ലോകത്തിന്റെ ഹൃദയം കവർന്ന് ഈ കുട്ടി മോഡൽ‍

ഇവൻ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള കുട്ടിമോഡൽ. അതേ ആ വിശേഷണം തന്നെയാണ് ഈ കുഞ്ഞ് മോഡലിന് ചേരുന്നതും. ഫാഷൻ ലോകത്തെ കുട്ടിത്താരമാണിപ്പോൾ വെറും ഒൻപത് മാസം മാത്രം പ്രായമുള്ള ജെറമിയ. പ്രമുഖ ഐറിഷ് വസ്ത്രവ്യാപാര കമ്പനിയായ പ്രിമാർക്കിന്റെ സൂപ്പർ മോഡലാണ് കക്ഷി.

കുഞ്ഞുങ്ങളുടെ ചിരിയും നിഷ്കളങ്കതയുമൊക്കെ ആരെയാണ് ആകർഷിക്കാത്തത്? അവിടെ തൊലി നിറത്തിനു യാതൊരു സ്ഥാനവുമില്ലെന്നുള്ളതിന് തെളിവാണ് ജെറമിയ. നൈജീരിയൻ-ഘാന വംശപരമ്പരയിൽ ആണ് കുഞ്ഞ് ജെറമിയയുടെ ജനനം. വിടർന്ന കണ്ണുകളും ചുരുണ്ട തലമുടിയും ഇരുണ്ട നിറവുമുള്ള ജെറമിയയെ കണ്ടാൽ ആരും ഒന്നുകൂടിയൊന്നു നോക്കിപ്പോകും. അത്രയേറെ ക്യൂട്ടാണ് ഈ കുട്ടി മോഡൽ. ചുമ്മാതല്ല ഈ സുന്ദരനെ പ്രിമാർക്ക് എന്ന സൂപ്പർ കമ്പനി മോഡലാക്കിയത്.

പ്രിമാർക്കിന്റെ ഓട്ടം–വിന്റർ കളക്ഷന്റെ മോഡലായി മകനെ തിരഞ്ഞെടുത്തതറിഞ്ഞ് അവന്റെ അമ്മ ഗബ്രിയേല ലൂയിസ് അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. കാരണം മിക്ക മോഡലുകളും തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിൽ കൂടെയാണല്ലോ തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ കുഞ്ഞു ജെറമിയയുടെ ഓമനമുഖത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ലെന്ന് പ്രിമാർക്കിന് തോന്നിക്കാണും.

ഏതായാലും ഇവൻ മോഡലായ ചിത്രങ്ങൾ ആരുടേയും ഹൃദയം കവരുന്നതാണ്. അതിന് തെളിവാണ് സമൂഹമാധ്യമങ്ങളിലൂടെ ജെറമിയയ്ക്കു കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹങ്ങൾ. ഇത് തന്റെ മകനും കുടുബത്തിനും അഭിമാന മുഹൂർത്തമെന്നതിലുപരി തങ്ങളുടെ നിറത്തിന്റെ വിജയം കൂടെയാണെന്ന് ആ അമ്മ പറയുന്നു. തന്റെ മകൻ തികച്ചും വ്യത്യസ്തനാണ്. അവന്റെ നിറം കറുപ്പായിരിക്കാം പക്ഷേ അവൻ അതിസുന്ദരൻ തന്നെയാണ്, അഭിമാനപൂർവം അവർ പറയുന്നു. തങ്ങളുടെ സംസ്ക്കാരത്തേയും നിറത്തേയും പ്രധിനിധീകരീക്കുന്ന ഒരു സൂപ്പർമോഡലായി അവൻ വളർന്നുവരണമെന്നാണ് ആ അമ്മയുടെ ആഗ്രഹം.