ചങ്ങാതിയുടെ പരീക്ഷാപ്പേടി അകറ്റാം

ഞാൻ പത്താം ക്ലാസ് വിദ്യാർഥിയാണ്. എന്റെ ഉറ്റസുഹൃത്തിന് പരീക്ഷയെ വലിയ പേടിയാണ്. ഒരുവിധം പഠിക്കുന്നവനാണ് അവൻ. പരീക്ഷയടുക്കുമ്പോൾ അതു പഠിച്ചോ ഇതു പഠിച്ചോ എന്ന വേവലാതിയാണ്. ഇവന്റെ ആധിയകറ്റാൻ എനിക്ക് എന്തു ചെയ്യാൻ കഴിയും?

എസ്.പി. കല്ലേറ്റുംകര

സഹപാഠിയുടെ വിഷമതകൾ പരിഹരിക്കാൻ തനിക്ക് എന്തു ചെയ്യാൻ കഴിയുമെന്നുള്ള ഈ ചോദ്യം നന്മയുള്ള മനസ്സിന്റെ സാക്ഷ്യമാണ്. എല്ലാ കുട്ടികളും ഇത്തരമൊരു സന്നദ്ധത വളർത്തിയെടുത്താൽ തീർച്ചയായും ഭാവിയിൽ നല്ലൊരു സമൂഹം ഉണ്ടാകും. പരീക്ഷയെ ഭീകരമായ ഒരനുഭവമെന്ന വിധത്തിൽ കണക്കാക്കിയാൽ ഉത്കണ്ഠ ഉറപ്പാണ്. നന്നായി പഠിച്ചിട്ടുള്ള മിടുക്കരും ഇതിന്റെ പിടിയിൽ പെട്ടുപോകാം. ഒരൽപം ആധി പരീക്ഷയ്ക്കുള്ള ഒരുക്കത്തിന് ഊർജം പകരാൻ ഉതകുന്നതാണ്. എന്നാൽ അതിരുവിട്ടാൽ ശ്രദ്ധ പതറും; പഠിച്ചത് ഓർമിക്കാൻ പ്രയാസവുമാകും. ഇങ്ങനെയുള്ളവർ മറ്റുള്ളവരിലും വെപ്രാളമുണ്ടാക്കും. ഇവന്റെ മനസ്സും നേരിയതോതിൽ ആശങ്കാകുലമാകുന്നത് അതുകൊണ്ടാണ്. ഇങ്ങനെ വിരണ്ടുപോകാതെ ശാന്തമായി ഇടപെട്ടാൽ ചങ്ങാതിയെ ആധിയുടെ ചുഴിയിൽ പെടാതെ സംരക്ഷിക്കുവാനായേക്കും. വല്ലാത്തൊരു വെല്ലുവിളിയെന്ന ചിന്ത വെടി‍ഞ്ഞ​് സമാധാനമായി പരീക്ഷയെ നേരിടാൻ പ്രേരണ നൽകുക. പരീക്ഷാഫലത്തെക്കുറിച്ചുള്ള ആശങ്കകൾ വെടിഞ്ഞ് അറിയാവുന്നത് എഴുതാൻ നമുക്ക് തയാറാകാമെന്ന് ഓർമിപ്പിക്കുക. കുരുക്ഷേത്രയുദ്ധവേളയിൽ പകച്ചുപോയ അർജുനനോടു ഭഗവാൻ ശ്രീകൃഷ്ണൻ സ്വീകരിച്ച സമീപനവും അതാണല്ലോ. സമാനമായ സന്ദർഭമാണു പരീക്ഷയും. പ്രതിസന്ധിവേളകളിൽ ധൈര്യം നൽകുന്ന കൂട്ടുകാരൻ ഈശ്വരനു തുല്യനാണ്.

ചങ്ങാതിയുടെ കഴിവുകളെക്കുറിച്ച് അവനെ ബോധ്യപ്പെടുത്താം. ഇതുപോലെ ആശങ്കകൾക്ക് അടിമപ്പെട്ട വേളയിൽ, അവൻ നേടിയ നല്ല മാർക്കുകൾ ശ്രദ്ധയിൽ പെടുത്താം. അനാവശ്യഭീതി ഒഴിവാക്കിയാൽ പരീക്ഷ നിനക്കൊരു പ്രശ്നമാകില്ലെന്ന് ആത്മധൈര്യം പകർന്നുകൊടുക്കുകയും ചെയ്യാം. ചില വിഷയങ്ങൾ തലയിൽ കയറുന്നില്ലെന്നാവും കക്ഷിയുടെ പുതിയ വിഷമം. ഒരുമിച്ചിരുന്നു പരിശോധിക്കുമ്പോൾ ചിലപ്പോൾ ഇത് ആകാംക്ഷ സൃഷ്ടിച്ച തെറ്റായ ധാരണയാണെന്നു വ്യക്തമാകും. ശരിക്കും ബുദ്ധിമുട്ടുണ്ടെങ്കിൽ പറഞ്ഞുകൊടുക്കാൻ തയാറാവുക. അങ്ങനെ ചെയ്യുന്നയാളുടെ അറിവ് കൂടുതൽ ദൃഢമാകുമെന്ന ഗുണവുമുണ്ട്. കൂട്ടുകാരന് ധൈര്യവും ഉണ്ടാകും. രണ്ടാൾക്കും പ്രയാസമുള്ള വിഷയങ്ങൾ കൂട്ടുചേർന്നു പഠിക്കാൻ ശ്രമിക്കാം. വേണമെങ്കിൽ അധ്യാപകന്റെ സഹായവും തേടാം. ഇതൊക്കെ നമുക്കു പരിഹരിക്കാനാവുമെന്ന നിലപാടു വെടിയാതെ വേണം ഇതൊക്കെ ചെയ്യാൻ.

പരീക്ഷ എഴുതാൻ കയറുമ്പോഴുള്ള ടെൻഷൻ ലഘൂകരിക്കാൻ പിന്തുണ നൽകണം. കൂൾ ടൈമിൽ ശ്വസന വ്യായാമമോ, ചെറുപ്രാർഥനകളോ ചെയ്തു മനസ്സിനെ സ്വസ്ഥമാക്കി വേണം ചോദ്യപേപ്പറിൽ കണ്ണോടിക്കാനെന്നു പ്രത്യേകം പറയണം. ഉത്തരമറിയാത്ത ചോദ്യം കണ്ട് ഭയപ്പെടാതെ, അറിയാവുന്നത് സമയക്രമം അനുസരിച്ച് എഴുതാൻ ഉപദേശിക്കണം. ഒരു ചങ്ങാതിയുടെ നിർദേശങ്ങൾക്കു വലിയ വിലയുണ്ട്. നന്നായി എഴുതിയില്ലെന്ന ആശങ്കയുമായാണ് ആധിയുള്ളവർ ഹാളിൽ നിന്നു പുറത്തിറങ്ങുന്നത്. ഇതേപ്പറ്റി ചിന്തിച്ചു ചിന്തിച്ച് അടുത്ത പരീക്ഷ കുഴപ്പത്തിലാക്കരുതെന്ന് പ്രത്യേകം ഓർമിപ്പിക്കണം. സഹപാഠിയുടെ പരീക്ഷാപേടി അകറ്റാൻ പക്വതയും ധൈര്യവും നന്മയുമുള്ള ഏതൊരു വിദ്യാർഥിക്കും കഴിയും. എന്താ ഒരു കൈ നോക്കുന്നോ? നിങ്ങളുടെ ചങ്ങാതിക്കും ടെൻഷൻ ഫ്രീ പരീക്ഷ സമ്മാനിക്കാൻ ശ്രമിച്ചുനോക്കൂ.

ഡോ. സി.ജെ. ജോൺ