എല്ലാം അനുവദിച്ച് കൊടുക്കുന്ന മാതാപിതാക്കളാണോ നിങ്ങൾ?

മക്കളെ സ്മാർട്ടായി വളർത്തണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഉണ്ടോ?. എല്ലാ മാതാപിതാക്കളുടെയും ലക്ഷ്യം ഒന്നാണ് തങ്ങളുടെ മക്കളെ മിടുക്കരായി വളർത്തുക. എന്നാൽ അതിന് ഓരോ മാതാപിതാക്കളും സ്വീകരിക്കുന്നത് ഓരോ രീതികളാണ്. മക്കളുടെ നല്ലത് മാത്രം മനസിൽ കാണുന്ന മാതാപിതാക്കൾക്ക് തങ്ങൾ മക്കളെ വളർത്തുന്ന രീതിയുടെ ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിയാൻ കഴിയാതെ പോകാറുമുണ്ട്. മാതാപിതാക്കൾ മക്കളോട് സ്വീകരിക്കുന്ന വ്യത്യസ്ഥ സമീപന രീതികൾ നമ്മുക്ക് പരിശോധിക്കാം. അത് കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്നും.

1. അധികാരികളായി പെരുമാറുന്ന മാതാപിതാക്കൾ (Authoritarian)
"ഞാൻ നിന്നോട് പോകണ്ട എന്നു പറഞ്ഞാൽ അത് കേട്ടാൽ മതി, നീ പോകണ്ട". "മര്യാദയ്ക്ക് ഞാൻ പറയുന്നത് കേട്ടോ ഇല്ലെങ്കിൽ ഒരാഴ്ചത്തേക്ക് നീ ടിവി കാണില്ല." ഇങ്ങനെ അധികാര സ്വരത്തിൽ മക്കൾക്ക് താക്കീതു നൽകുന്ന മാതാപിതാക്കളാണോ നിങ്ങൾ?. ഇവിടെ തീരുമാനങ്ങൾ മാതാപിതാക്കളുടേതാണ്. അത് അനുസരിക്കുക എന്നത് കുട്ടികളുടെ കടമയും. തീരുമാനങ്ങൾ എടുക്കുമ്പോൾ കുട്ടികളുടെ അഭിപ്രായങ്ങൾ പരിഗണിക്കാറുമില്ല.

അധികാരികളായി പെരുമാറുന്ന മാതാപിതാക്കളുടെ കുട്ടികൾ
നിർബന്ധം മൂലം മാതാപിതാക്കളുടെ ആജ്ഞകളെല്ലാം കുട്ടികൾ അനുസരിക്കുമെങ്കിലും ഈ രീതി ആരോഗ്യകരമല്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പുറമെ ഈ കുട്ടികൾ നല്ല അനുസരണശീലമുള്ളവരും നന്നായിപെരുമാറുന്നവരുമാണെന്നു തോന്നുമെങ്കിലും കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദം ശക്തമായിരിക്കും. ഇവരുടെ ആത്മവിശ്വാസം കുറയുകയും സ്വയം തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് പിൻവലിയുകയും ചെയ്യും. ജീവിത്തെയും മാതാപിതാക്കളെയും ദേഷ്യഭാവത്തിൽ സമീപിക്കാനും ഈ സ്വാതന്ത്ര്യമില്ലായ്മ കാരണമാകും.

2. ആധികാരികമായി പെരുമാറുന്ന മാതാപിതാക്കൾ
"നീ പുറത്തു പോകുമ്പോൾ എവിടെയാണ് പോകുന്നതെന്ന് പറഞ്ഞിട്ടു വേണം പോകാൻ", "പെട്ടെന്ന് വലിയ കുട്ടിയാകാനും ആരോഗ്യത്തിനു നല്ലതും ഇതാണ്. ഇത് കഴിച്ചിട്ട് നിനക്ക് ഇഷ്ടമുള്ള ബിസ്കറ്റ് കഴിക്കാം". കർക്കശ നിയന്ത്രണത്തിനും പൂർണ്ണ സ്വാതന്ത്രത്തിനും ഇടയിലുള്ള മാതാപിതാക്കൾ. ഇവിടെ കുട്ടികളുടെ താൽപര്യങ്ങളും അഭിപ്രായങ്ങളും പരിഗണിക്കപ്പെടുന്നു.

ആധികാരികമായി പെരുമാറുന്ന മാതാപിതാക്കളുടെ കുട്ടികൾ
കൂടുതൽ ആത്മവിശ്വാസവും സന്തോഷവും ഉള്ളവരായിരിക്കും ഇത്തരം മാതാപിതാക്കളുടെ കുട്ടികൾ, നന്നായി പെരുമാറുന്നവരും, സമൂഹം അംഗീകരിക്കുന്നവരുമായിരിക്കും പഠനത്തിൽ വിജയം നേടുന്നവരുമായിരിക്കും ഇവർ. സാഹചര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതിലും സ്വയം തീരുമാനം എടുക്കുന്നതിലും മിടുക്കരായിരിക്കും ഇവർ.

3. എല്ലാം അനുവദിച്ച് കൊടുക്കുന്ന മാതാപിതാക്കൾ
"അവൻ കുട്ടിയല്ലേ അതുകൊണ്ടല്ലേ അങ്ങനെ പെരുമാറിയത്" കുട്ടികൾക്ക് എന്തും ചെയ്യാൻ സ്വാതന്ത്ര്യം അനുവദിച്ച് കൊടുക്കുന്നു. കുട്ടികളോട് അതിരില്ലാത്ത വാത്സല്യവും സ്നേഹവും പ്രകടിപ്പിക്കുന്ന ഈ മാതാപിതാക്കൾ കുട്ടികളുടെ നല്ല കൂട്ടുകാരുമായിരിക്കും. ഗുണത്തോടൊപ്പം തന്നെ ദോഷങ്ങളും ഈ രീതിക്കുണ്ട്.

എല്ലാം അനുവദിച്ച് കൊടുക്കുന്ന മാതാപിതാക്കളുടെ മക്കൾ പഠനകാര്യങ്ങളിലും മാനസികമായും ഇവർ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. എന്തുചെയ്യണമെന്നോ എങ്ങനെ പെരുമാറണമെന്നോ വ്യക്തമായ മാർഗ നിർദേശങ്ങൾ ലഭിച്ചിട്ടില്ലാത്തതിനാൽ ഇവർ പലപ്പോഴും പ്രതിസന്ധിയിലാകുന്നു. നിയന്ത്രണങ്ങൾ ശീലമില്ലാത്ത ഇവർക്ക് സ്കൂളും സമൂഹവും ഒക്കെ പ്രശ്നങ്ങളാവുന്നു.

4. ഒന്നിലും ഇടപെടാത്ത മാതാപിതാക്കൾ
മക്കളുടെ കാര്യത്തിൽ അധികം ഇടപെടാത്തവരാണ് ഇവർ. പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണവും താമസവും വിദ്യാഭ്യസവും നൽകും. കുട്ടികൾ തന്നെ വളരുമെന്നാണ് ഇവരുടെ ചിന്ത. ഏറ്റവും അപകടകരമായ പേരന്റിംഗ് രീതിയാണ് ഇത്. ഇങ്ങനെ വളരുന്ന കുട്ടികൾ വിഷാദസ്വഭാവമുള്ളവരും, ആത്മവിശ്വാസമില്ലാത്തവരും, പല സ്വഭാവ വൈകല്ല്യങ്ങൾ ഉള്ളവരുമായിരിക്കും. സ്വയം ഉൾവലിയുന്ന ഈ കുട്ടികൾക്ക് സമൂഹത്തേയും മറ്റുള്ളവരെയും ഭയമായിരിക്കും.