ഇസ്രയേല്‍ ക്രൂരതയുടെ കുരുന്നുമുഖമായി ലൈല

പാലസ്തീനിലെ ഇസ്രയേല്‍ ക്രൂരതയുടെ കുരുന്നുമുഖമായി എട്ടുമാസം പ്രായമുള്ള ലൈല. കണ്ണീര്‍വാതകം ശ്വസിച്ചാണ് ലൈലയുടെ മരണമെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജെറുസലേമില്‍ യുഎസ് എംബസി തുറക്കുന്നതിന്‍റെ ഭാഗമായി ഗാസ അതിര്‍ത്തിയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെയാണ് ഈ കുരുന്നുകുരുതി. പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത അറുപതോളം പാലസ്തീനികളെ വെടിവെച്ചുകൊന്ന ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് ലൈല ലോകത്തെ കണ്ണീരണിയിക്കുന്നത്.

ഗസയിലെ കൂട്ടക്കുരുതിയുടെ കുരന്നുമുഖമായാണ് ലൈലയെ ലോകം ഉയര്‍ത്തിക്കാണിക്കുന്നത്. ലൈലയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ക്കുനേരെ പ്രയോഗിച്ച കണ്ണീര്‍വാതകം ശ്വസിച്ചാണ് ലൈലയുടെ മരണം.

ഗസയിലെ അല്‍ ഷാതി സ്വദേശികളാണ് ലൈലയും കുടുംബവും. നിരവധി പേര്‍ ലൈലയുടെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പാലസ്തീന്‍‌ പതാകയില്‍ പൊതിഞ്ഞായിരുന്നു ലൈലയുടെ ശവസംസ്കാരം.

കഴിഞ്ഞ ദിവസം പാലസ്തീനിലെ വീല്‍ചെയര്‍ പോരാളി ഫാദി അബു സലാഹിനെ വെടിവെച്ചുകൊന്ന ഇസ്രായേല്‍ നടപടി വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. 2008ലെ ഗാസ യുദ്ധത്തില്‍ രണ്ടുകാലും നഷ്ടപ്പെട്ട സലായുടെ വീല്‍ചെയര്‍ പോരാട്ടങ്ങള്‍ ലോകശ്രദ്ധ നേടിയിരുന്നു.

നിരായുധരായ പാലസ്തീനികളെ വംശഹത്യ ചെയ്യാനുള്ള നീക്കങ്ങളാണ് ഇസ്രായേല്‍ സൈന്യം നടത്തുന്നതെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചു. പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമെന്നായിരുന്നു പാലസത്രീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ പ്രതികരണം. അതേസമയം സംഭവത്തെ ന്യായീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍‌ നെതന്യാഹു രംഗത്തെത്തി. സ്വയം പ്രതിരോധത്തിന്‍റെ ഭാഗമായാണ് ഇസ്രയേല്‍ പ്രവര്‍ത്തിക്കുന്നത്. ആയിരങ്ങളെ അതിര്‍ത്തിയിലേക്ക് പറഞ്ഞുവിട്ട് പ്രകോപനം സൃഷ്ടിക്കാനാണ് ഭീകരസംഘടനയായ ഹമാസിന്‍റെ ലക്ഷ്യം. ഇനിയും ഉറച്ച നടപടികളുമായി മുന്നോട്ടുപോകുമെന്നും നെതന്യാഹു പറഞ്ഞു.