന ബോധത്തെപ്പറ്റി വലിയ ധാരണയില്ല. അതിനാലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കുട്ടികൾക്കെന്ത് അഭിമാനവും അഭിമാനക്ഷതവും എന്ന ചിന്തയാണ് പലർക്കും.

എന്നാൽ ഈ ധാരണ തെറ്റാണു. പഠനങ്ങൾ വ്യക്തമാക്കുന്നത് മൂന്നു വയസ്സ് പ്രായം മുതൽക്ക് കുട്ടികൾ തങ്ങളുടെ വ്യക്തി ജീവിതത്തിൽ ശ്രദ്ധിക്കുന്നുണ്ടെന്നാണ്. ഈ കാലഘട്ടത്തിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വർത്തമാനങ്ങളാണ് അവർ മാതാപിതാക്കളിൽ നിന്നും പ്രതീക്ഷിക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽ മാതാപിതാക്കൾ തങ്ങളെ കൊഞ്ചിച്ചും അനുമോദിച്ചും കാണാനാണ് കുട്ടികൾ ഇഷ്ടപ്പെടുന്നത്.

കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽ വച്ച് താരതമ്യം ചെയ്യുന്നത് എത്ര കണ്ട് ദോഷമാണോ അത്രതന്നെ പ്രശ്‌നമാണ് അപ്രതീക്ഷിതമായ അഭിമാനക്ഷതങ്ങളും. കുട്ടികളാകുമ്പോൾ പലവിധത്തിലുള്ള തെറ്റുകൾ ചെയ്യുക എന്നത് സ്വാഭാവികമാണ്. എന്നാൽ ഉടനടി മറ്റുള്ളവരുടെ മുന്നിൽ വച്ച് അവരെ കുറ്റപ്പെടുത്തുന്നതും ശിക്ഷിക്കുന്നതും നല്ലതല്ല. പകരം അവരെ ഒറ്റയ്ക്ക് മാറ്റി നിർത്തി ഉപദേശിച്ച് തെറ്റുകൾ തിരുത്തുന്നതാണ് ഉചിതം.

മാതാപിതാക്കൾ ഇത്തരത്തിൽ ചെയ്യുമ്പോൾ കുട്ടികൾക്ക് അവരോടുള്ള അടുപ്പം കൂടുന്നു. തന്നെ ഏതു ഘട്ടത്തിലും പിന്തുണയ്ക്കാനും നേർവഴി നടത്താനും മാതാപിതാക്കൾ കൂടെയുണ്ടെന്നത് കുട്ടികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. കുഞ്ഞു മനസിനെ വേദനിപ്പിക്കുന്ന രീതിയിൽ പറയുന്ന ഓരോ വാക്കും പൊതുമധ്യത്തിൽ വച്ചാകുമ്പോൾ അത് കുട്ടികളെ മാനസികമായ സമ്മർദ്ദത്തിലാക്കുന്നു. താൻ ഒറ്റക്കാണ് എന്നും തന്നെ മറ്റുള്ളവർ കളിയാക്കുന്നു എന്നുമുള്ള ചിന്ത അവനെ ഡിപ്രഷനിലേക്ക് നയിക്കും.

Summary : Never blame your child in front of others