തൈമൂർ അച്ഛനെപ്പോലെ നടനാകണ്ട: കരീന

കരീനയുടെയും സെയ്ഫിന്റേയും പൊന്നോമന പുത്രൻ തൈമൂറിനെ സ്റ്റാർ കിഡ് ആയി വളർത്താൻ തനിക്ക് താല്‍പര്യമില്ലെന്ന് കരീന പലതവണ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോളിതാ തൈമൂർ വളർന്നു വലുതാകുമ്പോൾ അവൻ ആരായിത്തീരണമെന്ന ആഗ്രഹം പങ്കുവച്ചിരിക്കുകയാണ് അമ്മ കരീന. സാധാരണ സിനിമാഫീൽഡിൽ കണ്ടു വരുന്നത്, അച്ഛനമ്മമാരെ പിന്തുടർന്ന് മക്കളും അവിടെ തന്നെയെത്തുന്നതാണ്. എന്നാൽ തൈമൂർ സിനിമയിലെത്തുന്നതിനോട് കരീനയ്ക്ക് താൽ‌പര്യമില്ല. തൈമൂർ അച്ഛനെപ്പോലെ നടനാകാകാനല്ല മുത്തച്ഛനെപ്പോലെ ക്രിക്കറ്റ് താരമായി കാണാനാണ് കരീനയ്ക്കിഷ്ടം.

സെയ്ഫിന്റെ അച്ഛൻ മൻസൂർ അലിഖാൻ പടൗഡി ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്നല്ലോ. പടൗഡിയിലെ കുഞ്ഞു നവാബിന് പറ്റിയ പ്രൊഫഷൻ തന്നെയാണിതെന്നാണ് കരീനയുടെ അഭിപ്രായം. എന്തായാലും തൈമൂർ വെള്ളിത്തിര കീഴടക്കുമോ അതോ കളിക്കളം അടക്കിവാഴുമോയെന്ന് കാത്തിരുന്നു കാണാം.

കഴിഞ്ഞ ദിവസം ഷാരൂഖും ഈ ചോദ്യം നേരിട്ടിരുന്നു. അബ്രാം ഭാവിയിൽ ഒരു ഹോക്കി താരമാകണമെന്നാണ് തന്റെ സ്വപ്നം എന്ന് അദ്ദേഹം പറ‍ഞ്ഞിരുന്നു. അബ്രാം ഇന്ത്യയ്ക്കു വേണ്ടി ഹോക്കി കളിക്കണമെന്നാണത്രേ അദ്ദേഹത്തിന്റെ ആഗ്രഹം. അബ്രാമിനെയും സ്ക്രീനിൽ കാണാൻ ആരാധകർ കാത്തിരിക്കുമ്പോഴാണ് ഷാറൂഖിന്റെ ഈ തുറന്നു പറച്ചിൽ.