എല്ലാ മേഖലകളിലും കുട്ടികളെ എങ്ങനെ മിടുക്കരാക്കാം!

ജോബിൻ എസ്.കൊട്ടാരം

മക്കൾ വലിയവരാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒാരോ മാതാപിതാക്കളും. പഠനരംഗത്തെയും പാഠ്യേതരരംഗത്തെയും അവരുടെ പ്രകടനത്തിൽ വീഴ്ച സംഭവിക്കുമ്പോൾ പലപ്പോഴും ഉത്കണ്ഠാകുലരാകുകയും ചെയ്യുന്നു. മക്കളും മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നതും, സമൂഹത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിൽ അവരെ നിരന്തരം ഇകഴ്ത്തി സംസാരിക്കുകയും ചെയ്യുന്നത് കുട്ടിയിൽ ഗുണത്തെക്കാളേറെ ദോഷങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് പലരും ഒാർക്കാറില്ല. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ നമ്മുടെ കുട്ടികളെ എല്ലാ മേഖലകളിലും മിടുക്കരാക്കാം.

1. മാതാപിതാക്കളുടെ ശ്രദ്ധ ലഭിക്കുന്നുവെന്ന തോന്നൽ
‘ഇവൻ മഹാ വികൃതിയാണ്’, ‘ഇവളുടെ കുരുത്തക്കേട് കൊണ്ട് തോറ്റു’ എന്നിങ്ങനെയുളള പരാതികള്‍ പല മാതാപിതാക്കളുടെയും ഭാഗത്ത് നിന്ന് കേൾക്കാറുണ്ട്. എന്നാൽ പോസിറ്റീവായ ശ്രദ്ധ ലഭിക്കാതെ വരുമ്പോഴാണ് കുട്ടികൾ പലപ്പോഴും നെഗറ്റീവായ കാര്യങ്ങൾ ചെയ്ത് മാതാപിതാക്കളുടെ ശ്രദ്ധ തങ്ങളിലേക്ക് ആകർഷിക്കുവാൻ ശ്രമിക്കുന്നത്. മക്കൾ തുടർച്ചയായി കുരുത്തക്കേടുകൾ കാണിക്കുമ്പോൾ നമ്മൾ അവർക്കൊപ്പം ആവശ്യത്തിന് സമയം ചിലവഴിക്കുന്നുണ്ടോ, നമ്മുടെ ശ്രദ്ധ അവർക്ക് ലഭിക്കുന്നുണ്ടോ എന്നൊക്കെ ചിന്തിക്കേണ്ടതാണ്.

2. മക്കളെ അഭിനന്ദിക്കുക
കുട്ടികളെ അഭിനന്ദിക്കുന്നതിനെക്കാളേറെ സമയം നമ്മൾ ചിലവഴിക്കുന്നത് പലപ്പോഴും അവരെ കുറ്റപ്പെടുത്തുവാനും വിമർശിക്കുവാനുമായിരിക്കും. ചെറിയ ചെറിയ കാര്യങ്ങൾ അവർ നന്നായി ചെയ്യുമ്പോൾ അവരെ അഭിനന്ദിക്കുക. നന്നായി ഹോംവർക്ക് ചെയ്യുമ്പോഴും ഒരു നല്ല ചിത്രം വരയ്ക്കുമ്പോഴും, നന്നായി പാട്ടുപാടുമ്പോഴും സ്റ്റഡി ടേബിൾ വൃത്തിയാക്കി വയ്ക്കുമ്പോഴും ഒക്കെ അവരെ അഭിനന്ദിക്കാം. ഇത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.

3. റോൾ മോഡലുകൾ വീട്ടിൽതന്നെ
ഒരു കുട്ടിയുടെ ആദ്യത്തെ റോൾ മോഡലുകൾ വീട്ടിലുളളവർതന്നെയാണ്. മുതിർന്നവരുടെ സംസാരവും പ്രവർത്തികളും ഒക്കെ കുട്ടികൾ നോക്കി മനസ്സിലാക്കും. മക്കളുടെ മുമ്പിൽ വച്ച് മാതാപിതാക്കൾ പരസ്പരം ഇകഴ്ത്തി സംസാരിക്കരുത്. പരസ്പരം പഴിചാരലുകളും, കുറ്റപ്പെടുത്തലുകളും വഴക്കും മക്കളുടെ മുമ്പിൽ വച്ച് പരമാവധി ഒഴിവാക്കുക. നിങ്ങൾ ചെയ്യുന്ന ഒരോ കാര്യവും മക്കൾ കണ്ടുപഠിക്കുമെന്നതിനാൽ തെറ്റായ ശീലങ്ങളുടെ സ്ഥാനത്ത് ദാനധർമ്മം, അച്ചടക്കം, പ്രാർത്ഥന, അടുക്കും ചിട്ടയുമാർന്ന ജീവിതം കൃത്യസമയത്ത് കിടന്ന് നേരത്തെ എഴുന്നേൽക്കുന്നത് എന്നിങ്ങനെ നല്ല ശീലങ്ങൾ മക്കൾക്ക് കാണിച്ചുകൊടുക്കാം.

4. മൊബൈൽ ഫോണിനും വേണം കടിഞ്ഞാൺ
വീട്ടിലെത്തിയാൽ മൊബൈൽ ഫോണിലെ നെറ്റ് ഒാഫ് ചെയ്ത് കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കുക. ചാറ്റിംഗും, വീഡിയോ കാണലും ഫേസ്ബുക്കും, വാട്ട്സ് ആപ്പുമൊക്കെ വീട്ടിൽ പരമാവധി ഒഴിവാക്കുക. മക്കൾക്കൊപ്പം കളിക്കുന്നതിലും അവരെ പഠിപ്പിക്കുന്നതിലും അവരെ ഒരുക്കുന്നതിലും അവരുടെ വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതിലുമൊക്കെ നിങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക. മക്കൾ വലുതായിക്കഴിഞ്ഞാൽ അവർക്കൊപ്പം ചിലവഴിക്കാൻ നമുക്ക് ഇത്രയും സമയം കിട്ടണമെന്നില്ല. നഷ്ടപ്പെട്ട ബാല്യം അവർക്കും ഒരിക്കലും തിരിച്ചുകിട്ടില്ലല്ലോ? മൊബൈൽ ഫോൺ കളിക്കാൻ കൊടുത്താൽ ശല്യമൊന്നുമുണ്ടാക്കാതെ കുട്ടി വിഡിയോ ഗെയിം കണ്ടു കൊണ്ടിരിക്കുമെന്നതിനാൽ അവരെ ഒഴിവാക്കാനുളള ഒരു മാർഗ്ഗമെന്ന നിലയിൽ പല മാതാപിതാക്കളും ഫോൺ മക്കള്‍ക്ക് കളിക്കാൻ നല്കുന്നത് കണ്ടവരുണ്ട്. ഇത് അഡിക്ഷനിലേക്കും പഠനത്തിൽ താൽപര്യമില്ലായ്മയിലേക്കും, വ്യക്തിത്വം ശരിയായ രീതിയിൽ വികസിക്കാതിരിക്കുവാനും കാരണമാകും. ഈയടുത്ത കാലത്ത് ദുബായിലുളള ഒരു സുഹൃത്തിന്റെ വീട്ടിൽ ചെന്നപ്പോൾ അയാളുടെ മകൻ ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കുകയാണ്. ഗസ്റ്റ് വന്നതൊന്നും ആ കുട്ടി അറിയുന്നതേയില്ല. ഗസ്റ്റിനോട് സംസാരിക്കുവാനോ പുറത്തു പോയി നടക്കുവാനോ കളിക്കുവാനോ ഒന്നും താൽപര്യം പ്രകടിപ്പിക്കുന്നുമില്ല. ഇത് അന്തര്‍മുഖത്വത്തിലേക്കും, വ്യക്തിത്വ വൈകല്യങ്ങളിലേക്കും വഴിതെളിക്കും.

5. മക്കൾ കളിച്ചുവളരട്ടെ
മനുഷ്യൻ ഒരു സാമൂഹ്യജീവിയായതിനാൽ മറ്റുളളവരുമായി ഇടപഴകി ജീവിച്ചെങ്കില്‍ മാത്രമെ അവന്റെ വ്യക്തിത്വ വികസനം സാധ്യമാകൂ. കൂട്ടുകാരുമൊത്ത് കളികളിലേർപ്പെടുമ്പോള്‍ തോല്ക്കാനും ജയിക്കാനും കുട്ടി പഠിക്കും. തോല്‍വി അന്തിമമല്ലെന്നും വിജയം ആത്മവിശ്വാസം പകർന്നു തരുമെന്നും അവൻ മനസ്സിലാക്കും. മത്സരങ്ങളുടേതായ ഒരു കാലഘട്ടത്തിൽ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കും. കളിക്കാൻ വീട്ടിൽ സ്ഥലം കുറവാണെങ്കിൽ മക്കളെ ഇടയ്ക്കൊക്കെ അടുത്തുളള പാർക്കുകളിലേക്ക് കൊണ്ടുപോവുക. മറ്റുളളവരെ പരിചയപ്പെടാനും, ലജ്ജ, ആത്മവിശ്വാസമില്ലായ്മ ഇവയൊക്കെ മാറാനും ഇത് സഹായകരമാണ്.

6. പണത്തിന്റെ മൂല്യം അവർ മനസ്സിലാക്കട്ടെ
മക്കൾ ചോദിക്കുന്നതെല്ലാം വാങ്ങിക്കാടുക്കുന്നതല്ല സ്നേഹം. പണമുണ്ടാക്കാൻ അച്ഛനമ്മമാർ കഷ്ടപ്പെടുന്നുണ്ടെന്ന് മക്കളും മനസ്സിലാക്കട്ടെ. ചെറിയ ചെറിയ ജോലികള്‍ അവർക്ക് നല്കാം. അവർ അത് നന്നായി പൂർത്തിയാക്കുമ്പോൾ ബുക്കുകൾ വാങ്ങാനും ക്രയോൺസ് വാങ്ങാനുമൊക്കെ ചെറിയ തുക അവർക്ക് നല്കാം അധ്വാനത്തിന്റെ മഹത്വവും പണമുണ്ടാക്കാനുളള കഷ്ടപ്പാടുമൊക്കെ ഇതുമൂലം അവർക്ക് എളുപ്പത്തിൽ മനസ്സിലാവുകയും ചെയ്യും. ഇത്തരത്തിൽ മക്കൾക്ക് ദിശാബോധം പകർന്നു നല്കിക്കൊണ്ട് അവരെ പിന്തുണയ്ക്കുവാൻ മാതാപിതാക്കള്‍ക്ക് കഴിയുമ്പോൾ അവർ ഭാവിയുടെ വാഗ്ദാനങ്ങളായി മാറും.

(പ്രചോദനാത്മക എഴുത്തുകാരനും, സൈക്കോളജിസ്റ്റും, മോട്ടിവേഷണൽ സ്പീക്കറുമാണ് ഇതുപത്തഞ്ചോളം മോട്ടിവേഷണൽ പുസ്തകങ്ങളുടെ രചയിതാവായ ശ്രീ.ജോബിൻ.എസ് കൊട്ടാരം ഫോൺ: 9447259402 facebook jobin s kottaram 11, website: www.starsofsuccess.com )