കുട്ടികൾ സംഗീതം പഠിക്കണം, കാരണം?

സംഗീതത്തിന് പല മാജിക്കുകളും കാണിക്കാൻ സാധിക്കുമെന്ന് നാമെല്ലാവരും കേട്ടിട്ടുണ്ട്. മനസ് ശാന്തമാക്കാനും, രോഗത്തിൽ നിന്ന് ആശ്വാസമേകാനും എന്തിനേറെപ്പറയുന്നു രോഗമുക്തിയോകാൻ പോലും സംഗീതത്തിന് കഴിയുമത്രേ. അതുപോലെ സംഗീതത്തിന് ബുദ്ധി വികാസവുമായി വളരെ ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. അമേരിക്കയിലെ ലോസെഞ്ചൽസിൽ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ഒരു കൂട്ടം സ്കൂൾക്കുട്ടികളിൽ നടത്തിയ പഠനത്തിലാണ് കൗതുകകരമായ ഈ കണ്ടെത്തൽ

സംഗീതോപകരണം ഉപയോഗിക്കുന്ന കുട്ടിയുടെ ബുദ്ധി വികാസം അത് ഉപയോഗിക്കാത്ത കുട്ടിയുടേതിനേക്കാൾ കൂടുതാലണെന്നാണ് കണ്ടെത്തൽ. അതായത് പിയാനോ ഉപയോഗിക്കുന്ന ഒരാള്‍ സ്വാഭാവികമായും വിരലുകളുടെ മാന്ത്രിക ചലനങ്ങളിൽ നിപുണനായിരിക്കും. അങ്ങനെ അനായാസമായി പിയാനോ വായിക്കാൻ തലച്ചോറിലെ വിവിധഭാഗങ്ങളുടെ ഏകീകൃതമായ പ്രവർത്തനം വേണ്ടിവരും. അത്തരം ഏകീകൃതമായ പ്രവർത്തനം തലച്ചോറിന്റെ വികാസത്തിന് കാരണമാകുമത്രേ.

കാഴ്ചയും കേൾവിയും ചലനങ്ങളും, കേൾവിക്കാരുമായുള്ള സംവേദനവുമൊക്കെ നല്ലൊരു സംഗീത വിരുന്ന് ഉണ്ടാകാൻ അനിവാര്യമാണ്. ഇവയെല്ലാം ഒത്തുചേരുമ്പോൾ അത് തലച്ചോറിന്റെ പ്രവർത്തനത്തേയും ഘടനയേയുമൊക്കെ സ്വാധീനിക്കും. ഏത് തരം സംഗീതം പരിശീലിക്കുന്നവരും ബൗദ്ധിക നിലവാരത്തിലും, ഭാഷയിലും , കണക്കിലുള്ള കഴിവിലും വിദ്യാഭ്യാസത്തിലും മറ്റുള്ളവരേക്കാൾ ഉന്നത നിലവാരം പുലർത്തുന്നവരായിരിക്കും.

വളരെ ചെറുപ്രായത്തിൽ തന്നെ കുട്ടികളെ സംഗീവുമായി ബന്ധമുള്ളവരായി വളർത്തണമെന്നാണ് പഠനം നടത്തിയ ശാസ്ത്രഞർ പറയുന്നത്. സംഗീതമെന്നത് പാട്ട് മാത്രമല്ല, സംഗീതോപകരണങ്ങളുടെ പഠനം ക‌ൂടെയാവണമത്.