കജോളിനെ ബോളിവുഡിലെ 'സൂപ്പർ മമ്മി'യാക്കുന്നത് ഈ സീക്രട്ടുകൾ!

ഈ സെലിബ്രിറ്റി അമ്മമാരൊക്കെ എങ്ങനെയാ കുട്ടികളെ വളർത്തുന്നത്? അവർക്ക് കുട്ടികൾക്കൊപ്പം കളിക്കാനും അവർക്കൊപ്പം സമയം പങ്കിടാനുമൊക്കെ സാധിക്കാറുണ്ടോ? അതോ ഈ സിനിമാ തിരക്കിനിടയിൽ കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടാൻ സമയം കിട്ടാറില്ലേ? ഇങ്ങനെ നൂറുകൂട്ടം സംശയംകാണും നമുക്കെല്ലാം അല്ലേ? ബോളിവുഡിലെ എനർജറ്റിക് താരമായ കജോളിന്റെ പേരന്റിങ് മന്ത്രങ്ങൾ കിടുവാ... ബോളിവുഡിലെ ഏറ്റവും കൂളസ്റ്റും അടിപൊളിയുമായ അമ്മയാണ് കജോൾ എന്നാണ് പറയപ്പെടുന്നത്. സിനിമയിൽ തിളങ്ങി നിന്നപ്പോഴാണ് വിവാഹിതയായതും അമ്മയായതും സിനിമയിൽ നിന്ന് പതിയെ വിട്ടുനിന്നതും. അജയ് ദേവ്ഗണിനും കജോളിനും മക്കൾ രണ്ടാണ്. മൂത്തയാൾ നൈസ, രണ്ടാമൻ യുഗ്. കജോളിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. മക്കളുടെ നന്മയെക്കരുതി അത് ദിനംപ്രതി അവരും പാലിക്കണമെന്ന് കജോളിന് നിർബന്ധവുമാണ്. കജോളിന്റെ പേരന്റിങ് ടിപ്സ് ഇവയാണ്.

ഹെൽത്തി ഫു‍ഡ് അത് മസ്റ്റാ...
എല്ലാ അമ്മമാരേയും പോലെ ഭക്ഷണകാര്യത്തിൽ കജോൾ അല്പം സ്ട്രിക്റ്റാ.. കുട്ടികൾ ആരോഗ്യകരമായ ഭക്ഷണം തന്നെ കഴിക്കണമെന്ന് ഇവർക്ക് നിർബന്ധമാണ്. മറ്റുള്ളവരെപ്പോലെ തന്നെ സാധാരണ ആഹാരങ്ങളാണ് ആഴ്ച മുഴുവൻ, എന്നാൽ ആഴ്ചാവസാനം അവരവർക്കിഷ്ടമുള്ളവ കഴിക്കാനുള്ള അവസരവുമുണ്ട്.

സ്നേഹം അത് പ്രകടിപ്പിക്കാനുള്ളതാ..
കാര്യമൊക്കെ ശരി, കജോൾ അല്പം സ്ട്രിക്റ്റൊക്കെ തന്നെയാ... പക്ഷേ സ്നേഹത്തിന്റെ കാര്യത്തിൽ കജോൾ വേറെ ലെവലാ.. കുട്ടികളോട് സ്നേഹം പ്രകടിപ്പിക്കുക തന്നെ വേണമെന്ന അഭിപ്രായമാണ് ഇവർക്ക്. കജോൾ അല്പം സ്ട്രിക്റ്റാണെങ്കിൽ അജയ്ദേവ്ഗൺ നേരെ തിരിച്ചാണ്. അതുകൊണ്ട് തന്നെ എല്ലാം ബാലൻസ് ചെയ്തുപോകുമെന്നതിൽ സംശയമില്ല.

സത്യസന്ധതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല...
സ്കൂളിൽ കൊണ്ടുപോകുന്ന ടിഫിൻ കഴിക്കാത്തതായാലും യൂണിഫോം ചെളിപിടിക്കുന്നതായാലും കൃത്യമായ കാരണങ്ങൾ കജോളിനെ ബോധിപ്പിച്ചിരിക്കണം, അതിൽപ്പോലും കുട്ടികൾ കള്ളത്തരം കാണിക്കാനോ കള്ളം പറയാനോ പാടില്ല. ചെറുപ്രായത്തിൽ തന്നെ ഇത്തരം കാര്യങ്ങളിൽ നിർബന്ധമുള്ളയാളാണ് കജോൾ.

നോ അനാവശ്യ ഡ്രിങ്ക്സ്...
അജയ്യോ കജോളോ മക്കളോ ആരും തന്നെ സോഡപോലുള്ള വായു നിറച്ച പാനീയങ്ങൾ കുടിക്കാറില്ല. വീട്ടിൽ അത് കർശനമായി നിരോധിച്ചിരിക്കുകയാണ്. മാതാപിതാക്കൾ തന്നെയാണ് മറ്റ് കാര്യങ്ങളിലെന്ന പോലെ ഹെൽത്തി ഫുഡിന്റെ കാര്യത്തിലും മാതൃകയാകേണ്ടത്.

വൃത്തിയുടെ കാര്യം പറയാനുണ്ടോ?...
കൈകൾ എപ്പോഴും വൃത്തിയായി കഴുകണമെന്നത് കജോളിന് നിർബന്ധമാണ്. കൈകളിലൂടെയാണ് പലതരം അണുക്കൾ ശരീരത്തില്‍ കയറുന്നതും അസുഖങ്ങൾ വരുത്തുന്നതും. അതുകൊണ്ടുതന്നെ അതേകുറിച്ച് മറ്റുള്ളവരെ ബോധവത്ക്കരിക്കാൻ ഒരു പ്രോഗ്രാംപോലും കജോൾ ചെയ്യുന്നുണ്ട്.

കുട്ടികളുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം...
ഓരോ കുട്ടിയും വ്യത്യസ്ത താല്പര്യങ്ങൾ ഉള്ളവരായിരുക്കുമല്ലോ. അത് ആഹാരകാര്യത്തിലായാലും പഠനമേഖല തിരഞ്ഞെടുക്കുന്ന കാര്യത്തിലായാലും അവരുടെ ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും സ്ഥാനം കൊടുക്കുക തന്നെ വേണെമെന്ന് കജോൾ പറയുന്നു.