കുട്ടിയെ ഒന്നാമതാക്കണ്ടേ നമുക്ക്...ഇതാ ആ രഹസ്യം!

ദിപിന്‍ ദാമോദരന്‍


കുട്ടികളെ വളര്‍ത്തേണ്ടതെങ്ങനെയാണ്, അവര്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് എങ്ങനെയാണ്...ഇതിനെയൊന്നും സംബന്ധിച്ച് അത്ര വലിയ ധാരണയൊന്നുമില്ല നമ്മുടെ മാതാപിതാക്കള്‍ക്ക്, അവരെ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്കും. അതുകൊണ്ടാണ്, കെജി ക്ലാസുകളിലോ ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ എല്ലാം പഠിക്കുന്ന കുട്ടികള്‍ ഏതെങ്കിലും വിഷയത്തില്‍ മോശം പ്രകടനം നടത്തുമ്പോഴേക്കും, ഒന്ന് പുറകിലാകുമ്പോഴേക്കും അമ്മമാര്‍ ബഹളം വെക്കാന്‍ കാരണം. 

ടീച്ചര്‍മാര്‍ അവരെ പഴിക്കും, മോശം കുട്ടികളെന്നും വിലയിരുത്തും. ബുദ്ധിയില്ലാത്തവര്‍ എന്നുവരെ പറഞ്ഞ് പാര്‍ശ്വവല്‍ക്കരിക്കും. എന്നാല്‍ എന്താണ് ഒരു കുട്ടിയുടെ ബുദ്ധിയെ നിശ്ചയിക്കുന്ന ഘടകം എന്നതാണ് എപ്പോഴും ഉയരുന്ന പ്രസക്തമായ ചോദ്യം. ഇവിടെയാണ് മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് അഥവാ ബഹുമുഖ ബുദ്ധി എന്ന സിദ്ധാന്തം പ്രസക്തമാകുന്നതും. എല്ലാ അച്ഛനമ്മമാരും അധ്യാപകരും പ്രൈമറി സ്‌കൂളുകളില്‍ കുട്ടികളുമായി ഇടപെഴുകുന്ന ഓരോരുത്തരും മനിസാലക്കിയിരിക്കേണ്ടതാണ് ബഹുമുഖ ബുദ്ധി സിദ്ധാന്തം. 

ലോകത്ത് പലയിടങ്ങളിലുമുള്ള ക്ലാസ് റൂമുകള്‍ ഇപ്പോള്‍ മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായി മാറിക്കൊണ്ടിരിക്കുകയാണ്. കുട്ടികളെ കൂടുതല്‍ അര്‍ത്ഥവത്തായി, ക്രിയാത്മകമായി വളര്‍ത്തിയെടുക്കാന്‍ എങ്കിലേ സാധിക്കൂ എന്നതാണ് വാസ്തവം. 

ബുദ്ധിയെക്കുറിച്ച് നിരവധി തിയറികള്‍ ലോകത്ത് നിലവിലുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ വിലകല്‍പ്പിക്കുന്നത് ഈ ബഹുമുഖ സിദ്ധാന്തങ്ങള്‍ക്കാണ്. ലോകപ്രശസ്ത ഡെവലപ്‌മെന്റ് സൈക്കോളജിസ്റ്റും ഹാര്‍വാര്‍ഡിലെ അധ്യാപകനുമല്ലാമായ ഹൊവാര്‍ഡ് ഗാര്‍ഡ്‌നര്‍ എന്ന അസാമാന്യപ്രതിഭയാണ് ഈ ബഹുമുഖ സിദ്ധാന്തം അവതരിപ്പിച്ചത്. 

എന്താണ് മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ്

ഏകാത്മകമാണ് ബുദ്ധി എന്നായിരുന്നു പണ്ടെല്ലാം നമ്മള്‍ ധരിച്ചുവെച്ചിരുന്നത്. എന്നാല്‍ ഗാര്‍ഡ്‌നറാണ് ഈ സിദ്ധാന്തം പൊളിച്ചടുക്കിയത്. ബുദ്ധി ഏകാത്മകമല്ല, ബഹുമുഖമാണ് എന്നതായിരുന്നു ഗാര്‍ഡ്‌നര്‍ അവതരിപ്പിച്ച സിദ്ധാന്തത്തിന്റെ കാതല്‍. അതായത്, നമ്മള്‍ സാധാരണയായി കുട്ടികളുടെ ബുദ്ധി കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഐക്യു അടിസ്ഥാനപ്പെടുത്തി മാത്രം അവരെ വിധിക്കരുത് എന്ന് സാരം. ഒരു കുട്ടിക്ക്, അല്ലെങ്കില്‍ വ്യക്തിക്ക് ഒമ്പത് തരത്തിലുള്ള ബുദ്ധികളാണുള്ളതെന്ന് ഗാര്‍ഡ്‌നര്‍ പറയുന്നു. പ്രാഥമിക വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകര്‍ ഈ ബഹുമുഖ ബുദ്ധി സിദ്ധാന്തത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവര്‍ ആയിരിക്കണമെന്നാണ് ഈ ലേഖകനുമായി സംസാരിക്കവെ ഗാര്‍ഡ്‌നര്‍ വ്യക്താമാക്കിയത്. 

നിങ്ങളുടെ കുട്ടിക്ക് ഏത് തരത്തിലുള്ള ബുദ്ധിയാണെന്ന് തിരിച്ചറിയാന്‍ ഗാര്‍ഡ്‌നര്‍ അവതരിപ്പിച്ച ഒമ്പത് ബുദ്ധികളെക്കുറിച്ച് പഠിക്കേണ്ടത് അനിവാര്യമാണ്. ഓരോ കുട്ടിക്കും ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും, അതനുസരിച്ച് അവരെ വളര്‍ത്തിയാലേ ജീവിത വിജയം കൈവരിക്കാനാകൂ. അങ്ങനെ നമ്മള്‍ വളര്‍ത്താതിരിക്കുന്നതാണ് ഇപ്പോഴത്തെ നല്ലൊരു ശതമാനം പ്രശ്‌നങ്ങള്‍ക്കും കാരണം. ഏതെല്ലാമാണ് ആ ഒമ്പത് ബുദ്ധികള്‍. 

1. ഭാഷാപരമായ ബുദ്ധി (ലിംഗ്വിസ്റ്റിക് ഇന്റലിജന്‍സ്),
2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി അഥവാ മാത്തമറ്റിക്കല്‍ ഇന്റലിജന്‍സ്,
3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (സ്‌പേഷ്യല്‍ ഇന്റലിജന്‍സ്,
4. ശാരീരിക-ചലനപരമായ ബുദ്ധി (ബോഡിലി-കൈനെസ്‌തെറ്റിക് ഇന്റലിജന്‍സ്),
5. സംഗീതപരമായ ബുദ്ധി (മ്യൂസിക്കല്‍ ഇന്റലിജന്‍സ്),
6. വ്യക്ത്യാന്തര ബുദ്ധി (ഇന്റര്‍പേഴ്‌സണല്‍ ഇന്റലിജന്‍സ്),
7. ആന്തരിക വൈയക്തിക ബുദ്ധി (ഇന്‍ട്രാപേഴ്‌സണല്‍ ഇന്റലിജന്‍സ്),
8. പ്രകൃതിപരമായ ബുദ്ധി (നാച്ചുറലിസ്റ്റ് ഇന്റലിജന്‍സ്),
9. അസ്തിത്വപരമായ ബുദ്ധി (എക്‌സിസ്റ്റന്‍ഷ്യല്‍ ഇന്റലിജന്‍സ്).

ഇതാണ് ഒമ്പത് ബുദ്ധികള്‍. ഓരോന്നിനും വ്യക്തമായ നിര്‍വചനങ്ങളുണ്ട്. ചെറുപ്പത്തിലേ തൊട്ടുള്ള ഒരു കുട്ടിയുടെ സ്വഭാവസവിശേഷതകളില്‍ നിന്ന് നിങ്ങളുടെ കുട്ടിക്ക് ഏത് തരത്തിലുള്ള ബുദ്ധിയാണുള്ളതെന്ന് മനസിലാക്കാന്‍ അത്ര ബുദ്ധിമുട്ടില്ലാതെ സാധിക്കും. അതിനനുസൃതമായി കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരികയാണ് വേണ്ടത്. ഇതിനാണ് യഥാര്‍ത്ഥത്തില്‍ ടീച്ചര്‍മാരും ശ്രമിക്കേണ്ടത്. 

ജീവിക്കുന്ന ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൊവാര്‍ഡ് ഗാര്‍ഡ്‌നറുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ബുദ്ധിയും എത്തരത്തിലുള്ളതാണെന്നും എന്തെല്ലാം ആണ് ആ ബുദ്ധിയുടെ സവിശേഷതകളെന്നും വരുന്ന ലക്കങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്യാം. കുട്ടികളിലെ ഒളിഞ്ഞിരിക്കുന്ന പ്രതിഭ കണ്ടെത്താന്‍ അത് മാതാപിതാക്കളെ സഹായിക്കുമെന്ന് തീര്‍ച്ച.