നാല് വയസ്സുകാർ മാത്രമെന്താ ഇങ്ങനെ പെരുമാറുന്നത്?

ഓരോരോ പ്രായത്തിലും കുട്ടികൾക്ക് ഓരോ പ്രത്യേകതകൾ ഉണ്ടാകും. വളരുന്നതനുസരിച്ച് അവരുടെ സ്വഭാവത്തിലും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും. എന്നാൽ നാല് വയസ്സ് എന്നത് വളരെയേറെ പ്രത്യേകതയുള്ള പ്രായമായാണ് അറിയപ്പെടുന്നത്. ഇതെന്താ എൻറെ കുട്ടി ഇങ്ങനെയൊക്കെ പെരുമാറുന്നു എന്ന് ചിന്തിക്കാറുണ്ടോ? താഴെപ്പറയുന്ന സ്വഭാവ വിശേഷങ്ങൾ നാലു വയസ്സുകാരുടെ പ്രത്യേകതകളാണ്.

1. അവർക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല
നാലാം വയസ്സില്‍ അവർ സ്വയം കാര്യങ്ങൾ ചെയ്യാൻ വാശിപിടിക്കുന്നത് കാണാം. സ്വയം വസ്ത്രം ധരിക്കാനും സോക്സിടാനും ഭക്ഷണം കഴിക്കാനുമൊക്കെ അവർ റെഡിയായിരിക്കും, അത് പെർഫെക്ട് ഒന്നുമാകണമെന്നില്ല കേട്ടോ. ചിലർ തനിയെ സാൻഡ് വിച്ച് പോലുള്ള ചെറിയ സ്നാക്സ് പോലുമുണ്ടാക്കാൻ മിടുക്കരായിരിക്കും.
2.രാത്രിയിലെ കരച്ചിൽ മാറി വാശിയായോ?
പാതിരാത്രിയായിരിക്കും അവർക്ക് നിങ്ങളുടെ സഹായം ആവശ്യം വരിക. അവരുടെ പ്രിയപ്പെട്ട ആഹാരത്തിനോ കളിപ്പാട്ടത്തിനോ ഒക്കെ വേണ്ടി പാതിരാത്രിയില്‍ വാശിപിടിക്കുന്നത് കാണാം.
3. എല്ലാം അവർക്കറിയാം
അമ്മയ്ക്കുമച്ഛനും ഒരു കാര്യവും അറിയുകയേയില്ലെന്ന എന്ന മട്ടാണ് ഈ പ്രായത്തില്‍
4. നിങ്ങളുടെ കള്ളത്തരങ്ങളൊക്കെ അവർക്കറിയാം
പുറത്തു പോകുമ്പോൾ അവർ അലമ്പുണ്ടാക്കുമ്പോൾ നിങ്ങൾ പറയാറില്ലേ. ഇങ്ങനാണേൽ ഞാൻ പോകുവാ നീ ഇവിടെ തന്നെ നിന്നോളൂ എന്നൊക്കെ. പക്ഷേ നിങ്ങൾ അങ്ങനെയൊന്നും ചെയ്യാൻ പോകുന്നില്ലെന്ന് അവർക്ക് നന്നായി അറിയാം.
5. അവർക്കെല്ലാം ഓർമയുണ്ടാകും
എന്തെങ്കിലും വാങ്ങിത്തരാമെന്നോ എവിടെയെങ്കിലും കൊണ്ടുപോകാമെന്നോ നിങ്ങൾ വെറുതെയാണെങ്കിലും പറഞ്ഞിട്ടുണ്ടോ. അതവർ മറക്കുകയുമില്ല അത് സാധിക്കുന്നതുവരെ നിങ്ങൾക്ക് സമാധാനം തരികയുമില്ല.
6. എല്ലാ കാര്യങ്ങൾക്കും തർക്കിക്കും
ആകാശം നീലയാണെന്ന് പറഞ്ഞാൽ 'മ്​മ്‌‌മ് പിന്നെ ചിലപ്പോൾ വെളുത്തും, ചിലപ്പോൾ ചാരനിറത്തിലും രാത്രി കറുത്തുമാണ്' ആകാശമെന്നാകും അവരുടെ വാദം.
7. നിരന്തരം ശല്യം ചെയ്യൽ
അവർക്ക് ഒരു ബിസ്ക്കറ്റ് വേണം, നിങ്ങൾ തിരക്കിലായിരിക്കും, ഇപ്പോൾത്തരാം എന്നു പറഞ്ഞാലൊന്നും ഒരു രക്ഷയുമുണ്ടാകില്ല. അത് കിട്ടുന്നത് വരെ ശല്യം ചെയ്തുകൊണ്ടേയിരിക്കും.
8. സംശയങ്ങളുടെ പെരുമഴയാണ്
എന്തിനും ഏതിനും സംശയമാണ് ഈ പ്രായത്തിൽ. ഒരു ഉത്തരത്തിലൊന്നും അവർ അടങ്ങില്ല.
9. കൂട്ടുകാരുമൊത്ത് കളിക്കാനാകും കൂടുതലിഷ്ടം
ഇത്രയും നാൾ നിങ്ങൾക്കൊപ്പം കളിച്ചിരുന്നയാൾ പെട്ടെന്നാകും കൂട്ടുകാരുമൊത്തുള്ള കളികളിൽ താല്പര്യം കാണിക്കുന്നത്.
10. അവർ വളരുന്നത് അറിയാം
അവരിപ്പോള്‍ കുഞ്ഞല്ല. സ്വന്തം വ്യക്തിത്വവും അഭിപ്രായങ്ങളും നർമബോധവും ഒക്കെ വികസിക്കുന്ന പ്രായമാണിത്. അവർക്ക് നിങ്ങളിലുള്ള ആശ്രയത്വം പതിയെ കുറഞ്ഞു വരുന്നത് നിങ്ങൾക്ക് ചെറിയ വിഷമമൊക്കെ ഉണ്ടാക്കുമെങ്കിലും അവരുടെ വളർച്ച കണ്ടു നിൽക്കാൻ നല്ല ഭംഗിതന്നെയാണ്.‍