അടിക്കുറിപ്പ് വേണ്ടാത്ത ചിത്രം; ഇവനും കേരളം ചിരിക്കുന്ന ‘ചിരി’യുടെ ഉടമ

‘ഇൗ ചിത്രത്തിന് അടിക്കുറിപ്പിന്റെ ആവശ്യമില്ല’. സോഷ്യല്‍ ലോകത്ത് താഴെ എഴുതിചേർത്ത ഇൗ വാചകമാണ് ഇൗ മനോഹരചിത്രത്തിന്റെ അടിക്കുറിപ്പ്. പ്രളയദുരിതത്തിൽ നിന്നു കരകയറാൻ പെരുതുന്ന കേരളത്തിന് കുഞ്ഞുകൈതാങ്ങുകളാണ് ഏറെ പ്രചോദനം. അത്തരം വാർത്തകളുടെ ‘പ്രളയ’മാണ് രണ്ടുനാളായി. ഇൗ വാർത്തകൾ പ്രചോദനമാകുന്നു എന്നതിന് ഇൗ ചിത്രത്തിനപ്പുറം തെളിവുവേണ്ടെന്നാണ് ചർച്ച.

ദുരിതാശ്വാസ ക്യാംപിലേക്കുളള സാധനങ്ങളുമായി എത്തുന്ന ഒരു കൊച്ചു പയ്യന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു സഞ്ചിയിൽ സാധനങ്ങളും തൂക്കി പിടിച്ച് കളക്ഷൻ പോയിന്റിലേക്ക് നടക്കുകയാണ് ഇൗ കുട്ടി. അവിടെയുണ്ടായിരുന്ന വ്യക്തിയുടെ കയ്യിൽ സാധനങ്ങൾ നൽകുന്ന ചിത്രവും കൂട്ടത്തിലുണ്ട്.

അവന്റെ മുഖത്ത് വിരിയുന്ന ചിരിയാണ് കേരളത്തിന്റെ അതിജീവനത്തിന്റെ നേർചിത്രം. ചില ചിത്രങ്ങൾക്ക് അടിക്കുറിപ്പിന്റെ ആവശ്യമില്ലെന്നു പറഞ്ഞ് ഈ ചിത്രം ട്വിറ്ററിൽ പങ്കുവച്ചതോടെ ഇൗ മിടുക്കന്‍ താരമായി. ‍