ഇന്നസെന്റും നമിച്ചുപോകും ഈ കൊച്ചുകിട്ടുണ്ണി ചേട്ടനു മുന്നില്‍ !

ലോട്ടറി എന്നു കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്നത് കിലുക്കം സിനിമയില്‍ ഇന്നസെന്റ് അവതരിപ്പിച്ച കിട്ടുണ്ണി ചേട്ടനെയായിരിക്കും. വീട്ടുവേലക്കാരന്റെ ജോലിയിൽ നിന്നും മുക്തി നേടാനും മുതലാളിയോടു നാലെണ്ണം പറയാനുമൊക്കെ കൊതിക്കുന്ന കിട്ടുണ്ണി ചേട്ടൻ പണക്കാരാനാകാൻ മോഹിച്ചാണ് ലോട്ടറിയെടുക്കുന്നത്. അടിച്ചു മോളേ എന്നു പറഞ്ഞ് ചിരിച്ചും കരഞ്ഞും ബോധംകെട്ടുവീഴുന്ന ഒരു കൊച്ചുകിട്ടുണ്ണി ചേട്ടനാണ് ഇന്ന് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.ചിത്രത്തിൽ ഇന്നസെന്റ് അവതരിപ്പിച്ച േലാട്ടറിയടിക്കുന്ന രംഗത്തെ രസമൊട്ടും ചോരാതെ അവതരിപ്പിച്ചിരിക്കുകയാണ് അഞ്ചോ ആറോ വയസ്സു തോന്നിക്കുന്ന ഒരു കുട്ടിക്കുറുമ്പൻ. ഡബ്സ്മാഷ് വിഡിയോക്കു ചുണ്ടനക്കിയല്ല കക്ഷി താരമായത്, സ്വന്തം ശബ്ദത്തിൽ തന്നെയാണ് പെർഫോമൻസ്. കിട്ടുണ്ണി ചേട്ടന്റെ വോയ്സ് മോഡുലേഷൻ പോലും തെല്ലും തെറ്റാതെയാണ് ഈ വിരുതൻ അവതരിപ്പിച്ചിരിക്കുന്നതെന്നു വിഡിയോയിൽ കാണാം.

ഡയലോഗുകളിൽ ഒരുവരിപോലും തെറ്റാതെയും അതേ ഭാവത്തോടെയും അവതരിപ്പിച്ച മിടുക്കന് സമൂഹമാധ്യമത്തിൽ അഭിനന്ദനങ്ങൾ നിറയുകയാണ്. ഇപ്പോഴേ ഇവൻ ഇത്രയ്ക്കു തകർക്കുന്നുണ്ടെങ്കിൽ വലുതാകുമ്പോൾ പിന്നെ പറയേണ്ട കാര്യമുണ്ടോ എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഇന്നസെന്റ് പോലും നമിച്ചു പോകുന്ന അഭിനയം എന്നും പറയുന്നവരുണ്ട്. എന്തായാലും കൊച്ചുകിട്ടുണ്ണി ചേട്ടൻ ഓൺലൈൻ ലോകത്തു ഹിറ്റാണ്.