മക്കളെ പരാജയത്തിൽ തളരാത്തവരായി എങ്ങനെ വളർത്താം?, Teach, kds to learn from, Failure, Study, Kids, Parents,  Manorama Online

മക്കളെ പരാജയത്തിൽ തളരാത്തവരായി എങ്ങനെ വളർത്താം?

ലക്ഷ്മി നാരായണൻ

പേരന്റിങി​ലെ ഏറ്റവും കലുഷിതമായ അവസ്ഥയാണ് പരാജയങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നു കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കുക എന്നത്. ഇക്കാര്യത്തിൽ ആദ്യം കൗൺസിലിങ് ആവശ്യമായി വരുന്നത് മാതാപിതാക്കൾക്കു തന്നെയാണെന്ന് ചൈൽഡ് സൈക്കോളജിസ്റ്റുകൾ പോലും സമ്മതിക്കുന്നു. കാലമെത്ര മാറിയിട്ടും മറ്റു കുട്ടികൾ നേടിയ മാർക്കുമായും അവരുടെ പെർഫോമൻസുമായും തങ്ങളുടെ കുട്ടികളെ താരതമ്യം ചെയ്തില്ലെങ്കിൽ മാതാപിതാക്കൾക്ക് ഒരു സമാധാനവുമില്ലാത്ത അവസ്ഥയാണ്. മക്കൾ എന്നാൽ നേട്ടങ്ങൾ മാത്രം നേടിത്തരുന്ന മെഷീനുകളല്ല എന്ന് മാതാപിതാക്കൾ മനസിലാക്കണം.

ഓരോ കുട്ടിയുടെയും ഐക്യു വ്യത്യസ്തമായിരിക്കും. എല്ലാവർക്കും ഒരേ രീതിയിൽ പഠനത്തിൽ ശോഭിക്കുന്നതിനുള്ള കഴിവുണ്ടാകണമെന്നില്ല. ചിലർക്ക് കലകളിലും മറ്റു ചിലർക്ക് സ്പോർട്ട്സിലുമായിരിക്കും താൽപര്യം. ഇത് മനസിലാക്കി അതിനാവശ്യമായ പ്രോത്സാഹനം നൽകുകയെന്നതാണ് മാതാപിതാക്കളുടെ ചുമതല. ടെക്സ്റ്റ് ബുക്കിൽ പറയുന്ന കാര്യങ്ങൾ എല്ലാം കാണാതെ പഠിച്ച് മാർക്കുകൾ വാരിക്കൂട്ടി കഴിവ് തെളിയിക്കുന്ന കാലമെല്ലാം കഴിഞ്ഞു. ഇത് പ്രാക്റ്റിക്കൽ ബുദ്ധിയുടെ കാലമാണ്. കുട്ടികൾ അവരവരുടേതായ രീതിയിൽ കഴിവുകൾ തെളിയിക്കട്ടെ.

പഠനത്തിലോ മറ്റ് ഏതെങ്കിലും ആക്റ്റിവിറ്റികളിലോ പരാജയം നേരിടുകയാണെങ്കിൽ അത് തന്റെ കഴിവു കേടായി കുഞ്ഞുങ്ങൾക്ക് തോന്നരുത്. ഇത്തരം പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടു പടിയാണെന്നു മനസിലാക്കി കുഞ്ഞുങ്ങളെ കൈപിടിച്ചു നടത്തേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്. കുട്ടികളുമായും അവരുടെ അധ്യാപകരുമായും തുറന്ന ബന്ധം സ്ഥാപിക്കുക. പരാജയത്തിൽ മനസ് മടുക്കാതിരിക്കാൻ പരാജയത്തിൽ നിന്നും വിജയം കണ്ടെത്തിയ വ്യക്തികളുടെ കഥകൾ പങ്കുവയ്ക്കുക.

ചെറിയ ചെറിയ നേട്ടങ്ങളിൽ പോലും കുട്ടികളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. എല്ലാവർക്കും എല്ലായ്പ്പോഴും ഒന്നാമനാവാകാൻ കഴിയില്ലെന്നും തന്റെ കഴിവിനൊത്ത് സ്ഥാനം നേടിയിട്ടുണ്ടെന്നതിൽ അഭിമാനിക്കണമെന്നും പറയുക. കൂടുതൽ മികച്ച വിജയത്തിനായി കഠിനപ്രയത്‌നം ചെയ്യുന്നതിനുള്ള പ്രോത്സാഹനമാകണം മാതാപിതാക്കളുടെ വാക്കുകൾ.

പഠനത്തിലോ മറ്റ് കാര്യങ്ങളിലോ പിന്നിലുള്ള കുട്ടികൾ ജീവിതത്തിൽ പിന്നിലാവണം എന്ന നിർബന്ധമില്ലെന്ന് മനസിലാക്കുക. സ്വന്തം കഴിവ് മനസിലാക്കി മുന്നേറുന്നതിനുള്ള അവസരം അവർക്ക് ഒരുക്കി നൽകുകയാണ് ഏറ്റവും ഉചിതമായ കാര്യം

Summary : How to teach kds to learn from failure