കുട്ടി

കുട്ടി ഹൈപ്പർ ആക്ടിവാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലക്ഷ്മി നാരായണൻ

നാട്ടുഭാഷയിൽ ചില കുട്ടികളുടെ സ്വഭാവത്തെപ്പറ്റി പറയുന്ന കേട്ടിട്ടില്ലേ ? അവനു വല്ലാത്ത പിരുപിരുപ്പാണ് എന്ന്. എന്നുവച്ചാൽ ഒരിടത്തും അടങ്ങിയിരിക്കാത്ത അവസ്ഥ. തല്ലിയാലും ദേഷ്യപ്പെട്ടാലുമൊന്നും ഈ പിരുപിരുപ്പിനു യാതൊരു കുറവുമില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു അവസ്ഥയെന്ന് ചിന്തിച്ചിട്ടുണ്ടോ ? അകാരണമായി കുട്ടികൾ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി നടത്തുന്ന ശ്രമങ്ങളെ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി) എന്ന് പറയും. നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന ഒരു മാനസികരോഗമാണ് ഇത്. ചികിത്സ ആവശ്യമായ ഈ രോഗം പലപ്പോഴും പലരും അറിയാതെ പോകുന്നു എന്നതാണ് വാസ്തവം.

കുട്ടികൾക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. മൂന്നു വയസ്സിനും പന്ത്രണ്ട് വയസിനും ഇടക്കാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. ഇത്തരം കുട്ടികൾക്ക് പഠിക്കുവാനുള്ള കഴിവ് വളരെ കുറവായിരിക്കും. എ.ഡി.എച്ച്.ഡി. ബാധിച്ച മിക്ക കുുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കാറുണ്ട് എന്നത് രോഗത്തെ സംബന്ധിച്ച് പോസറ്റിവ് ആയ കാര്യമാണ്.

സാധാരണ ഒരു മൂന്നു വയസുകാരിക്ക് 10 മുതൽ 15 മിനിറ്റുവരെ മാത്രമേ തുടർച്ചയായി ഒരു കാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയുകയുള്ളു. വയസ്സ് കൂടുന്തോറും ഇതിന്റെ അളവ് കൂടിവരും. അഞ്ചു വയസുള്ള ഒരു കുട്ടിക്ക് അഞ്ചു മിനുട്ട് നേരം ശ്രദ്ധയോടെ ഒരു കാര്യത്തിൽ മുഴുകാൻ കഴിയുന്നില്ലെങ്കിൽ ചികിത്സ ആവശ്യമാണ്. ഹൈപ്പർ ആക്ടിവിറ്റിയുള്ള കുട്ടികളെ ചികിത്സക്ക് പുറമെ വീടിനുള്ളിൽ കൈകാര്യം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

∙കുട്ടിയുടെ സ്വാഭാവസവിശേഷതകൾ അംഗീകരിക്കുക.

∙സ്വഭാവം നിർബന്ധപൂർവം മാറ്റാൻ ശ്രമിക്കാതിരിക്കുക

∙കുട്ടിക്കൊപ്പം ധാരാളം സമയം ചെലവിടുക

∙കൂടുതൽ അടുപ്പവും സ്നേഹവും കാണിക്കുക

∙കുട്ടിയിൽ ആത്മാഭിമാനവും അച്ചടക്കവും വളർത്താനുള്ള നടപടികൾ സ്വീകരിക്കുക

∙അവരുടെ കലാകായിക പ്രവർത്തനങ്ങളെ അംഗീകരിക്കുക

∙ചെയ്യുന്ന ഓരോ നല്ല പ്രവർത്തിക്കും അഭിനന്ദിക്കുക

∙ചെറിയ രീതിയിൽ അടുക്കും ചിട്ടയും പഠിപ്പിച്ചു തുടങ്ങുക

∙നിർദ്ദേശങ്ങൾ നൽകുമ്പോൾ ദേഷ്യപ്പെടരുത്

∙കണ്ണിൽ നോക്കി മാത്രം സംസാരിക്കുക

Summary : Hyperactivity disorder in children