ലോക്ഡൗൺ

ലോക്ഡൗൺ കാലത്ത് കുട്ടികൾ ഹൈപ്പർ ആക്റ്റീവ് ആകുന്നുണ്ടോ?

ഇന്ന് കേരളത്തിലെ വീടുകളിൽ ഒട്ടുമിക്ക മാതാപിതാക്കളും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കുട്ടികളെ എങ്ങനെ അടക്കിയിരുത്തും എന്നത്. നീണ്ട മൂന്നു മാസത്തെ അവധിക്കാലം, ഒപ്പം പുറത്തിറങ്ങാൻ കഴിയാത്തതിന്റെ അമർഷം, കൂട്ടുകാരില്ല, ഔട്ട് ഡോർ ഗെയിംസ് ഇല്ല, ബന്ധു വീടുകളിലേക്കുള്ള യാത്രകളില്ല. ഒരു പരിധിയിൽ കൂടുതൽ ടിവി കണ്ടാൽ അതും പ്രശ്നം. ഇത്തരത്തിൽ നട്ടം തിരിഞ്ഞിരിക്കുന്ന കുട്ടികളെ അടക്കിയിരുത്തുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു ടാസ്ക് തന്നെയാണ്.

പ്രത്യേകിച്ച് ഒന്നിൽ കൂടുതൽ കുട്ടികളുള്ള വീടുകളിൽ ബോറടി പരിധിവിട്ട് അപകടകരമായ പല കുസൃതികളിലേക്കും തിരിയുന്നു എന്നതാണ് അമ്മമാരുടെ പക്ഷം. കൂടെ ഓൺലൈൻ ക്ലാസുകൾ കൂടി ആരംഭിച്ചതോടെ ആകെ കൂടി എന്തു ചെയ്യണമെന്നറിയാത്ത അവ്സഥയിലാണ് മാതാപിതാക്കൾ. സ്‌കൂളിൽ നിന്നും ദിനം പ്രതി അയയ്ക്കുന്ന ടാസ്കുകൾ പൂർത്തിയാക്കുന്നതിനായി പോലും മക്കളെ അടുത്ത് കിട്ടാത്ത അവസ്ഥ. ഓൺലൈൻ ക്ലാസുകൾ മുൻപ് ശീലമില്ലാത്തത് തന്നെയാണ് പ്രധാന പ്രശ്നം. അതോടൊപ്പം ഒന്നിൽ കൂടുതൽ മക്കൾ ഉള്ളവർക്ക് ഇതുണ്ടാക്കുന്ന സ്ട്രെസ് ഇരട്ടിയാണ്.

ഈ അവസ്ഥയിൽ സിസ്റ്റമാറ്റിക്ക് ആയ ഒരു ജീവിതശൈലിയിലേക്ക് മാതാപിതാക്കളും കുട്ടികളും മാറുക എന്നതാണ് പ്രധാനം. ഇതിന്റെ ആദ്യപടിയായി കുട്ടികളോട് കാര്യങ്ങൾ തുറന്നു സംസാരിക്കാം. ഒരു ദിവസം അവർക്ക് അവധിക്കാലത്ത് നിന്നും പഠനങ്ങളിലേക്ക് തിരിച്ചെത്തുന്നതിനായി അനുവദിക്കാം. അവർക്കിഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി നൽകിക്കൊണ്ട്, കാര്യമായ ചർച്ചയിലേക്ക് തിരിയാം.

കൃത്യമായ ഉറക്കം
ഈ അവധിക്കാലത്ത് പല കുട്ടികളും ഹൈപ്പർ ആക്റ്റീവ് ആയതിനു പിന്നിലുള്ള പ്രധാന കാരണം കുട്ടികൾക്ക് ആവശ്യത്തിന് ശ്രദ്ധ, ഉറക്കം എന്നിവ കിട്ടാത്തതാണ്. പല മാതാപിതാക്കളും മുന്നോട്ട് വച്ച പ്രധാന പരാതിയാണ് കുട്ടികൾ രാത്രി വളരെ വൈകിയും കാർട്ടൂണുകൾക്ക് മുന്നിലാണ് എന്നത്. അതിനാൽ മാതാപിതാക്കൾ മുൻകൈ എടുത്ത് കുട്ടികളുടെ സ്‌ക്രീൻ ടൈമിംഗ് കുറയ്ക്കുകയും അവർക്ക് ഉറങ്ങാനുള്ള അവസരം നൽകുകയും വേണം. രാത്രി വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്നത് പഠനത്തെ സാരമായി ബാധിക്കും.

തുറന്നു സംസാരിക്കുക
എന്താണ് ലോക്ഡൗൺ എന്നും, കൊറോണ വൈറസ് എന്നും കുട്ടികൾ ഇതിനോടകം അറിഞ്ഞിരിക്കും. അതിനാൽ അടുത്ത പടിയായി ഓൺലൈൻ ക്ലാസുകൾ എന്തുകൊണ്ടാണ് എന്നും അതിന്റെ രീതികൾ എന്താണ് എന്നും ക്ലാസുകളിൽ സജീവമായില്ലെങ്കിൽ എന്താണ് സംഭവിക്കുക എന്നും അറിയിക്കുക. പഠനം തുടങ്ങാൻ സ്‌കൂൾ തുറക്കുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക.

ടൈംടേബിൾ ഉണ്ടാക്കുക
കുട്ടികളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയാൽ അടുത്ത പടി ടൈംടേബിൾ ഉണ്ടാക്കുക എന്നതാണ്. ഓൺലൈൻ ക്ലാസുകൾ ഉണ്ടാകുന്ന സമയം, ടാസ്കുകൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയം, കുട്ടികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് മാതാപിതാക്കൾ തന്നെ ടൈംടേബിൾ തയ്യാറാക്കണം. ഇതിൽ കുട്ടികൾക്ക് ടിവി കാണാനും കളിക്കാനും ഒക്കെയുള്ള സമയം ഉൾപ്പെടുത്തണം. നേരത്തെ കളിക്കുന്നതിനായാണ് കൂടുതൽ സമയം ചെലവഴിച്ചിരുന്നത് എങ്കിൽ ഇനി മുതൽ പഠനത്തിന് കൂടുതൽ സമയം നല്കാൻ ശ്രദ്ധിക്കണം

അധ്യാപകരോട് സംസാരിക്കുക
ഓൺലൈൻ ക്ലാസുകൾ കുട്ടികൾ മുഖവിലയ്ക്ക് എടുക്കാതിരിക്കുന്നതിനുള്ള പ്രധാന കാരണം അധ്യാപകരോട് സംസാരിക്കാനുള്ള അവസരം പല ക്ലാസുകളിലും ലഭിക്കുന്നില്ല എന്നതാണ്. അതിനാൽ കുട്ടികളെ പഠനത്തിന്റെ ലോകത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി മാതാപിതാക്കൾ കുട്ടികളെ അധ്യാപകരുമായി സംസാരിക്കുന്നതിന് അനുവദിക്കുക . മാതാപിതാക്കൾക്കൊപ്പം അധ്യാപകരുടെ കൂടി വാക്കുകൾ ചേരുന്നത് കുട്ടികളിൽ ഇരട്ടി ഫലപ്രദമാകും.