ഈ ടിപ്സ് എല്ലാ സ്കൂളുകളിലും പരീക്ഷിക്കാം!

മഴയങ്ങനെ തോരാതെ പെയ്യുമ്പോൾ, യൂണിഫോമും അണിഞ്ഞു, വിതുമ്പാൻ നിൽക്കുന്ന ആകാശത്തേക്കാളും സങ്കടം നിറച്ചുകൊണ്ടു കയറിച്ചെല്ലുന്ന ഒന്നാം ക്ലാസ്സുകാരെ സന്തോഷിപ്പിക്കാനും പഠനത്തോടൊരു താല്പര്യം തോന്നിക്കാനും നമ്മുടെ സ്കൂളുകളിൽ നടപ്പിലാക്കിയിട്ടുള്ള ഒരു പരിപാടിയാണ് പ്രവേശനോത്സവം. സ്കൂൾ തുറക്കുന്ന ആദ്യ ദിവസം മാത്രമേ കുഞ്ഞുങ്ങൾക്ക് ഈ സ്വീകരണവും മധുരവിതരണവുമൊക്കെയുള്ളൂ. പിന്നെ അങ്ങോട്ട് ഇക്കാര്യങ്ങളൊക്കെ എല്ലാവരും വിസ്മരിക്കും. എന്നാൽ പരസ്പരം ഹസ്തദാനം ചെയ്തും അഭിവാദ്യമർപ്പിച്ചും ആലിംഗനം ചെയ്തും ക്ലാസ്സിനുള്ളിലേക്കു പ്രവേശിക്കുന്നത് ഊഷ്മളമായ സൗഹൃദങ്ങളും പുത്തനുണർവും സമ്മാനിക്കുമെന്നാണ് ടെക്സൺ ആഷ്‌ലി കോസ്റ്റൻ ടൈലർ എന്ന അധ്യാപിക തന്റെ ഇരുപതുവർത്തെ അധ്യാപനത്തിന്റെ പരിചയത്തിൽ തെളിയിച്ചിരിക്കുന്നത്. ഒരു കുഞ്ഞിന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ ഇത്തരത്തിലുള്ള പ്രവർത്തിക്കൊണ്ട് സാധിച്ചുവെന്നാണ് ഉദാഹരണ സഹിതം ടൈലർ വെളിപ്പെടുത്തുന്നത്.

കിന്റർഗാർട്ടനിലെ അധ്യാപനത്തിന്റെ ആദ്യനാളുകൾ കഴിഞ്ഞപ്പോൾ, തന്റെ സ്ഥാപനത്തിൽ ഒരു പുതിയ 'പാരമ്പര്യ'ത്തിന് ടൈലർ തുടക്കമിട്ടു. ക്ലാസ്സിലേക്ക് കയറിവരുന്ന ഓരോ കുട്ടിയും ക്ലാസ്സിലുള്ള മറ്റുകുട്ടികൾക്ക് ഹസ്തദാനം നൽകണം. തന്റെ ക്ലാസ് എന്നത് ഒരു കുടുംബമാണെന്നും അതുകൊണ്ടു തന്നെ ഓരോരുത്തരും മറ്റുള്ളവരോട് കരുണയോടെയും ബഹുമാനത്തോടെയും പെരുമാറണം എന്നതുമായിയിരുന്നു അത്തരത്തിലൊരു രീതി നടപ്പിലാക്കുന്നതിന്റെ പുറകിലുണ്ടായിരുന്ന കാര്യം. കിന്റർഗാർട്ടനിലെത്തുന്ന ഓരോ കുട്ടിയേയും സ്വന്തമായി കരുതിയാണ് ടൈലർ പരിചരിക്കാറ്. കുഞ്ഞുങ്ങൾ വീട്ടിൽ എങ്ങനെയാണോ അതുപോലെയുള്ള ഒരന്തരീക്ഷം സ്കൂളിലും പ്രദാനം ചെയ്യുക എന്നതും ഈ അധ്യാപികയുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.ഹസ്തദാനം നൽകിയും, പേരുകൾ പറഞ്ഞും ചിലപ്പോൾ പരസ്പരം ആലിംഗനം ചെയ്തും പഠനത്തിനായി കുട്ടികൾ കടന്നുവരുമ്പോൾ, സൗഹൃദപരമായ ഒരന്തരീക്ഷം അവിടെ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും കുഞ്ഞുങ്ങൾ വീട്ടിൽ നിന്നും അകന്നുനിൽക്കുന്നതിന്റെ ചെറിയ വിഷമങ്ങൾ മറക്കുമെന്നുമാണ് ഈ അധ്യാപികയുടെ കണ്ടെത്തൽ. അതുപോലെ തന്നെ ചെറുപ്രായത്തിൽ മറ്റുള്ളവരെ ബഹുമാനിക്കാനും മര്യാദയോടെ പെരുമാറാനും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കഴിയുമെന്നും ടൈലർ വിശ്വസിക്കുന്നു. ആ വിശ്വാസം ശരിയാണെന്നു തെളിയിക്കുന്ന തരത്തിലൊരു വിഡിയോയും ടൈലർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ മൂന്നുലക്ഷത്തിഎഴുപത്തിനായിരത്തോളം പേരാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്.

സ്നേഹോഷ്മളമായ ചെറുപ്രവർത്തികൾ ആഷെർ എന്ന കുഞ്ഞിൽ വരുത്തിയ വലിയ മാറ്റങ്ങളാണ് ആ അധ്യാപികയുടെ വീഡിയോയ്ക്ക് ആധാരം. മറ്റുള്ള കുഞ്ഞുങ്ങളിൽ നിന്നും വ്യത്യസ്തമായി ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന രോഗാവസ്ഥയുള്ള കുഞ്ഞായിരുന്നു ആഷെർ. സ്കൂളിൽ വരാൻ തുടങ്ങിയ കാലത്ത് സംസാരിക്കാനോ മറ്റുള്ളവരെ പോലെ പെരുമാറാനോ അവന് അറിഞ്ഞുകൂടായിരുന്നു. ടൈലറിനൊപ്പം മറ്റുള്ള കുട്ടികളും അവനെ ചേർത്തുപിടിച്ചപ്പോൾ പതുക്കെ പതുക്കെ ആഷെർ അവരിലേക്ക്‌ കൂടുതൽ കൂടുതൽ അടുത്തു. മാസങ്ങൾ പിന്നിട്ടപ്പോൾ അവൻ ചെറിയ ചെറിയ വാക്കുകൾ പറയാൻ ആരംഭിച്ചു. പിന്നെയത് വാചകങ്ങളായി. ഇപ്പോൾ മറ്റുകുട്ടികളെ പോലെ എല്ലാ കാര്യങ്ങളിലും മുമ്പിലാണ് കുഞ്ഞ് ആഷെർ. മാതാപിതാക്കൾക്കും അധ്യാപകർക്കും അവന്റെ മാറ്റം അത്ഭുതങ്ങൾ തന്നെ സൃഷ്ടിച്ചു.

ഒരു ചെറിയ പ്രവർത്തി, അതിന്റെ ഫലം എത്രത്തോളം മധുരമുള്ളതാണെന്നു വെളിവാക്കുന്നതാണ് ടൈലർ എന്ന അധ്യാപികയുടെയും ആഷെർ എന്ന കുഞ്ഞിന്റെയും ജീവിതം. ഒറ്റപ്പെടുത്താതെ കൂടെ കൂട്ടിയതും ഒരല്പം കരുണ കാണിച്ചതുമാണ് കുഞ്ഞ് ആഷെറിന്റെ ബാല്യത്തെ നിറമുള്ളതാക്കിയത്. കുഞ്ഞുങ്ങൾ വിദ്യാലയങ്ങളിൽ നിന്നും ആദ്യം പഠിക്കേണ്ടതും ഇത്തരത്തിലുള്ള പാഠങ്ങൾ തന്നെയാണ്. സഹജീവികളോട് കരുണയും മര്യാദയും പ്രകടിപ്പിക്കാൻ പഠിപ്പിച്ചു നൽകുന്നത് അവരെ എല്ലായ്‌പ്പോഴും നന്മയുള്ളവരായി നിലനിർത്തുമെന്നാണ് ടെക്സൺ ആഷ്‌ലി കോസ്റ്റൻ ടൈലർ എന്ന അധ്യാപിക പൊതുസമൂഹത്തിനു പഠിപ്പിച്ചു തരുന്ന വലിയ പാഠം.