മക്കളെ

മക്കളെ സ്വയംപര്യാപ്തരാക്കാം; ഈ ടിപ്സ് പരീക്ഷിച്ചു നോക്കൂ

ലക്ഷ്മി നാരായണൻ

ഇപ്പോഴും ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും എന്നാൽ ഉത്തരം കിട്ടാത്തതുമായ ഒരു ചോദ്യമാണ് കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണം എന്നത്. കുഞ്ഞുങ്ങളെ സ്വന്തം ചിറകിനു കീഴിൽ എന്ന പോലെ അടക്കി നിർത്തി വളർത്തുന്ന കാലം കഴിഞ്ഞെന്നും അവർ സ്വതന്ത്രരായി വളരട്ടെ എന്നുമാണ് ഒരുകൂട്ടം ആളുകൾ പറയുന്നത്. എന്നാൽ വേറൊരു വിഭാഗം മാതാപിതാക്കൾക്ക് ഇന്നും ഇക്കാര്യം അത്രകണ്ട് അംഗീകരിക്കാനായിട്ടില്ല. കൃത്യമായ ഒരു ചട്ടക്കൂടിനുള്ളിൽ കുഞ്ഞുങ്ങളെ വളർത്താനാണ് ഇവർ ഇഷ്ടപ്പെടുന്നത്.

എന്നാൽ ഒന്നു മനസിലാക്കുക, കുഞ്ഞുങ്ങൾ ജീവിക്കേണ്ടത് എക്കാലവും മാതാപിതാക്കൾക്കൊപ്പമല്ല. വലിയൊരു ലോകം തന്നെ അവനു ചുറ്റുമുണ്ട്. ക്ലാസ്സ്റൂമിലെ ചുമരുകളിൽ മാത്രം ഒതുങ്ങുന്നതല്ല വിദ്യാഭ്യാസം. സ്വഭാവരൂപീകരണത്തിലും വ്യക്തിത്വ വികസനത്തിലും ഇനിയും ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. സ്‌കൂളുകളിൽ നിന്നും നേടുന്ന പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം മാതാപിതാക്കളും കുഞ്ഞുങ്ങൾക്ക് നല്ല പൗരന്മാരാകുന്നതിൽ പരിശീലനം നൽകേണ്ടത് അനിവാര്യമാണ്. ഒരു കുട്ടിയുടെ ജീവിതത്തിലെ ആദ്യ അഞ്ചു വർഷങ്ങളിലാണ് പരമാവധി മസ്‌തിഷ്‌ക വികസനം സംഭവിക്കുന്നത്. ഈ പ്രായത്തിലാണ് കുട്ടികളുടെ സൃഷ്ടിപരമായതും നൂതനപരവുമായ ചിന്ത വളരുന്നത്. അതിനാൽ വ്യക്തിത്വ പരിശീലനവും ഇക്കാലയളവിൽ തന്നെ ആരംഭിക്കണം.

1.സ്വയം പ്രധിരോധിക്കാനുള്ള കഴിവ് വളർത്തുക - മറ്റുള്ളവരുടെ ആക്രമണത്തിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സ്വയം പ്രതിരോധിക്കാനുള്ള കഴിവ് വളർത്തിയെടുക്കുക. ഇതിൽ മാനസികവും ശാരീരികവുമായ ചെറുത്തുനിൽപ്പുകൾ ഉൾപ്പെടും. സ്വയം പ്രതിരോധിക്കാനുള്ള വിദ്യകൾ സ്കൂളുകളിൽ നിന്നും മറ്റും ഇപ്പോൾ കുട്ടികൾ പഠിക്കുന്നുണ്ട്. എന്നാൽ ഇത് പ്രതിയോഗിക്കാനുള്ള അവസരം വരുമ്പോൾ മാതാപിതാക്കൾ അനുവദിക്കണം

2. നല്ലൊരു സാമൂഹ്യജീവിയാകുക - മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. സമൂഹത്തെക്കൂടാതെ മനുഷ്യന് നിലനിൽപ്പില്ല. എങ്ങനെ ആളുകളോട് നല്ലരീതിയിൽ പെരുമാറാം എന്ന കാര്യത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുക. മറ്റുള്ളവരെ ബഹുമാനിക്കണം എന്ന വസ്തുത ചെറുപ്പം മുതൽക്ക് ശീലമാക്കിയില്ലെങ്കിൽ ആപത്താണ്.

3.സർഗ്ഗ ശേഷികൾ വളർത്തുക - ചിന്തയും സർഗ്ഗാത്മകതയും ആശയവിനിമയം നടത്താനുള്ള കഴിവും, സാമൂഹിക ജ്ഞാനവും കുട്ടികൾക്ക് ഉണ്ടായിരിക്കണം. കുട്ടികളെ എപ്പോഴും സന്തോഷവാന്മാരായി നിർത്തുന്നതിലും നല്ല ഭക്ഷണം നൽകുന്നതിലും മാത്രമല്ല കാര്യം, കലാപരമായ കഴിവുള്ളവരെ ആ മേഖലയിൽ പ്രോത്സാഹിപ്പിക്കുകയും വേണം.

4 സ്വയം ചിന്തിക്കട്ടെ - ഒരിക്കലും കുട്ടികളുടെ ചിന്തയെ സ്വാധീനിക്കാൻ ശ്രമിക്കരുത്. അവർ സ്വയം ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക. അവരുടെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും വില കൽപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുക