നഴ്‌സറി കുട്ടികളുടെ അഡാർ മാർഗംകളി! വിഡിയോ

കേരളത്തിലെ സുറിയാനി ക്രൈസ്തവ കലാരൂപങ്ങളിലെ പ്രധാനപ്പെട്ട നൃത്തരൂപമാണ് മാർഗംകളി. ചിട്ടയായ പരിശീലനം ലഭിച്ച മുതിർന്നവരാണ് സാധാരണ മാർഗംകളി അവതരിപ്പിക്കുന്നത്. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമാവുകയാണ് കോട്ടയം മൗണ്ട്കാർമ്മൽ സ്കൂളിലെ ഒരുകൂട്ടം നഴ്സറികുട്ടികളുടെ മാർഗം കളി. കൊച്ചുകുട്ടികൾക്കൊക്കെ മാർഗം കളി വഴങ്ങുമോ? ഇവരീ മാർഗംകളി വേഷത്തിൽ എന്തു ചെയ്യാൻ പോകുന്നു? വല്ല ഡപ്പാം കൂത്തും ആയിരിക്കുമോ എന്നു കരുതാൻ വരട്ടെ....

കാതിൽ കുണുക്കണിഞ്ഞ്, കൈനിറയെ മൈലാഞ്ചിയെഴുതി, പരമ്പരാഗത വേഷമായ ചട്ടയും മുണ്ടുമണിഞ്ഞ് നഴ്‌സറി കുട്ടികൾ എത്തി. മംഗളഗാനം പാടി ചിട്ടയായ ചുവടുകൾ വെച്ച് തുടക്കം തന്നെ കുട്ടികൾ മനോഹരമാക്കി. തുടർന്ന് അഞ്ചാം പാദത്തിലെ കഥയ്ക്കും കുട്ടികൾ ചുവടുവച്ചു.മരമൊടു കല്ലുകൾ കനകം വെള്ളി
മനമിയലും പടി ചെമ്പും ഇരുമ്പും
മറ്റും പല–വക വേണ്ടും പണികൾ
ഇന്തെയ് തത്ത...മഹിമയൊടരുമകൾ എല്ലാം ചെയ്യും...

ചെറിയ ചലനങ്ങൾ പോലും മനോഹരമാക്കി കുട്ടിപ്പട്ടാളം സദസിനെ കയ്യിലെടുത്തു.

എ ഡി 52– ൽ കേരളം സന്ദർശിച്ച തോമാശ്ലീഹായുടെ ചരിത്രമാണ് 13 കുട്ടികൾ ഉൾപ്പെട്ട സംഘം അവതരിപ്പിച്ചത്. മാർഗം കളിയുടെ വിഡിയോകൾ കാണിച്ച് കുട്ടികളിൽ താത്പര്യം വളർ‍ത്തിയ ശേഷമാണ് നൃത്തചുവടുകൾ പഠിപ്പിച്ചത്. മൂന്ന് മാസത്തെ കൃത്യമായ പരിശീലനത്തിലൂടെയാണ് കുട്ടികൾക്ക് ഇത്ര മനോഹരമായി മാർഗം കളി അവതരിപ്പിക്കാൻ സാധിച്ചതെന്നും നഴ്സറി സ്കൂൾ മേധാവി സിസ്റ്റർ ലിസറ്റ് പറഞ്ഞു.

ചിത്രം: ബേബി മാന്നാനം