കുഞ്ഞ് അലക്സ് രോഗത്തോടു പൊരുതിയ ‘മധുരമുള്ള’ ആ വഴി

കാൻസർ ബാധിച്ചു മരിക്കുമ്പോൾ അലക്സ് സ്കോട്ട് എന്ന ബാലികയ്ക്ക് എട്ടായിരുന്നു പ്രായം. തീരെ കുഞ്ഞായിരിക്കുമ്പോൾത്തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തി. രോഗത്തെ അതിജീവിക്കാൻ തന്നാലാവുംവിധം അവൾ ശ്രമിച്ചു. ജീവിതത്തോടു പൊരുതിനിൽക്കാൻ അവൾ കണ്ടെത്തിയ വഴി ഒരു ലെമണെഡ് സ്റ്റാൻഡ് ആയിരുന്നു. ആവശ്യക്കാർക്ക് നാരങ്ങാവെള്ളം വിളമ്പിയ ആ ചെറുസംരംഭത്തെക്കുറിച്ച് കേട്ടറിഞ്ഞവരുടെ പ്രോത്സാഹനം കൂടിയായപ്പോൾ 2000 ഡോളർ വരെ വരുമാനമുണ്ടാക്കാൻ അലക്സിനും അവളുടെ ലെമണെഡ് സ്റ്റാൻഡിനും കഴിഞ്ഞു. അങ്ങനെ സ്വരുക്കൂട്ടിയ പണം തന്നെപ്പോലെ കാൻസർ ബാധിച്ചവരെ സഹായിക്കാൻ അവൾ ഉപയോഗിച്ചു. എട്ടാം വയസ്സിൽ അലക്സ് വിടപറഞ്ഞെങ്കിലും കാൻസർ ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കുവേണ്ടി പണം സ്വരൂപിക്കാനുള്ള ചുമതല അവളുടെ കുടുംബം ഏറ്റെടുത്തു. അവളുടെ ഓർമകൾക്കും സ്വപ്നത്തിനും അവർ നൽകിയ പേരാണ് അലക്സ് ലെമണെഡ് സ്റ്റാൻഡ് ഫൌണ്ടേഷൻ. ലോകം മുഴുവനുമുള്ള നല്ല മനസ്സിനുടമകൾ ആ സംരംഭത്തെ മികച്ച രീതിയിൽ പ്രോത്സാഹിപ്പിച്ചു. പീഡിയാട്രിക് കാൻസർ ബാധിച്ച കുഞ്ഞുങ്ങളെ അന്നുമുതലിന്നോളം സഹായിക്കുന്നുണ്ട് അലക്സ് ലെമണെഡ് സ്റ്റാൻഡ് ഫൌണ്ടേഷൻ.

അലക്സ് കാണിച്ച വഴിയിലൂടെ ധനം സമ്പാദിക്കുന്ന നിരവധി കുഞ്ഞുങ്ങൾ ഇപ്പോഴും അമേരിക്കയിലുണ്ട്. ബ്രെൻഡൻ മുൽവാനെയ് എന്ന ഏഴു വയസ്സുകാരനും അലക്സ് സ്കോട്ടിനെ പിൻപറ്റി ഈയടുത്തിടെ ഒരു ലെമണെഡ് സ്റ്റാൻഡ് ആരംഭിച്ചെങ്കിലും നേരിടേണ്ടി വന്നത് നിരാശ നിറഞ്ഞ അനുഭവങ്ങളാണ്. തന്റെ കുടുംബവീടിന്റെ പോർച്ചിലാണ് ബ്രെൻഡൻ ലെമണെഡ് സ്റ്റാൻഡ് ആരംഭിച്ചത്. വില വളരെ കുറച്ചാണ് വിൽക്കുന്നതെന്ന കാരണം പറഞ്ഞ് തൊട്ടടുത്തുള്ള സറാടോഗ കൗണ്ടിയിലെ വ്യാപാരികൾ നൽകിയ പരാതിയിൽ ആ ഏഴുവയസ്സുകാരന്റെ കുഞ്ഞുസംരംഭത്തിന് ആരോഗ്യ വകുപ്പധികൃതർ താഴിട്ടു. ആരോഗ്യവകുപ്പിന്റെ ടീ ഷർട്ട് അണിഞ്ഞു വന്ന ഒരു സ്ത്രീയാണ് ബ്രെൻഡന്റെ കടയടപ്പിച്ചത്. ആ ബാലന്റെ കുടുംബത്തിന് ഇത്തരം പാനീയങ്ങളോ ആഹാര സാധനങ്ങളോ വിൽക്കാനുള്ള ലൈസൻസില്ല എന്നതാണ് കടയടപ്പിച്ചതിനു കാരണം പറഞ്ഞത്.

ഈ നീക്കത്തിനെതിരെ വ്യാപകമായി വിമർശനങ്ങളുയർന്നപ്പോൾ, പാനീയങ്ങൾ വിൽക്കുന്നതിന് തങ്ങൾ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന ന്യായീകരണവുമായി ആരോഗ്യവകുപ്പധികൃതർ മുന്നോട്ടുവന്നു. സാഹചര്യങ്ങൾ മനസ്സിലാക്കി വരുന്നതേയുള്ളെന്നും ഇത്തരം കടകൾക്ക് അനുമതി നൽകുകയോ അവയെ നിരീക്ഷിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ, അനുമതിയുണ്ടെങ്കിൽ മാത്രമേ ഇത്തരം പാനീയങ്ങളും ആഹാരസാധനങ്ങളും വിൽക്കാൻ കഴിയൂ എന്ന നിലപാടിലേക്ക് അധികൃതർ മലക്കംമറിഞ്ഞു.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാനെന്നിരിക്കെ, ബ്രെൻഡന് തന്റെ ലെമണെഡ് സ്റ്റാൻഡ് ബിസിനസ് പുനരാരംഭിക്കാൻ ഒരു വർഷത്തേക്ക് 30 ഡോളർ നൽകി പെര്മിറ്റ് എടുത്താൽ മതിയാകും. പെർമിറ്റ് സ്വന്തമാക്കാൻ ബ്രെൻഡനെയും കുടുംബത്തെയും സഹായിക്കുമെന്ന് ഒരു ഏജൻസി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.