കണക്കിനോടുള്ള പേടിയാണോ പ്രശ്നം? പരിഹാരമുണ്ട് !

പല വീടുകളിലും മാതാപിതാക്കൾ സ്ഥിരമായി പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ് കുട്ടികൾക്ക് കണക്ക് എന്ന വിഷയത്തോടുള്ള താൽപര്യക്കുറവ്. ബാക്കി എല്ലാ വിഷയങ്ങളും നന്നായി പഠിക്കുന്ന കുട്ടി പോലും കണക്കിൽ ഉഴപ്പുന്നു. ആദ്യമാദ്യം ഇത് പലരും കാര്യമാക്കി എടുക്കാറില്ല. എന്നാൽ മുതിർന്ന ക്ളാസുകളിൽ എത്തും തോറും കണക്കിനോടുള്ള പേടി വലിയൊരു പ്രശ്നമായി മാറുന്നു.

ആദ്യമാദ്യം കണക്ക് എന്ന വിഷയത്തോട് അതൃപ്തിയാണ് കുട്ടികൾ കാണിക്കുക. പിന്നീട് ക്ലാസിൽ ഗണിത പാഠങ്ങൾ പിന്തുടരാതെ വരുന്നു. അങ്ങനെ വരുമ്പോൾ പഠനത്തിലെ തുടർച്ച നഷ്ടപ്പെടും. ഇത് ആ വിഷയത്തെ വെറുക്കുന്നതിന് കാരണമാകും. അങ്ങനെ പഠനത്തെ തന്നെ കണക്കിനോടുള്ള പേടി ബാധിക്കുന്നു. അല്പം ശ്രദ്ധിച്ചാൽ തുടക്കത്തിലേ മാറ്റാൻ കഴിയുന്ന എന്തെങ്കിലും പ്രശ്നമായിരിക്കും കണക്കിനോടുള്ള വലിയ പേടിയായി മാറുന്നത്. ഇത് പരിഹരിക്കുക എന്നതാണ് ആദ്യപടി.

കണക്കിനോടുള്ള പേടി മാറ്റാൻ ‘ഒരു കുട്ടിക്ക് ഒരു അധ്യാപകൻ’ എന്ന പാഠ്യരീതിയാണ് ഗുണകരമാകുക. നല്ല ക്ഷമയോടെ കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ പാഠഭാഗങ്ങൾ പറഞ്ഞു മനസിലാക്കാൻ കഴിവുള്ള അധ്യാപകൻ അല്ലെങ്കിൽ അധ്യാപികയാണ് വേണ്ടത്. ഒരു കാര്യം ഒരിക്കൽ പറഞ്ഞു കൊടുത്താൽ മനസിലാകാത്തത് കുട്ടി ശ്രദ്ധിക്കാത്തത് കൊണ്ട് മാത്രമാകില്ല. ഓരോ വ്യക്തിയിലേയും റീസണിംഗ് സ്‌കിൽ വ്യത്യസ്തമാണ്. ഈ ബോധ്യത്തോടെ വേണം അധ്യാപകർ കണക്കുമായി ബന്ധപ്പെട്ട് കുട്ടികളെ സമീപിക്കുവാൻ.

സങ്കലനവും വ്യവകലനവും ഹരണവും ഗുണനവും ഒക്കെ കാണുമ്പോൾ ഉത്തരം കിട്ടുമോ എന്നൊരു പേടി പലപ്പോഴും കുട്ടികളെ അലട്ടാറുണ്ട്. ഇതിനൊരു പരിഹാരമാണ് ഏകാധ്യാപകൻ മാത്രം പഠിപ്പിക്കുന്ന ഈ അധ്യാപനരീതി. എന്നാൽ ഈ രീതി എപ്പോഴും തുടരേണ്ട ആവശ്യമില്ല. കണക്കുമായി കുട്ടികൾ ചങ്ങാത്തത്തിൽ എത്തുന്നവരെ മാത്രം മതിയാകും ഇത്.

കുട്ടികൾക്ക് കണക്കിനോടുള്ള അപരിചിതത്വം ചെറുപ്പത്തിലേ തന്നെ മാറ്റിയില്ലെങ്കിൽ കുട്ടികൾ കണക്കുമായി ബന്ധപ്പെട്ട ശാസ്ത്ര വിഷയങ്ങളോട് കൂടി മുഖം തിരിക്കുന്ന അവസ്ഥ വരും. ഇതുകൊണ്ടാണ് പണ്ടുള്ളവർ കണക്ക് പഠിക്കാൻ മിടുക്കരായ കുട്ടികൾ എല്ലാ വിഷയത്തിലും മിടുക്കരാണ് എന്ന് പറയുന്നത്.

കേവലം ക്ലാസ് റൂം പഠനം എന്ന രീതി മാറ്റി അല്പം കളിയും ചിരിയും മാതൃകകളുമായി കണക്ക് പഠിക്കാൻ തുടങ്ങിയാൽ കുട്ടികൾ അത് ആസ്വദിക്കുകയും ഒപ്പം ആ വിഷയത്തോട് താല്പര്യം കാണിക്കുകയും ചെയ്യും. ചീത്ത പറഞ്ഞു പഠിപ്പിക്കുക, ഇമ്പോസിഷൻ കൊടുക്കുക, അടിക്കുക തുടങ്ങിയ കാര്യങ്ങൾ ഒന്നും കണക്കിന്റെ കാര്യത്തിൽ വിലപ്പോവില്ല എന്ന് ഓർക്കുക