ലാലേട്ടാ...അവന്റെ മോഹം സാധിച്ചുകൊടുക്കണം; കരളലിയിക്കും ഈ കഥ

കെ.ആര്‍. വിഷ്ണു രാധന്‍

പുറത്ത് കോരിച്ചൊരിയുന്ന മഴയാണ്. അഭിജിത്തിനെ നെഞ്ചോട് ചേർത്ത് ആ അച്ഛൻ ബസിൽ യാത്ര ചെയ്യുകയാണ്. അവന്റെ സ്കൂളിലേക്കല്ല. ഡയാലിസിസ് ചെയ്യാൻ. കഴിഞ്ഞ അഞ്ചുവർഷമായി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ അവനെ ഡയാലിസിസിന് കൊണ്ടുവരുന്നത് ഈ അച്ഛനാണ്. സ്കൂളിൽ പോകാൻ അവന് കഴിയുന്നില്ല. പക്ഷേ അവന്റെ മുഖത്ത് രോഗത്തിന്റെ അല്ല മറിഞ്ഞ് പൂർണ ആരോഗ്യവാനായ ഒരു ബാലന്റെ തികഞ്ഞ പ്രസരിപ്പാണ്.

പ്രായത്തിന്റെ ചുറുചുറുക്കും ആവേശവും മതിയാവുവോളം അവനിൽ നിറയുന്നു. പക്ഷേ അച്ഛൻ വിജയകുമാരൻ പിള്ളയുടെ നെഞ്ചിലെ കനൽ കെടുത്താൻ ഈ പേമാരിയൊന്നും പോര. അവന്റെ ജീവൻ നിലനിർത്താനുള്ള പെടാപാടിലാണ് ഈ അച്ഛൻ. അഭിജിത്തിന്റെ ഇരുവൃക്കകളും തകരാറിലാണ്. വൃക്ക ദാനം ചെയ്യാൻ അച്ഛൻ തയാറാണ്. പക്ഷേ അതിന്റെ ഭീമമായ ചെലവ് താങ്ങാൻ ഈ കുടുംബത്തിന് കഴിയുന്നില്ല. 15 ലക്ഷം രൂപയോളം വേണ്ടി വരും ഒാപ്പറേഷന്. വൃക്ക മാറ്റിവയ്ക്കുന്നതിന് മുൻപ് മൂത്രസഞ്ചിയ്ക്ക് ഒരു ഒാപ്പറേഷൻ ചെയ്യണം. അത് കഴിഞ്ഞ് മൂന്നുമാസങ്ങൾക്ക് ശേഷം വേണം വൃക്ക മാറ്റിവയ്ക്കാൻ. ഇതിനായി കോയമ്പത്തൂർ പോകണം. എന്നാൽ പണം ഇൗ അച്ഛന് മുന്നിൽ വലിയ പ്രതിസന്ധിയാണ്.

രണ്ട് ആൺമക്കളാണ് വിജയകുമാരൻ പിള്ളയ്ക്ക് .ഇളയവനാണ് അഭിജിത്ത്. മൂത്ത മകൻ വർക്ക്ഷോപ്പിൽ ജോലിക്ക് പോകുകയാണ്. ഹോട്ടൽ തൊഴിലാളിയായ വിജയകുമാരൻ അഭിജിത്തിനെ നോക്കാൻ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ജീവിതത്തിൽ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഇൗ അച്ഛൻ ദൂരെ ഒരു വെളിച്ചം പ്രതീക്ഷിക്കുകയാണ്. മകന്റെ ജീവൻ രക്ഷിക്കുന്ന ദേവദൂതനെ അദ്ദേഹം ഓരോ നിമിഷവും പ്രതീക്ഷിക്കുന്നു.

സോഷ്യൽ മീഡിയകളിൽ അഭിജിത്തിന്റെ വലിയ ആഗ്രഹം ഒരുപാട് പേർ പങ്കുവയ്ക്കുന്നുണ്ട്. രോഗത്തെക്കുറിച്ച് പറയുമ്പോഴുള്ള തിളക്കം ആ കുഞ്ഞിൽ അവന്റെ ഇഷ്ടതാരത്തെ കുറിച്ച് പറയുമ്പോഴും ഉണ്ട്. അവന്റെ ചങ്കും ചങ്കിടിപ്പുമായ മോഹൻലാലിനെ നേരിൽ കാണണം എന്നല്ലാതെ മറ്റൊന്നും അവന് പറയാനില്ല. ചികിൽസയ്ക്ക് എത്ര പണം വേണമെന്നോ രോഗത്തിന്റെ ഗൗരവത്തെ കുറിച്ചോ അവനറിയില്ല. അവന്റെ ലോകത്ത് അവന്റെ നിറമുള്ള സ്വപ്നങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ചടയമംഗലത്തെ മോഹൻലാൽ ഫാൻസ് അംഗങ്ങൾ ഇവനൊപ്പമുണ്ട്. അവർക്ക് പറയാനുള്ളത് ലാലേട്ടനോടാണ്. ലാലേട്ടാ. നിങ്ങൾ അഭിയെകുറിച്ച് അറിയണം. അവന്റെ മോഹം സാധിച്ച് കൊടുക്കണം. കനിവുള്ളരുടെ സഹായത്തിനായി കാത്തിരിക്കുകയാണ് അഭിജിത്ത്. വിജയകുമാരൻ പിള്ള: (അഭിജിത്തിന്റെ അച്ഛൻ) 9745467789 അഭിജിത്ത് വി.ബി, അക്ഷയ, വെട്ടുവഴി, കുരിയോട് (പി ഒ ), ചടയമംഗലം. വിജയകുമാരൻ പിള്ള Account number: 33265941099 IFSC Number: SBIN 0008787