ഉള്ളിൽത്തട്ടി അഭിനന്ദിക്കാം

ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ തുടങ്ങുന്നതാണ് പഠനം. ആദ്യപാഠം അമ്മയുടെ സ്പർശവും ചിരിയുമൊക്കെത്തന്നെ. തിരികെ ചിരിക്കാനും വിശക്കുമ്പോൾ കരയാനും പഠിക്കുന്നതു മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും എത്രയെത്ര പാഠങ്ങൾ അമ്മ കുഞ്ഞിനെ പഠിപ്പിക്കുന്നു. സ്കൂളിൽ പോയിത്തുടങ്ങുമ്പോൾ വേറൊരു രീതിയിലായി പഠനം. എങ്കിലും അപ്പോഴും പ്രധാന ഗുരു എന്ന സ്ഥാനം അമ്മയ്ക്കു തന്നെ.

നന്നായി പഠിപ്പിക്കാൻ അറിയാവുന്ന അമ്മമാരുണ്ട്, കാര്യമായൊന്നും അറിയാത്തവരുമുണ്ട്. ചെറിയ ചില കാര്യങ്ങൾ മനസ്സിൽ വച്ചാൽ നന്നായി പഠിപ്പിക്കാൻ ആർക്കുമാകും.

അഭിനന്ദിക്കാം, മടിയില്ലാതെ
അഭിനന്ദനം ആഗ്രഹിക്കാത്ത മനുഷ്യരില്ല. കുട്ടികളാണെങ്കിൽ, ഉള്ളിൽ തട്ടുന്നൊരു അഭിനന്ദന വാക്കുകൊണ്ട് നിങ്ങൾക്കവരെ ആഴത്തിൽ സ്വാധീനിക്കാം. സ്കൂളിൽ പോയിത്തുടങ്ങുന്ന കുട്ടികൾക്ക്, അവർ ചെയ്യുന്ന പ്രധാന കാര്യങ്ങളിൽ സ്റ്റാർ കൊടുക്കുന്നതു നല്ലൊരു വഴിയാണ്. നല്ലതു ചെയ്യുമ്പോൾ ഗ്രീൻ സ്റ്റാർ, മോശം ചെയ്താൽ റെഡ് സ്റ്റാർ. ഓരോ ദിവസവും കൂടുതൽ വരുന്നതു ഗ്രീൻ സ്റ്റാർ ആണെങ്കിൽ സമ്മാനം.

ഉദാഹരണത്തിനു ഭക്ഷണം കളയാതെ മുഴുവൻ കഴിക്കുക, ഹോംവർക്ക് തനിയെ ചെയ്യുക, ചെടി നനയ്ക്കുക, സ്കൂൾബാഗ്– യൂണിഫോം– പുസ്തകം– കളിപ്പാട്ടം അതതു സ്ഥാനത്തു വയ്ക്കുക എന്നിവയ്ക്ക് ഗ്രീൻ സ്റ്റാർ

കൂട്ടുകാരുമായോ സഹോദരങ്ങളുമായോ വഴക്കുണ്ടാക്കുക, ഭക്ഷണം കളയുക, സാധനങ്ങൾ നിരത്തിയിടുക തുടങ്ങിയവയ്ക്ക് റെഡ് സ്റ്റാറും കൊടുക്കാം. ഇഷ്ടപ്പെട്ട പലഹാരം ഉണ്ടാക്കിക്കൊടുക്കുക, ചെറിയ എന്തെങ്കിലും കളിപ്പാട്ടം വാങ്ങിക്കൊടുക്കുക തുടങ്ങിയവ സമ്മാനമാക്കാവുന്നതാണ്.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, പൊള്ളയായ അഭിനന്ദനങ്ങൾ ഒഴിവാക്കാനാണ്. കുറച്ചുനാൾ കഴിയുമ്പോൾ കുട്ടിക്കുതന്നെ അതു മനസ്സിലാവുകയും താൽപര്യം നഷ്ടപ്പെടുകയും ചെയ്യാം. അഭിനന്ദനം വാക്കാൽ പറയുന്നതിനെക്കാൾ ചിലപ്പോൾ ഒരു ഷെയ്ക് ഹാൻഡ് നൽകുന്നതോ സർപ്രൈസായി സമ്മാനം നൽകുന്നതോ കുട്ടിയെ സ്വാധീനിച്ചേക്കാം.