എന്തു കൊണ്ട് അമ്മ ഒരു ‘സംഭവം’ ആകുന്നു ?‍, Multitasking mothers, Super powers School open, Tips, Brain development, Parenting, Parents, Manorama Online

എന്തു കൊണ്ട് അമ്മ ഒരു ‘സംഭവം’ ആകുന്നു ?‍

‘അപ്പൂ...മോൻ പിന്നെയും കിടന്നോ, ഇനി വടി എടുക്കണോ അമ്മ...’ ജൂൺ 6 മുതൽ മിക്ക വീടുകളിൽ നിന്നും സമാനമായ ഡയലോഗുകൾ കേൾക്കാം. കളിയും ചിരിയും ആഘോഷവും നിറഞ്ഞു നിന്ന ഒരു അവധിക്കാലം കൂടി അവസാനിക്കുകയാണ്. ‘സ്കൂൾ ഡേയ്സ്’ വീണ്ടും ഇങ്ങെത്തിയതോടെ കുട്ടിക്കുറുമ്പുകളെ ഒരുക്കിയെടുക്കുന്ന ടെൻഷനിലാണ് അമ്മമാർ. കുട്ടികളുടെ ദിനചര്യ, ഭക്ഷണരീതി തുടങ്ങിയവയെല്ലാം അവധി മോഡിലാകും ഇപ്പോൾ. അതൊന്നു മാറ്റിയെടുക്കുകയാണു അമ്മമാർക്കു പുതിയ അധ്യായന വർഷത്തിലുള്ള ആദ്യ ടാസ്ക്. ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലായി ഒരു ലക്ഷത്തോളം കുട്ടികളാണു ജില്ലയിലുള്ളത്. അങ്ങനെയെങ്കിൽ അരലക്ഷത്തിലേറെ അമ്മമാർക്കു ഈ തത്രപ്പാട് ഉറപ്പാണ്.

എന്തു കൊണ്ട് അമ്മ ഒരു ‘സംഭവം’ ആകുന്നു
∙ രാവിലെ എണീറ്റ് പ്രാതൽ തയാറാക്കുന്നതോടെ അമ്മമാരുടെ പണി ആരംഭിക്കും.
∙ കുട്ടികളെ എണീപ്പിക്കലാണു അടുത്ത കലാപരിപാടി. എണീപ്പിച്ചാലും ഇരുന്നും നിന്നും പിന്നെയും ഉറങ്ങുന്ന കുട്ടികൾക്കായി സമയം കൂട്ടി പറയൽ, ഇക്കിളിയിടൽ, കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുഖത്ത് ഒഴിക്കൽ എന്നിങ്ങനെയുള്ള ഒട്ടേറെ പൊടിക്കൈകളുമുണ്ട് അമ്മമാരുടെ പക്കൽ.
∙ അമ്മയുടെ മേൽനോട്ടമുണ്ടെങ്കിൽ പല്ലുതേക്കലും കുളിക്കലും മക്കൾ 15നു മിനിട്ട് കൊണ്ട് തീർക്കും. അല്ലെങ്കിൽ അരമണിക്കൂർ സ്വാഹ!
∙ രാവിലെയുള്ള തിരക്ക് ഒഴിവാക്കുന്നതിനായി യൂണിഫോം തലേന്നു തന്നെ അമ്മമാർ ഇസ്തിരിയിട്ടു വച്ചിട്ടുണ്ടാകും. എന്നാൽ, ഷർട്ടും പാന്റും കോട്ടും ടൈയും അതിനൊപ്പം സോക്സും ഷൂവുമെല്ലാം ധരിപ്പിക്കുന്നതു വലിയൊരു ചടങ്ങു തന്നെയാണ്.
∙ ഭക്ഷണ കാര്യത്തിലാണു മടിയും അടിയുമുണ്ടാക്കുക. കഴിക്കണമെങ്കിൽ ടിവി വയ്ക്കണമെന്നു വാശി പിടിക്കുന്നതു കുട്ടികളെ അടക്കിയൊതുക്കി ഇരുത്തുന്നതിനു അമ്മമാർ നന്നേ പാടുപെടും.
∙ ഇതെല്ലാം കഴിഞ്ഞ് സ്കൂൾ ബസിലോ ഓട്ടോയിലോ, അച്ഛന്റെ ഒപ്പം ബൈക്കിലോ മക്കളെ സ്കൂളിലേക്കയയ്ക്കുമ്പോഴും ‘മോളേ, മോനേ..ഹോം വർക്കെല്ലാം ചെയ്തതല്ലേ?...ലഞ്ച് ബോക്സ് എടുത്തില്ലേ?...വെള്ളം മുഴുവൻ കുടിക്കണേ...’എന്നിങ്ങനെ പറയുന്നതും അമ്മമാർ തന്നെ.
(എൻബി: ബാഗ്, കുട, ബോകസ്, ഷൂസ്, വാട്ടർ ബോട്ടിൽ, നോട്ടുപുസ്തകങ്ങൾ തുടങ്ങിയവയെല്ലാം വാങ്ങലും പാഠപുസ്തകങ്ങൾ പൊതിയലുമായിരുന്നുട്ടോ കഴിഞ്ഞ ആഴ്ചകളിൽ അമ്മമാരുടെ പണി.)

അടുക്കളയും അരങ്ങും ഒന്നിച്ചു നോക്കേണ്ട അമ്മമാരുടെ കാര്യമാണു കൂടുതൽ കഷ്ടം. ജോലിക്കു പോകുന്ന മുൻപ് തന്നെ മക്കളെ റെഡിയാക്കുകയും വീട്ടിലെ പണിയെല്ലാം തീർക്കുകയും വേണം. അവധിക്കാലത്തു ഒന്നു സ്വസ്ഥമായി ഉറങ്ങി ലേശം വൈകി എഴുന്നേറ്റിരുന്നതൊക്കെ അടുത്തയാഴ്ചയോടെ മാറും. സമയക്കുറവ് കാരണം പ്രാതൽ തന്നെ കുട്ടികൾക്കു ഉച്ച നേരത്തേയ്ക്കും കൊടുത്തു വിടുന്നതാണു ന്യൂ ജെൻ അമ്മമാരുടെ ഒരു ട്രിക്. എന്നാൽ, പല സ്കൂളുകളിലും ഉച്ചയ്ക്കു ചോറു തന്നെ കൊണ്ടു വരണമെന്ന നിർബന്ധം വന്നതോടെ ചോറും കറികളും കൂടി പുലർച്ചെ തന്നെയുണ്ടാക്കേണ്ടി വരുന്നുണ്ട് അമ്മമാർക്ക്.

കുരുന്നുകൾക്കും മാതാപിതാക്കൾക്കും സുരക്ഷാ ടിപ്സ്
∙കുട്ടികളുടെ ബാഗിൽ രക്ഷിതാവിന്റെ പേര്, വിലാസം, ഫോൺ നമ്പർ തുടങ്ങിയവ എഴുതി വയ്ക്കണം.
∙കുട്ടികൾക്കു റോഡ് കുറുകേ കടക്കുന്നതിനുള്ള പരിശീലനം നൽകണം.
∙ബസ് യാത്രയിൽ ഫുട്ബോർഡിൽ നിൽക്കരുതെന്നു കുട്ടികളോട് പറയണം.
∙ അപരിചതരുമായി അനാവശ്യമായി ഇടപഴകരുതെന്നു ബോധ്യപ്പെടുത്തണം.
∙കുട്ടികളെ കുത്തിനിറയ്ക്കുന്ന വാഹനങ്ങളിൽ അവരെ അയക്കരുത്.
∙ഇരുചക്രവാഹനങ്ങളിൽ കൊണ്ടുപോകുമ്പോൾ കുട്ടികളെ കുട ചൂടാൻ അനുവദിക്കരുത്.
∙കുട്ടികളുടെ കൈവശം അനാവശ്യമായി പണം നൽകരുത്.
∙സ്കൂളിലേക്ക് അയക്കുമ്പോൾ സ്വർണാഭരണങ്ങൾ കഴിയുന്നതും ഒഴിവാക്കുക.

രണ്ട് അമ്മമാർ സംസാരിക്കുന്നു
‘പ്രാതൽ രാജാവിനെ പോലെ കഴിക്കണമെന്നാണല്ലോ പഴമക്കാർ പറയുന്നത്. എന്നാൽ, ഈ കുട്ടിരാജാക്കന്മാരെ ഒന്നു അടക്കി ഇരുത്തിയിട്ട് വേണ്ടേ ഭക്ഷണം കഴിപ്പിക്കാൻ. രാവിലെ എണീപ്പിക്കുമ്പോൾ ഉള്ള മടിയൊക്കെ ഭക്ഷണം കഴിപ്പിക്കാനെത്തുമ്പോൾ മാറും, പിന്നെ പല വഴിക്കു ഓട്ടമാണു രണ്ടാളും. ഒരുവിധം പിടിച്ചിരുത്തി കഴിപ്പിക്കുമ്പോഴേക്കു സ്കൂൾ ബസ് എത്തും. അതിനിടെ എന്റെ ഒരു വയസ്സുകാരൻ കരയാൻ തുടങ്ങിയിട്ടുണ്ടാവും. കുഞ്ഞുങ്ങളെ ഒരുക്കൽ ചില്ലറ കാര്യമല്ലാട്ടോ...’
കെസിയ അനൂപ്, മണക്കാട് (മക്കൾ നാലിലും ഒന്നിലും പഠിക്കുന്നു)

‘കഴിഞ്ഞ വർഷം വരെ മക്കളെ അയച്ചിരുന്ന സ്കൂളിൽ രാവിലെ 7നു ക്ലാസ് തുടങ്ങുമായിരുന്നു. തലേന്നു തന്നെ ചോറുണ്ടാക്കി വയ്ക്കും. രാവിലെ 5നു എഴുന്നേറ്റ് പ്രാതലും ഒരുക്കും. 5.45നു മക്കളെ എണീപ്പിക്കണം. എന്നാൽ, 5 മിനിറ്റ് കഴിഞ്ഞാൽ സോഫയിൽ കിടപ്പുണ്ടാക്കും അവർ. വീണ്ടും എഴുന്നേൽപ്പിച്ച്, പല്ലു തേപ്പിച്ചു കുളിപ്പിച്ച്, യൂണിഫോമും ഇടീപ്പിച്ചു റെഡിയാക്കണം. ബാഗ് ഒരുക്കൽ അവർ തനിയെ ചെയ്യുമെങ്കിലും, അമ്മേ എന്റെ കണക്ക് ബുക്ക് എവിടെ എന്നൊരു വിളി എപ്പോൾ വേണേലും വരാം! 6.45നു സ്കൂൾ ബസിൽ അയച്ചു കഴിഞ്ഞാൽ, പിന്നെയും റെസ്റ്റ് എടുക്കാൻ എനിക്ക് നേരമില്ല. 7.40നു എന്റെ ജോലി സ്ഥലത്തെത്തണം. ഇക്കൊല്ലം മുതൽ ക്ലാസ് 8.30 മുതലാണെന്നതാണ് ഏക ആശ്വാസം’
സുനിത, മാങ്ങാനം