ലോകത്തെ ഞെട്ടിച്ച അത്ഭുതമോഡലിന് വെറും 5 വയസ്സ്

കുഞ്ഞുങ്ങളുടെ ചിരിയും നിഷ്കളങ്കതയുമൊക്കെ ആരെയാണ് ആകർഷിക്കാത്തത്? അവിടെ തൊലി നിറത്തിനു യാതൊരു സ്ഥാനവുമില്ലെന്നതാണ് സത്യം. അഞ്ച് വയസുകാരിയായ ഒരു നൈജീരിയൻ പെൺകുട്ടി, ചുരുണ്ട തലമുടിയും ഇരുണ്ട നിറവുമുള്ള അവളെ കണ്ടാൽ ആരും ഒന്നുകൂടിയൊന്നു നോക്കിപ്പോകും. അത്രയേറെ സൗന്ദര്യമുണ്ട് അവൾക്ക്.

മോഫ് ബാമുവിയ എന്ന ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ പതിഞ്ഞ ആ കുഞ്ഞിന്റെ ചിത്രങ്ങൾ ആരുടേയും ഹൃദയം കവരുന്നതാണ്. അതിന്റെ തെളിവാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഉടനെ തന്നെ ഈ കുഞ്ഞുസുന്ദരിയ്ക്ക് ലഭിച്ച പതിനായിരക്കണക്കിന് പേരുടെ ഇഷ്ടങ്ങൾ. ജറെ എന്നാണ് ആ നൈജീരിയക്കാരി പെൺകുട്ടിയുടെ പേര്. തന്റെ ചിത്രങ്ങൾക്ക് വേണ്ടി, ബാമുവിയ കണ്ടെത്തിയതായിരുന്നു ജറെയെ. ജെ 3 സിസ്റ്റേഴ്സ് എന്ന പേരിൽ മോഡലിംഗ് നടത്തുന്ന ജറെയ്ക്ക് രണ്ടു സഹോദരിമാർ കൂടിയുണ്ട്. ഇൻസ്റ്റാഗ്രാമിലെ ഇവരുടെ ചിത്രങ്ങൾ കണ്ടു കൊണ്ടാണ് ബാമുവിയ ഇവരെ തേടി ചെന്നത്.

ഫോട്ടോഗ്രാഫറുടെ അന്വേഷണം വെറുതെയായില്ലെന്നു ആ ചിത്രങ്ങൾ കണ്ട ആരും പറഞ്ഞുപോകും. കൂട്ടത്തിൽ ഏറ്റവും ഇളയക്കുട്ടിയായ ജറെ ഫോട്ടോഗ്രാഫർക്ക് സമ്മാനിച്ചത്, ബാമുവിയയുടെ വാക്കുകളിലൂടെ തന്നെ പറഞ്ഞാൽ കാലാതീതമായ ചിത്രങ്ങൾ തന്നെയാണ്. ബാല്യവും കൗമാരവും തമ്മിലുള്ള അന്തരങ്ങൾ അറിയാൻ കഴിയുന്ന തരത്തിലുള്ള ചിത്രങ്ങൾ അതായിരുന്നു ബാമുവിയയുടെ മനസിലുണ്ടായിരുന്നത്. കുഞ്ഞായതു കൊണ്ട് തന്നെ ചിരിക്കുന്ന ചിത്രങ്ങൾ എടുക്കാമായിരുന്നെങ്കിലും മുതിർന്ന മോഡലുകളെ പോലെ, ആ കുഞ്ഞു കണ്ണുകളിലൂടെ യഥാർത്ഥ നിമിഷങ്ങളെ ആവിഷ്കരിക്കാനായിരുന്നു ഫോട്ടോഗ്രാഫറുടെ ഓരോ ശ്രമങ്ങളും. ബാമുവിയ പറയുന്നു, ''മുതിര്ന്നവരെ പോലെയാണ് അവൾ ക്യാമറയ്ക്കു മുമ്പിൽ നിന്നത്. കാലാതീതമായ ഒരു ചിത്രം സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ തന്ത്രം. ആ ചിത്രങ്ങൾ എനിക്ക് ലഭിച്ചു, ജറെ, നീ ഇരുപത്തിയൊന്ന് വയസിലേക്കെത്തുമ്പോഴും ഈ പോസും സ്റ്റൈലും തുടരുക.'' എടുത്ത ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ബാമുവിയ കുറിച്ചതും ഇങ്ങനെയായിരുന്നു ''ഇവളൊരു മനുഷ്യകുഞ്ഞാണ്‌, അതേസമയം തന്നെ അവളൊരു മാലാഖ കൂടിയാണ്''.

കുഞ്ഞു ജറെയുടെ ചിത്രങ്ങൾ കണ്ട ആരും അങ്ങനെ തന്നെയേ പറയുകയുള്ളൂ. അത്രയേറെ മനോഹരമാണ് അവയോരോന്നും. ജീവനുള്ളതുപോലെ തോന്നിക്കും ഓരോ ചിത്രങ്ങളും. ആരെയും ആകർഷിക്കുന്ന തിളങ്ങുന്ന കണ്ണുകളും ഇടതൂർന്നു നിൽക്കുന്ന ചുരുളൻ മുടിയും കാർമേഘ നിറവുമുള്ള ജറെയുടെ ചിത്രം കാണുന്നവർ ഒരിക്കൽ കൂടി നോക്കിപോകും, ഒരു പാവകുഞ്ഞാണോ ഇതെന്ന് തെറ്റിദ്ധരിക്കുന്നവരും നിരവധിയാണ്. കുഞ്ഞുകണ്ണുകളിലെ നിഷ്കളങ്കതയും തിളക്കവും അതിനൊപ്പം തന്നെ മുതിര്ന്ന മോഡലുകൾ തോറ്റുപോകുന്ന തരത്തിലുള്ള പോസും സ്‌റ്റൈലുമായി ഈ കുഞ്ഞ് എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ്. ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്കുട്ടിയെന്നു ആളുകൾ ഇപ്പോൾ വിളിക്കുന്നതും ജെറെ ഇജ്‌ലാന എന്ന ഈ നാലുവയസുകാരിയെയാണ്.