നിങ്ങളുടെ കുട്ടിയ്ക്കുണ്ടോ ഇത്തരം കൂട്ടുകാർ?

ചിലപ്പോഴെങ്കിലും നിങ്ങളുടെ കുട്ടികൾ തനിയെ വർത്തമാനം പറയുന്നതും, ആരോ കൂടെയുളളതുപോലെ പെരുമാറുന്നതും, ആ ഇല്ലാത്ത കൂട്ടുകാർക്കൊപ്പം കളിക്കുന്നതുമൊക്കെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? അതാരാവാം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒന്നുകിൽ അത് അവർക്കിഷ്പ്പെട്ട കാർട്ടൂൺ കഥാപാത്രമാകാം, അല്ലെങ്കിൽ അവർ ഇഷ്ടപ്പെടുന്ന ആരെങ്കിലും അവർക്കൊപ്പമുണ്ടെന്ന ധാരണയിൽ പെരുമാറുന്നതാകാം. ഇത്തരം കൂട്ടരുമൊത്തുള്ള കളികളിലും കൂട്ടുകൂടലിലുമൊക്കെ അവർ വളരെയേറെ സന്തോഷവാൻമാരായിരിക്കുന്നതും കാണാം.

കുട്ടികളുടെ പേഴ്സണൽ സ്പേസിലേയ്ക്ക് ഇത്തരം ഇല്ലാത്ത കൂട്ടുകാരുടെ കൂട്ടുകെട്ട് ക്രമാതീതമായി കൂടുന്നതായി അടുത്തിടെ നടത്തിയ സർവേ പറയുന്നു. 17% കുട്ടികൾക്കും ഇത്തരം കാണാ കൂട്ടുകാരുള്ളതായി സർവേ കണ്ടെത്തി. എന്നാൽ ഈ കൂട്ടുകെട്ട് അത്ര കുഴപ്പം പിടിച്ചതല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സ്ക്രീനിൽ കണ്ണും കൈകളും മനസ്സും അർപ്പിച്ചു കഴിയുന്ന കുട്ടികളേക്കാൾ ഇത്തരം കാണാക്കൂട്ടുകാരുള്ള കുട്ടികൾ കൂടുതൽ ക്രിയേറ്റീവും സന്തോഷവാൻമാരുമായിരിക്കുമത്രേ.

ഫൺഡമെൻറലി ചിൽഡ്രൻറെ സ്ഥാപകയായ ഡോക്ടർ അമാൻഡ ഗമ്മർ കുട്ടികളിലെ ഇത്തരം കൂട്ടുകെട്ടിനെ കുറിച്ചു പറയുന്നത് ശ്രദ്ധേയമാണ്. സാങ്കല്‌പികമായ ഇത്തരം കൂട്ടുകാരുമൊത്തുള്ള കളികൾ കുട്ടികൾക്ക് വളരെ പ്രയോജനകരമാണെന്നും അതവരുടെ ഭാവനയെ ഉണർത്തുകയും ചെയ്യുന്നുവെന്ന് അവർ പറയുന്നു. മാത്രമല്ല കുട്ടികളുടെ മാനസിക ആരോഗ്യത്തിനും ഇത് വളരെ ഗുണം ചെയ്യുകയും ചെയ്യും..

വിഡിയോ ഗെയിമുകളും ടെലിവിഷൻ പരിപാടികളും അവരുടെ ചിന്തകൾക്ക് ശരിക്കും ഒരു കടിഞ്ഞാൺ ഇടുകയാണ് ചെയ്യുന്നതെങ്കിൽ ഇത്തരം കൂട്ടുകാരും കളികളും അവരുടെ ഭാവനയെ ചിറകു വിടർത്തി വിടുകയാണ് ചെയ്യുന്നത്. കുട്ടികളെ ഇത്തരം കളികളിൽ നിന്നും വിലക്കേണ്ടെന്ന് സാരം.