കേരളത്തെ ഞെട്ടിച്ച് കുഞ്ഞുജോഷ്വയുടെ മറുപടി

പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങൾ ചെലവഴിക്കാണെങ്കിൽ അത് ആരായിരിക്കുമെന്ന ഗൃഹപാഠത്തിന്റെ ചോദ്യത്തിന് ഒൻപതുവയസുളള ജോഷ്വയ്ക്ക് രണ്ടാമത് ഒന്നും ആലോചിക്കേണ്ടി വന്നില്ല. നിരവധി ആളുകളുടെ ജീവൻ രക്ഷിച്ച കേരളത്തിലെ പ്രശ്സതനായ മത്സ്യത്തൊഴിലാളിക്കൊപ്പം ചിലവഴിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് ജോഷ്വാ കുറിച്ചു. ക്വീന്‍സ്‌ലാന്‍ഡിലെ ലേഡി ഓഫ് ലൂര്‍ദ്‌സ് കാത്തലിക് സ്‌കൂളിലെ മൂന്നാം ഗ്രേഡ് വിദ്യാര്‍ഥിയാണ് ജോഷ്വ. ജനിച്ചതും വളർന്നതുമെല്ലാം ഓസ്ട്രേലിയയിൽ.

അയാൾ സ്വന്തം ഭക്ഷണമാണ് അവർക്ക് നൽകിയത്. സ്വന്തം ജീവൻ പണയപ്പെടുത്തി. സമ്മാനമായി വാഗ്ദാനം ചെയ്ത പണം നിരസിച്ചു. പകരം പ്രാർത്ഥനകൾ ആവശ്യപ്പെട്ടു. എങ്ങനെ അയാളെ പോലെ വിനയമുളള ഒരു മനുഷ്യനാകമെന്ന് പഠിക്കാനാണ് അയാൾക്കൊപ്പം ഒരു ദിവസം ചിലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നത് ജോഷ്വാ നോട്ട്ബുക്കിൽ കുറിച്ചു. ജോഷ്വയുടെ അമ്മയുടെ സഹോദരൻ കോശി വൈദ്യന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജോഷ്വയുടെ നൻമ ലോകമറിഞ്ഞ്. പത്തനംതിട്ട കോഴഞ്ചേരി തെക്കേമല സ്വദേശികളും നിലവിൽ ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നവരുമാണ് ജോഷ്വയുടെ മാതാപിതാക്കൾ.

കേരളത്തിനൊരു സൈന്യമുണ്ട്, നമ്മുടെ സ്വന്തം മത്സ്യത്തൊഴിലാളികൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ. സ്വന്തം ജീവൻ പോലും പണയം വെച്ച് ദുരിതമുഖത്ത് ഓടിയെത്തിയവർ. ചേർത്തുനിർത്തലുകൾക്കും ഭംഗി വാക്കുകൾക്കും കാത്തുനിൽക്കാത്തവർ. മത്സ്യത്തൊഴിലാളികളെന്ന് പേരിട്ടു കേരളം മാറ്റി നിർത്തിയവരെ കേരളജനത ചേർത്തു നിർത്തുന്നതാണ് പ്രളയത്തിൽ കണ്ട ഏറ്റവും നല്ല കാഴ്ച. അത് അങ്ങുദൂരെ ഓസ്ട്രേലിയയിൽ ഇരുന്ന് മനസ്സിലാക്കിയ കുഞ്ഞു ജോഷ്വയ്ക്ക് അഭിന്ദന പ്രവാഹമാണിപ്പോൾ.