കുഞ്ഞുണ്ടാകില്ലെന്ന് കരുതി 50 ലക്ഷത്തിന്‍റെ പാവകള്‍ വാങ്ങി, ഒടുവില്‍!

കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന് കരുതി യുവതി വാങ്ങിക്കൂട്ടിയത് അമ്പത് ലക്ഷം രൂപയുടെ പാവക്കുട്ടികളെ. വിക്ടോറിയ ആൻഡ്രൂസ് എന്ന ന്യൂബെറി സ്വദേശിനിയാണ് പാവകൾ വാങ്ങാനായി അമ്പത് ലക്ഷം രൂപ മുടക്കിയത്. പി.സി.ഒ.എസ്(polycystic ovary syndrome )എന്ന രോഗത്തെ തുടര്‍ന്ന് ഒരിക്കലും കുഞ്ഞുങ്ങളുണ്ടാകില്ലെന്നാണ് വിക്ടോറിയ കരുതിയിരുന്നത്. അതോടെയാണ് പാവകളെ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയത്. അതും ജീവനുള്ള തരം 40 റീബോണ്‍ പാവകള്‍.

എന്നാല്‍, കഴിഞ്ഞ വര്‍ഷം താന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ വിക്ടോറിയ അമ്പരന്നു. മേയ് മാസത്തിലാണ് അവരുടെ മകന്‍ ടോബിയെന്ന് വിളിക്കുന്ന ടോബിയാസ് ജനിച്ചത്. ടോബി 41–ാമത്തെ കുട്ടിയാണെന്നും, കുഞ്ഞിന് 40 സഹോദരങ്ങളുണ്ടെന്നുമാണ് ഇവർ പറയുന്നത്. ഓരോ പാവകളെയും മക്കളെപ്പോലെ തന്നെയാണ് ഇവർ കാണുന്നത്.

പതിനാറാമത്തെ വയസിലാണ് ഇവര്‍ക്ക് പിസിഒഎസ് തിരിച്ചറിയുന്നത്. അതോടെ കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് കരുതി. അങ്ങനെയാണ് വില കൂടിയ പാവകള്‍ വാങ്ങിത്തുടങ്ങിയത്. ടോബിയുടെ തൂക്കവും വലിപ്പവുമുള്ള ഒരു പാവക്കുഞ്ഞുമുണ്ട്. ടോബി ആ പാവക്കുഞ്ഞിനെ സൂക്ഷിച്ചുനോക്കാറുണ്ടെന്നും വിക്ടോറിയ പറയുന്നു. ടോബിയുടെ ട്വിന്‍ ബ്രദറെന്നാണ് പാവക്കുഞ്ഞിനെ വിളിക്കുന്നത്. ടോബിയുടെ വരവോടെ പാവക്കുഞ്ഞുങ്ങളെ നോക്കാൻ അധികം സമയം ലഭിക്കാറില്ല. എങ്കിലും അവയെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് വിക്ടോറിയ പറയുന്നു.