കുരുന്നുകൾ നിറഞ്ഞൊരു പുൽക്കൂട്!!

ക്രിസ്മസ് ആഘോഷങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പുൽക്കൂടൊരുക്കൽ. പണ്ടൊക്കെ ദേവാലയങ്ങളിൽ മാത്രമായിരുന്നു, ഇപ്പോൾ എല്ലാ വീടുകളിലും പുൽക്കൂടൊരുക്കുന്നു. ഉണ്ണിയേശു ജനിച്ചു വീണ കാലിത്തൊഴുത്തും കന്നുകാലികളും മാതാവും ഔസേപ്പ് പിതാവും പൂജകാജാക്കൻമാരും മാലാഖയും നക്ഷത്രവും ഒക്കെ വച്ചാണ് നാം സാധാരണയായി പുൽക്കൂടൊരുക്കുന്നത്. ഉണ്ണിയേശുവിൻറെ ജനനത്തിൻറെ ഓർമ പുതുക്കലാണ് ഒരോ പുൽക്കൂടുകളും. ഇവരുടെയെല്ലാം ചെറു രൂപങ്ങളാണല്ലോ നാം സാധാരണയായി പുൽക്കൂടുകളിൽ ഉപയോഗിക്കുന്നത്.

ഇതിൽ നിന്നും വ്യത്യസ്തമായി കുഞ്ഞു വാവകളെക്കൊണ്ട് പുൽക്കൂടൊരുക്കിയിരിക്കുകയാണൊരു ഫൊട്ടോഗ്രാഫറായ കൊറേലി. ചിൽഡ്രൻസ് ഫൊട്ടോഗ്രഫിയിൽ സ്പെഷ്യലൈസ് ചെയ്യുകയാണ് ഇവർ. ഇത്തവണ ക്രിസ്മസ് എങ്ങനെ വ്യത്യസ്തമായി ആഘോഷിക്കാമെന്ന് തലപുകഞ്ഞപ്പോഴാണ് ഈ സൂപ്പർ ഐ‍ഡിയ ഇവർക്ക് കിട്ടിയത്. വെറുതെ പുൽക്കൂടൊരുക്കുക മാത്രമല്ല കൊറേലി ചെയ്തത് ഒപ്പം അടിപൊളി ഫോട്ടോ ഷൂട്ടുമങ്ങ് നടത്തി.

അതിനായി കുഞ്ഞുങ്ങളെ കണ്ടെത്തുക എന്നതായിരുന്നു ആദ്യ പടി. എട്ട് ദിവസം തൊട്ട് ഇരുപത്തിയാറ് ദിവസം വരെയുള്ള കുഞ്ഞുങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് സെറ്റൊരുക്കി ഇവരെയെല്ലാം ഒരു ദിവസം ഒരുക്കുക എന്നത് അല്പം ശ്രമകരമായിരുന്നു. സഹോദരങ്ങളായ ക്രിസാന്തിയും ലോയിസോസുമാണ് മാതാവും ഔസേപ്പ് പിതാവുമായത്. പൂജരാജാക്കൻമാരും ആട്ടിടയൻമാരും ആടും മാലഖയുമൊക്കെയായി കുരുന്നുകളെ ഒരുക്കി. എല്ലാ കുഞ്ഞുങ്ങളും ഫോട്ടോഷൂട്ടിന് പൂർണമായി സഹകരിച്ചുവെന്നത് അത്ഭുതമായിട്ടാണ് അവർ പറയുന്നത്. കുഞ്ഞുങ്ങളെ ഓരോരുത്തരേയും വളരെ സൂക്ഷിച്ചാണ് ഒരുക്കിയതും ഫോട്ടോഷൂട്ട് ചെയ്തതും. ഓരോർത്തർക്കും ഓരോ സഹായികളിമുണ്ടായിരുന്നു. ഈ സൂപ്പർ ഡ്യൂപ്പർ കുട്ടിമോഡലുകൾ ഇപ്പോൾ താരങ്ങളായിരിക്കുകയാണ്.