ആറ്

ആറ് വയസ്സിന് ശേഷവും കുട്ടി കിടക്കയില്‍ മൂത്രമൊഴിക്കാറുണ്ടോ? ; പരിഹാരമുണ്ട്

ലക്ഷ്മി നാരായണൻ

ഉറക്കത്തിൽ കുട്ടികൾ മൂത്രമൊഴിച്ചു പോകുന്നത് അത്ര വലിയ തെറ്റാണോ ? ഒരിക്കലുമല്ല. എന്നാൽ ഇത്തരത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന കുഞ്ഞിന്റെ പ്രായമാണ് വിഷയം. ഒരു രണ്ട്, മൂന്നു വയസ്സ് വരെ പരമാവധി അംഗീകരിച്ചു കൊടുക്കാൻ കഴിയുന്ന ഈ ശീലം ആറു വയസിലും തുടർന്നാലോ ? 'കിടക്കയിൽ മുള്ളി'  എന്ന് വിളിച്ച് വീട്ടുകാരും നാട്ടുകാരും കളിയാക്കിയാൽ അതിൽ ഒരു അത്ഭുതവും തോന്നേണ്ട.

നിശ്ചിത പ്രായം കഴിഞ്ഞിട്ടും കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നത് മാതാപിതാക്കൾക്ക്  തലവേദനയാകുമ്പോള്‍ തന്നെ മൂത്രമൊഴിക്കുന്ന കുട്ടികള്‍ക്കും ഇതു വലിയ അപമാനമായി മാറുന്നുണ്ട് എന്ന് നാം മനസിലാക്കണം. മനപൂര്‍വമല്ല പലരും ഇങ്ങനെ ചെയ്യുന്നത്, അവരറിയാതെയാണ്. മറ്റൊരു വിധത്തിൽപറഞ്ഞാൽ ചില സൈക്കോളജിക്കൽ തകരാറുകളുടെ ഭാഗമായാണ് ഇത്തരത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുന്നത്. മൂത്രം പിടിച്ചുനിര്‍ത്താനുള്ള കഴിവില്ലായ്മയാണ് ഈ പ്രശ്‌നത്തിന്റെ പ്രധാന കാരണം. ചില കുട്ടികളില്‍ നാഡീവ്യൂഹ വ്യവസ്ഥകള്‍ വികസിച്ചു വരുന്നത് വളരെ താമസിച്ചായിരിക്കും അതും ഈ അവസ്ഥയ്ക്കുള്ള ഒരു കാരണമാണ്. മാതാപിതാക്കള്‍ രണ്ടുപേര്‍ക്കും ചെറുപ്പത്തില്‍ ഉറക്കത്തില്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം ഉണ്ടായിരുന്നുവെങ്കില്‍ ആ സ്വഭാവം കുട്ടിക്കും കിട്ടുമെന്നത് ഉറപ്പാണ്.

ഇവയ്ക്ക് പുറമെ പുതിയ അന്തരീക്ഷത്തിലേക്ക് മാറുക,  സ്‌കൂളില്‍ ഉണ്ടാകുന്ന മാനസികസംഘര്‍ഷം എന്നിവ മൂലവും ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന സ്വഭാവം ഉണ്ടാകാം. ഇതിനെല്ലാം പുറമെ മൂത്രനാളത്തിലെ അണുബാധ, പ്രമേഹം, ഹോര്‍മോണ്‍ തകരാറുകള്‍, മാനസിക സംഘര്‍ഷം എന്നിവയും കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കുന്നതിനുള്ള കാരണമാകാം. ഈ സ്വഭാവം മറികടക്കാൻ ജീവിതശൈലിയിലെ ചില നിയന്ത്രണങ്ങൾ കൊണ്ട് സാധിക്കും.

1. കിടക്കുന്നതിന് മുമ്പ് ക്രാന്‍ബെറി ജ്യൂസ് കുടിക്കുക. ക്രാന്‍ബെറിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ മൂത്രനാളിയിലെയും മൂത്രാശയത്തിലെയും അണുബാധ ശമിപ്പിക്കും.

2. പതിവായി വാഴപ്പഴം കഴിക്കുക . ഇതു  മൂത്രം പിടിച്ചുനിര്‍ത്താനുള്ള കഴിവില്ലായ്മയ്ക്ക് പരിഹാരം ആണ്.

3. ദിവസവും രാത്രി ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ കഴിക്കുക

4. കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുട്ടികള്‍ ഉറങ്ങുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക

5. 6  വയസിനു ശേഷവും ഈ ശീലം തുടരുകയാണെങ്കില്‍ ഡോക്ടറെ കാണിച്ചു മൂത്രനാളിയില്‍ എന്തെങ്കിലും അണുബാധയോ മൂത്രത്തില്‍ പ്രമേഹമോ ഉണ്ടോയെന്നു പരിശോധിപ്പിക്കുക