നെയ്മറിനും കെയ്‍ലറിനുമൊപ്പം ലോകകപ്പിൽ അവളും!

സെയിന്റ് പീറ്റേഴ്സ് ബർഗിലെ ക്രിസ്റ്റോവ്സ്കി സ്റ്റേഡിയത്തിലെ പുൽമൈതാനത്തിനുതീ പിടിക്കുമ്പോൾ അതിന്റെ ചാരത്ത് അവളുണ്ടാകും. നെയ്മറിന്റെ കാൽപ്പെരുമാറ്റങ്ങൾക്കൊപ്പിച്ച് ആയിരങ്ങൾ ആർത്തു വിളിക്കുമ്പോൾ കെയ്‍ലർ നവാസിന്റെ ത്രസിപ്പിക്കുന്ന സേവുകളിലേക്ക് നെടുവീർപ്പുയുമ്പോൾ എല്ലാത്തിനും മൂക സാക്ഷിയായി അഭിമാനപുരസരം തലയുയർത്തിപ്പിടിച്ചാകും ആ കൊച്ചുമിടുക്കിയുടെ നിൽപ്പ്

കാൽപ്പന്തു കളിയുടെ പറുദീസയൊരുക്കുന്ന റഷ്യയിലെ ലോകകപ്പ് പോരാട്ടങ്ങളിൽ നഥാനിയയുടെ ഭാഗധേയത്തെ മഹാഭാഗ്യമെന്നോ, അപൂർവ്വ നിയോഗമെന്നോ തുടങ്ങി എങ്ങനെ വിശേഷിപ്പിച്ചാലും മതിയാകില്ല. കാരണം കാൽപ്പന്തു പ്രേമികളുടെ സ്വപ്ന ഭൂമിയായി മാറിയ റഷ്യയിൽ ഗ്യാലറിയുടെ ഒരു മൂലയിൽ ഓരം ചേർന്ന് ആർപ്പു വിളിക്കാനല്ല നഥാനിയ എത്തുന്നത്. ഏതൊരു കുട്ടിയും സ്വപ്നം കാണുന്നതിനുമപ്പുറമുള്ള ഒരു വലിയ ഉത്തരവാദിത്തമാണ് ഈ പതിനൊന്നുകാരിയിൽ നിക്ഷിപ്തമായിരിക്കുന്നത്.

സെയിന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേഡിയത്തിൽ ബ്രസീൽ–കോസ്റ്റാറിക്ക് സ്വപ്നപോരാട്ടത്തിനു മുന്നോടിയായി കളിക്കാരോടൊപ്പം മാച്ച് ബോളുമായി നടന്നു മുഖങ്ങളിൽ ഒന്ന് നഥാനിയുടേതായിരിക്കും. ആരും കൊതിച്ചു പോകുന്ന അസുലഭ നിമിഷം!

ഒരു നിമിഷത്തെയല്ല, ഒരു ജന്മം മുഴുവനേക്കും ഓർത്തു വയ്ക്കാവുന്ന അസുലഭ നിമിഷത്തിന്റെ കഥ പറയാനുണ്ട് നഥാനിയയുടെ ഈ നേട്ടത്തിന്. ഒഫിഷ്യൽ മാച്ച് ബോൾ കാരിയർ (ഒഎംബിസി) ആയി ഫിഫ തിരഞ്ഞെടുത്ത രാജ്യത്തെ രണ്ടു പേരിൽ ഒരാളാണ് നഥാനിയയെന്നതു മാത്രം മതി ആ നേട്ടത്തിന്റെ പെരുമ വിളിച്ചോതും. കർണാടക സ്വദേശി ഋഷിതേജ് ആണ് മറ്റൊരാൾ. 1600ല്‍ അധികം അപേക്ഷകരില്‍ നിന്നാണ് ബോള്‍ കാരിയറാകാന്‍ അവസരം ലഭിച്ചതെന്നതും ആ നേട്ടത്തിന്റെ തെളിമ വർദ്ധിപ്പിക്കുന്നു.

ഏഴാം ക്ലാസുകാരി നഥാനിയയുടെ റഷ്യയിലേക്കുള്ള യാത്ര ഒരു സുപ്രഭാതത്തിൽ കൈവന്നതല്ല. നാളുകൾ നീണ്ട പരിശീലനത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും കഥ ഒളിഞ്ഞു കിടപ്പുണ്ട് ആ കൊച്ചു സുന്ദരിയുടെ നേട്ടത്തിനു പിന്നിൽ. മികച്ചൊരു ഫുട്ബോൾ താരം കൂടിയാണ് നഥാനിയ.

ആന്ധ്രപ്രദേശ് മദനപ്പള്ളി ഋഷിവാല ബോർഡിങ് സ്കൂളിലെ വിദ്യാർഥിനി കൂടിയായ നഥാനിയയുടെ സ്പോർട്സ് ആഭിമുഖ്യം തന്നെയാണ് ഈ സ്വപ്ന നേട്ടത്തിനു വളമായത്. എല്ലാത്തിനുമൊപ്പം മാതാപിതാക്കളായ മാത്യു ജോണിന്റെയും സജു ജേക്കബിന്റെയും അകമഴിഞ്ഞ പിന്തുണയും മനസു നിറഞ്ഞ പ്രാർത്ഥനയും.

പത്തനംതിട്ട തിരുവല്ല കണ്ടത്തിൽ കുടുംബാംഗമായ മാത്യുജോണും സജു ജേക്കബും തമിഴ്നാട് കോട്ടഗിരി സ്വദേശികളാണ്. എന്തായാലും പ്രതീക്ഷകൾക്കൊപ്പിച്ച് മകളുടെ സ്വപ്നങ്ങളെയും ചേർത്തു വയ്ക്കുന്ന ഈ അച്ഛനും അമ്മയും ആ അസുലഭ നിമിഷത്തിനായി കാത്തിരിക്കുകയാണ്. അഭിമാന നെറുകയിലേക്ക് നഥാനിയ നടന്നു കയറുമ്പോൾ മലയാളികളും അഭിമാനിക്കും, മനസ്സു നിറഞ്ഞ്.