ഒരു കണ്ണ് തുറന്ന് ഉറങ്ങണം, മുടി മുറിച്ച് വികൃതമാക്കണം; 5 വയസ്സുകാരിയെ വേട്ടയാടി മെമോ, Discipline, Parents, Tips, Teenagers,, Manorama Online, Manorama Online

ഒരു കണ്ണ് തുറന്ന് ഉറങ്ങണം, മുടി മുറിച്ച് വികൃതമാക്കണം; 5 വയസ്സുകാരിയെ വേട്ടയാടി മോമൊ

കുട്ടികളുടെ ജീവനു പോലും ഭീഷണിയുണർത്തുന്ന പല ഗെയിമുകളും ഇന്ന് വ്യാപകമാണ്. അതിൽ പ്രധാനപ്പെട്ടവ ബ്ലൂവെയ്‍ൽ, മോമൊ എന്നീ രണ്ട് ഗെയിമുകളാണ്. ബ്ലൂവെയിൽ കളിച്ച്, അപകടത്തിൽപ്പെട്ടവരും മരണം വരിച്ചവരും നിരവധിയാണ്. ഏറെ ബുദ്ധിമുട്ടിയെങ്കിലും ബ്ലൂവെയ്‍ലിനെ തുടച്ചു നീക്കാൻ ഒരു പരിധി വരെ സാധിച്ചു എന്ന ആശ്വാസത്തിലാണ്‌ പല രാജ്യങ്ങളും അധികൃതരും. ബ്ലൂവെയിലിന്‍റെ സമാന സ്വഭാവവും രീതിയും തന്നെയാണ് മോമൊയ്ക്കും കുട്ടികളുടെ ജീവനു തന്നെയാണ് ഇവിടെയും വെല്ലുവിളി. തുറിച്ച കണ്ണുകളും ചിതറിയ മുടിയുമായി പ്രേതത്തിന്റെ രൂപവും ഭാവവുമാണ് മോമൊ എന്ന കളിയിലെ കഥാപാത്രത്തിന്. അവിചാരിതമായി മോമൊ കളിച്ച് അതിൽ പറഞ്ഞതനുസരിച്ച് തന്റെ നീണ്ട മുടി മുറിച്ച അഞ്ച് വയസ്സുകാരിയുടെ കഥ ഞെട്ടലോടെയാണ് ലോകം കേട്ടത്.

കുട്ടികളുടെ വിഡിയോ പരിപാടികൾ മൊമൊ ഹാക്ക് ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അഞ്ചുവയസ്സുകാരി ജെമ്മ, പെപ്പ പിഗ് എന്ന അനിമേറ്റഡ് പരിപാടി കാണുന്നതിനിടെയാണ് മോമൊയുടെ പിടിലിൽ അകപ്പെട്ടത്. ജെമ്മയുടെ അമ്മ സാം തന്നെയാണ് ഇത് ലോകത്തോട് പറഞ്ഞത്. ഒരു കണ്ണ് തുറന്ന് വേണം ഉറങ്ങാൻ എന്ന നിർദ്ദേശവും മോമൊ ‍ജെമ്മയ്ക്ക് നൽകിയത്രേ. ജെമ്മയുടെ നീളമുള്ള മുടി മുറിച്ച് മോമെയെപ്പോലെ വികൃതമാകാൻ അവളോട് ആവശ്യപ്പെട്ടു. ഇരുവശത്തേയും മുടിമുറിച്ച് കത്രികയുമായി നിൽക്കുന്ന മകളെക്കണ്ട് സാം ആകെ തകർന്നുപോയി. വിശദമായി ചോദിച്ചപ്പോഴാണ് മോമൊയുടെ നിർദ്ദേശപ്രകാരമാണെന്ന് മനസ്സിലായത്.

പെപ്പ പിഗ് മാത്രമാണ് ജെമ്മ കാണുന്ന പരിപാടി, പക്ഷേ മോമൊയുടെ ഇടപെടൽ കുട്ടിയിൽ കടുത്ത മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയതായി സാം പറയുന്നു. മോമൊ കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് മുടിമുറിപ്പിച്ചത്. പൊതുവെ ശാന്തസ്വഭാവക്കാരിയായ ജെമ്മ മോമൊയുടെ പിടിയിലകപ്പെട്ടത് അമ്മയ്ക്ക് കടുത്ത ആഘാതമായി. കുട്ടികളുടെ ഓൺലൈൻ പ്രവർത്തികൾ മാതാപിതാക്കളുടെ കടുത്ത നിരീക്ഷണത്തിൽ വേണമെന്ന് സാം മുന്നറിയിപ്പു നൽകുന്നു. ഒരു അഞ്ചുവയസ്സുകാരിയെപ്പോലും വരുതിയിൽ കൊണ്ടുവരാൻ മോമൊയക്ക് സാധിച്ചുവെന്നത് പേടിപ്പെടുത്തുന്ന കാര്യം തന്നെയാണ്.

രൂപത്തിലും ഭാവത്തിലും ഒരു പ്രേതത്തെ പോലെയാണ് മോമൊ എന്ന കളിയിലെ കഥാപാത്രം. നിങ്ങളെക്കുറിച്ചുള്ളതെല്ലാം ഞാൻ പറഞ്ഞുതരാം എന്നു പറഞ്ഞു കൊണ്ടാണ് കളിയാരംഭിക്കുന്നത്. കഥാപാത്രത്തിന്റെ സംസാരരീതിയും ആദ്യകാഴ്ചയിലെ രൂപവും കുട്ടികളിൽ നിഷേധാത്മക ചിന്തകൾ ഉണർത്തുന്നതിനൊപ്പം രാത്രിയിൽ പേടിസ്വപ്നങ്ങൾ കാണുന്നതിലേക്ക് വഴിവെക്കുമെന്നും തുടർന്നവർ ദേഹത്തു ‌‌‌മുറിവുകൾ ഉണ്ടാക്കി സ്വയം വേദനിക്കുമെന്നും മരണത്തിലേക്ക് നീങ്ങുമെന്നുമാണ് മാനസികാരോഗ്യ വിദഗ്‌ധർ പറയുന്നത്. ഇതുവരെ നിരവധിപേർ ഈ ഗെയിമുമായി മുന്നോട്ട് പോകുന്നെണ്ടെന്നാണ് അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കളിയുടെ ഗുരുതരമായ വശങ്ങളിലേക്ക് വിരൽചൂണ്ടിക്കൊണ്ട് പല മാനസികാരോഗ്യ വിദഗ്ദ്ധരും മുന്നറിയിപ്പുമായി രംഗത്ത് വന്നു കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ പലരും ഈ ഗെയിം കളിക്കുന്നതിന്റെ വിഡിയോകൾ പങ്കുവെച്ചിട്ടുണ്ട്. ബ്ലൂവെയിൽ പോലെ തന്നെ ഇതും അപകടകരമായ അവസ്ഥകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണു വിദഗ്ധരുടെ വാക്കുകൾ. ഇരയാക്കപ്പെട്ടവന് നേരെയുള്ള ആക്രമണങ്ങളുടെ ചിത്രങ്ങൾ അയച്ചുകൊണ്ടാണ് ഗെയിം നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാതെ വരുമ്പോൾ മോമൊ ഭീഷണി ആരംഭിക്കുന്നത്. എല്ലാ ഭാഷയിലും മോമൊ മറുപടി നൽകും.

ഓൺലൈനിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ മാതാപിതാക്കൾ എപ്പോഴും നിരീക്ഷിക്കുകയും അധികസമയം ഫോൺ ഉപയോഗിക്കുന്നതിൽ നിന്നും കുട്ടികളെ വിലക്കുകയും ചെയ്യുക എന്നതാണ് കൊലയാളികളിക്കെതിരെ സ്വീകരിക്കാൻ കഴിയുന്ന ആദ്യനടപടി. ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കുഞ്ഞുങ്ങളുടെ ശേഷിയെ നശിപ്പിക്കുന്നതിൽ ഓൺലൈൻ കളികൾക്കുള്ള പങ്കുചെറുതല്ല. അതുകൊണ്ടു തന്നെ ഇത്തരം കളികളിൽ നിന്നും കുട്ടികളെ നിരുത്സാഹപ്പെടുത്തുന്നതും വിലക്കുന്നതും കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

Summary : Momo Challenge, Suicide Game