ഈ ചിത്രത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ? സൂക്ഷിച്ചുനോക്കിയാൽ അറിയാം ക്രൂരത!

"ഈ ചിത്രത്തിന് എന്തെങ്കിലും പ്രശ്നമുള്ളതായ് ആർക്കെങ്കിലും തോന്നുന്നുണ്ടോ? അതോ എനിക്ക് മാത്രമാണോ അങ്ങനെ തോന്നുന്നത്" പിങ്ക് നിറമുള്ള ഷൂസിട്ട രണ്ട് കു‍ഞ്ഞു കാലുകൾ. പക്ഷേ ആ ഷൂസുകളും കാലുകളും ചേർത്ത് ടേപ്പുപയോഗിച്ച് വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഈ ചിത്രം സമൂഹമാധ്യമങ്ങൾ പങ്കുവച്ചുകൊണ്ട് ജെസീക്ക ഹെയ്സ് എന്ന അമ്മ ചോദിച്ച ചോദ്യമാണ് മുകളിലുള്ളത്.

അമേരിക്കയിലെ നോത്ത് കരോളിനയിലെ ഒരു ഡേ കെയറിലാണ് ജെസീക്ക തന്റെ പതിനേഴ് മാസം പ്രായമുള്ള മകളെ നോക്കാൻ ആക്കുന്നത്. ഒരു ദിവസം കുഞ്ഞിനെ തിരികെയെടുക്കാൻ അവിടെയെത്തിയ ജെസീക്ക കണ്ട കാഴ്ചയാണിത്. കുരുന്നു കാലുകളിലെ ഷൂസ് ടേപ്പ്ചേർത്ത് ഒട്ടിച്ചുവച്ചിരിക്കുന്നു. വരിഞ്ഞു മുറുക്കി ഒട്ടിച്ചിരുന്നതിനാൽ കുഞ്ഞുകാലുകൾ നീരുവച്ച് വീർത്തിരുന്നു, മത്രമല്ല കാലിൽ പാടുകളും.. ഷൂസ് കുഞ്ഞിന്റെ കാലിൽ നിന്നും ഊരിപ്പോകാതിരിക്കാൻ ഡെ കെയർ ജോലിക്കാർ കാണിച്ച ബുദ്ധി.

ജെസീക്ക ഡെ കെയർ അധികൃതരോട് കാര്യം തിരക്കി. കുറ്റക്കാരായ ജോലിക്കാർക്കെതിരെ അവർ അപ്പോൾത്തന്നെ നടപടിയെടുക്കുകയുണ്ടായി. എങ്കിലും കുഞ്ഞുങ്ങളെ ഡെ കെയറിലാക്കുന്ന ഒരോ മാതാപിതാക്കളും ഇതു കാണണമെന്ന ഉദ്ദേശത്തോടെ ജസീക്ക ഊ ചിത്രം പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. മറ്റൊരു കുഞ്ഞിനും ഇതേ ഡെ കെയറിൽ നിന്നു ഇത്തരമൊരനുഭവമുണ്ടായതായി ഒരു മാതാവ് പോസ്റ്റിന് താഴെ പറയുന്നു.

ഡേ കെയർ അധികൃതർ മാന്യമായി പെരുമാറിയെന്നും മേലിൽ‌ ഇത്തരമൊരു സാഹചര്യം ഉണ്ടാകില്ലെന്നു വാക്കു നൽകിയെങ്കിലും ജെസീക്ക പോസ്റ്റ് പിൻവലിക്കാൻ തയാറല്ല. തന്റെ കുഞ്ഞിനുണ്ടായ ദുരനുഭവം മറ്റൊരു കുട്ടിക്കുമുണ്ടാകരുതെന്ന് ജെസീക്ക പറയുന്നു.