കുറച്ച് സമയം ക്ലാസ് റൂമിൽ‍; കൂടുതല്‍ സമയം പ്ലേ ഗ്രൗണ്ടിൽ‍!

ചെറിയ കുട്ടികളെ കൂടുതല്‍ സമയം ക്ലാസ് റൂമില്‍ ഇരുത്തരുതെന്ന അഭിപ്രായം ശക്തമാവുകയാണ് ഇപ്പോള്‍. കുറച്ച് സമയം മതി ക്ലാസ് റൂമില്‍, കൂടുതല്‍ സമയവും അവര്‍ ഗ്രൗണ്ടില്‍ പോയി കളിക്കട്ടെയെന്നാണ് ചില വിദഗ്ധര്‍ വാദിക്കുന്നത്. അതിന് കാരണമുണ്ട് താനും. അടുത്തിടെ പ്രമുഖ ചാരിറ്റി സ്ഥാപനമായ ലിഗോ ഫൗണ്ടേഷന്റെ മേധാവി ജോണ്‍ ഗുഡ്‌വിന്‍ പറഞ്ഞതിലുണ്ട് കാരണം.

കുട്ടികള്‍ വലുതാകുമ്പോള്‍ ചെയ്യുന്ന ജോലിയില്‍ നൈപുണ്യമുണ്ടാകണമെങ്കില്‍ അവരെ കൂടുതല്‍ സമയം കളിക്കാന്‍ വിടണമെന്നാണ് ജോണ്‍ പറഞ്ഞത്. ഭാവിയില്‍ അവര്‍ ചെയ്യാന്‍ പോകുന്ന തൊഴിലില്‍ വൈദഗ്ധ്യം ലഭിക്കണമെങ്കില്‍ പ്രൈമറി, സെക്കന്‍ഡറി ക്ലാസുകളിലൊന്നും അവരെ കൂടുതല്‍ സമയം ക്ലാസിലിരുത്തരുതെന്നാണ് അദ്ദഹത്തെപ്പോലുള്ള പലരുടെയും പക്ഷം.

തൊഴില്‍ വൈദഗ്ധ്യം നേടാന്‍ കുറഞ്ഞ സമയം ക്ലാസിലിരുത്തുകയും കൂടുതല്‍ സമയം പുറത്തുകൊണ്ടുപോയി വിവിധ കാര്യങ്ങളില്‍ അവരെ ഏര്‍പ്പെടുത്തുകയുമാണ് വേണ്ടതെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

നിലവിലെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ വളരെ കുറച്ച് സമയം മാത്രമാണ് കിട്ടുന്നത്. അതുകൊണ്ടുതന്നെ അവര്‍ യാന്ത്രികമായി ക്ലാസുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയാണുണ്ടാകുന്നത്. ഇത് മാറ്റി കൂടുതല്‍ സമയം വിവിധ കളികള്‍ക്കായി കുട്ടികളുടെ സമയം വിനിയോഗിക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് വേണ്ട്.

കളിസമയം കുറയ്ക്കുന്നത് കുട്ടികളെ നെഗറ്റീവ് ആയി വളരുമ്പോള്‍ ബാധിക്കുന്നുണ്ടെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ വളരുമ്പോള്‍ അവരുടെ തൊഴില്‍ വൈദഗ്ധ്യത്തില്‍ മാത്രമല്ല പ്രശ്‌നം വരുന്നത്. മറിച്ച് കുട്ടിയായിരിക്കുമ്പോള്‍ തന്നെ അവന്റെ മാനസിക നിലയേയും അത് ബാധിക്കുമെന്ന് വിവിധ പഠനങ്ങള്‍ അടിവരയിടുന്നുണ്ട്.

കളിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നും എങ്ങനെയാണ് ചെയ്യേണ്ടതെന്നും കുട്ടികള്‍ സ്വയം തീരുമാനിക്കുകയാണ് ചെയ്യുന്നത്. ക്ലാസ് റൂമില്‍ സ്പൂണ്‍ ഫീഡിങ്ങും. സ്വാഭാവികമായി ഉയര്‍ച്ച നേടാന്‍ കൂടുതല്‍ കളിക്കുന്നത് കുട്ടികളെ സഹായിക്കുമെന്ന് തന്നെയാണ് മിക്കവരുടെയും അഭിപ്രായം. അങ്ങനെ വരുമ്പോള്‍ നമ്മുടെ മിക്ക സ്‌കൂളുകളും നിലവിലെ രീതി പൊളിച്ചെഴുതേണ്ടി വരും.