മാസം തികയാതെ പിറക്കുന്ന കുട്ടികൾക്ക് മ്യൂസിക് തെറപി ഗുണകരം‍, Music therapy, Premature infants, Brain development, Parenting, Parents, Manorama Online

മാസം തികയാതെ പിറക്കുന്ന കുട്ടികൾക്ക് മ്യൂസിക് തെറപി ഗുണകരം‍

ആരാരോ..ആരിരാരോ എന്നു കേൾക്കുമ്പോഴേ കുഞ്ഞിളം ചുണ്ടുകൾ വിടർത്തി കുഞ്ഞ് ചിരിച്ചുതുടങ്ങും. മെല്ലെ മെല്ലെ ആ താരാട്ടിന്റെ താളത്തിൽ ലയിച്ച് സുഖമായി ഉറങ്ങുകയും ചെയ്യും. അമ്മയുടെ സാമീപ്യത്തോടൊപ്പം സംഗീതത്തിന്റെ താളവും ചേർന്നാണ് കുഞ്ഞുറക്കത്തിന് കൂട്ടാകുന്നത്. സംഗീതത്തിന്റെ ഈ ഈ ശക്തി അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും സമയം തികയും മുൻപേ പുറത്തുവരുന്ന കുട്ടികൾക്കും പ്രയോജനകരമാകുമെന്നാണ് പുതിയ പഠനം പറയുന്നത്. മാസം തികയാതെ പിറക്കുന്ന കുട്ടികളെ പ്രത്യേകമൊരുക്കിയ സംഗീതം കേൾപ്പിക്കുമ്പോൾ അവരുടെ തലച്ചോറിലെ ന്യൂറൽ നറ്റ്വർക്കുകൾ കൂടുതൽ വികാസം പ്രാപിക്കുന്നതായി കണ്ടു.

ഗർഭം 32 ആഴ്ച പൂർത്തിയാകുന്നതിനു മുൻപേ പിറക്കുന്ന കുട്ടികളെയാണ് മാസം തികയാതെ പിറക്കുന്നവരായി കണക്കാക്കുന്നത്. പണ്ടത്തേക്കാളും വളരെയധികം നവജാതശിശുപരിചരണം വികസിച്ചു കഴിഞ്ഞു ഇന്ന്. അഞ്ചാം മാസം പിറന്ന കുട്ടിയെ പോലും ഗർഭപാത്രത്തിനു തുല്യമായ കൃത്രിമമായ സംവിധാനത്തിൽ സൂക്ഷിച്ച് രക്ഷിച്ചെടുക്കാൻ കഴിയുമെന്നത് വലിയ മുന്നേറ്റം തന്നെയാണ്. പക്ഷേ, പലപ്പോഴും ഇങ്ങനെ മാസം തികയാതെ പിറന്നുവീഴുന്ന കുട്ടികൾ അതിജീവിച്ചാലും അവരിൽ നാഡീപരവും മാനസികവുമായ ക്രമക്കേടുകൾക്ക് സാധ്യതയുണ്ട്.

ഈ സാഹചര്യത്തിലാണ് ജനീവ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ ഈ കണ്ടെത്തൽ പ്രസക്തമാകുന്നത്. കുട്ടികളിൽ കേൾവിക്കായുള്ള സംവിധാനം നേരത്തേ തന്നെ രൂപപ്പെടുന്നതിനാൽ മൂസിക് നല്ല ഒപ്ഷനാണ്. ഇവരുടെ തലച്ചോറ് വളരെ ലോലമായതിനാൽ ഇവർക്ക് പ്രത്യേകമായി തയാറാക്കിയ സംഗീതമേ കേൾപ്പിക്കാവൂ. ഇന്റൻസീവ് കെയർ യൂണിറ്റിലെ നഴ്സിന്റെ സാന്നിധ്യത്തിൽ പലതരം സംഗീതം കുട്ടികളെ കേൾപ്പിച്ച് അതുണ്ടാക്കുന്ന പ്രതികരണം പഠിച്ചശേഷമാണ് തെറപിക്കുള്ള സംഗീതം നിശ്ചയിച്ചത്. ഇന്ത്യയിലെ പാമ്പാട്ടികളുടെ മകുടിയുടെ സംഗീതമാണ് കുട്ടികളിൽ ഏറ്റവുമധികം പ്രതികരണമുണ്ടാക്കിയത്.

വളരെ അസ്വസ്ഥരായിരുന്ന കുട്ടികളിൽ പലരും ഈ സംഗീതം കേട്ടപാടെ ശാന്തരായി, സാകൂതം ശ്രദ്ധിച്ചു തുടങ്ങി. ഇതോടൊപ്പം ഹാർപ്, ബെൽ എന്നിവയുടെ സംഗീതം കൂടി തിരഞ്ഞെടുത്തു. മ്യൂസിക് തെറപിക്കു ശേഷമുള്ള ആദ്യ ആഴ്ചയിൽ തന്നെ നടത്തിയ ഇമേജിങ് പരിശോധനയിൽ ഇവരുടെ തലച്ചോറിലെ ന്യൂറോൺ നെറ്റ്‌വർക്കുകൾ പൂർണവളർച്ചയെത്തിയ കുട്ടികളുടേതിനു സമാനമായ തലത്തിലേക്ക് വളർച്ചപ്രാപിക്കുന്നതായി കണ്ടു.