അമ്മമാരേ ശ്രദ്ധിക്കൂ! ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാൻ ഇതാ 6 വഴികൾ

കല്യാണം കഴിഞ്ഞു, ഭർത്താവും കുഞ്ഞുങ്ങളുമൊക്കെയായിയി ഇനി കരിയറിന് വിട! ഇങ്ങനെ പറഞ്ഞു ഉള്ളിൽ സ്വയം ഉരുകി തീരുന്ന എത്ര അമ്മമാരുണ്ട് നമ്മുടെ വീടുകളിൽ. ജോലി എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കേവലം ധനസമ്പാദനത്തിനുള്ള മാത്രം വഴിയല്ല. താൻ ഈ സമൂഹത്തിന്റെ കൂടി ഭാഗമാണ് എന്ന് ലോകത്തോട് വിളിച്ചു പറയാനും വ്യക്തിത്വ വികസനത്തിനും ഉള്ള മാർഗം കൂടിയാണ്. 

എന്നാൽ പലപ്പോഴും നമ്മുടെ അമ്മമാരുടെ ചുവടു തെറ്റുന്നത് കുട്ടികളെ വളർത്തലും ജോലിയും ഒരുമിച്ചുകൊണ്ടു പോകാൻ ശ്രമിക്കുമ്പോഴാണ്. വീട്ടിൽ  കുട്ടികളെ നോക്കാൻ  അമ്മൂമ്മമാരും അപ്പൂപ്പന്മാരും ഒന്നും ഇല്ലാത്ത അവസ്ഥയിലാണ് ഈ പ്രശ്നം രൂക്ഷമാകുന്നത്. ഇങ്ങനെയുള്ള അമ്മമാർക്ക് അവരുടെ ജോലിയും കുടുംബ ജീവിതവും നല്ല രീതിയിൽ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാൻ ഇതാ ആറു വഴികൾ !

1. കുറ്റബോധം പടിക്ക് പുറത്ത്‍
താൻ ജോലിക്ക് പോയി തുടങ്ങുന്നത് കുടുംബത്തെ ബാധിക്കുമോ എന്ന കുറ്റബോധമാണ് പകുതി പ്രശ്നങ്ങളെയും ക്ഷണിച്ചു വരുത്തുന്നത്. ജോലി ചെയ്തു വരുമാനം കണ്ടെത്തുന്നത് തന്റെ കുടുംബത്തിനുകൂടെ വേണ്ടിയാണ് എന്ന ചിന്തയാണ് ആദ്യം ഉണ്ടാകേണ്ടത്. ആ ചിന്തയിൽ നിന്നുമാകണം നാം ജീവിതം കെട്ടിപ്പടുക്കേണ്ടത്. കുറ്റബോധം മാറ്റി വച്ച് കാര്യങ്ങൾ ചെയ്‌താൽത്തന്നെ പകുതി ആശ്വാസമാകും.

2. കുട്ടികൾക്കായി  നല്ലൊരിടം കണ്ടു പിടിക്കുക‍
'അമ്മ ഓഫീസിൽ നിന്നും വരുന്നത് വരെ കുട്ടികളെ എന്തുചെയ്യും എന്നതാണ് അടുത്ത ചിന്ത. കുട്ടികളെ ഡേ കെയറുകളിലോ ടൂഷൻ ക്ളാസുകളിലോ ആക്കുന്നതിൽ യാതൊരു തെറ്റുമില്ല . കാരണം അമ്മയുടെ അധ്വാനം മക്കളുടെ ഭാവിക്കു കൂടെ വേണ്ടിയാണ്. എന്നാൽ ഇതിനായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ മികച്ച നിലവാരം ഉള്ളതാണ് എന്ന് ഉറപ്പു വരുത്തേണ്ട ചുമതല അമ്മക്കുണ്ട്. 

3. പ്രഭാതം കൂടുതൽ ഊർജസ്വലമാകട്ടെ‍
ജോലിക്ക് പോകുന്ന അമ്മമാരെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമായ സമയം പ്രഭാതമാണ്. കാലത്ത് ആരെങ്കിലും ഒന്ന് വൈകിയാൽ എല്ലാ കാര്യങ്ങളും താളം തെറ്റും. അതിനാൽ പാചകത്തിനായി സാധങ്ങൾ ഒരുക്കുക, ഡ്രസ്സ് ഇസ്തിരിയിടുക, പച്ചക്കറികൾ അറിഞ്ഞു വയ്ക്കുക തുടങ്ങിയ കാര്യങ്ങൾ രാത്രി തന്നെ ചെയ്യാം.  വീട്ടിലുള്ളവരുടെ സഹായം ഇതിനായി തേടാം.

4.  ഫാമിലി കലണ്ടർ തയ്യാറാക്കാം‍
എന്ത് കാര്യം ആര് എപ്പോൾ ചെയ്യണം എന്നത് സംബന്ധിച്ചും ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ചും വ്യക്തമായ വിവരങ്ങൾ അടങ്ങിയ ഒരു ഫാമിലി കലണ്ടർ തയ്യാറാക്കുക. നിങ്ങളുടെ ദിനചര്യകൾ ഇനി അതനുസരിച്ച് ആകട്ടെ. മാസാമാസം അടക്കാനുള്ള ലോണുകൾ, ചിട്ടികൾ മറ്റു ബില്ലുകൾ എന്നിവയും ഇതിൽ അടയാളപ്പെടുത്തിവയ്ക്കാം. 

5. തുറന്ന സംഭാഷണമാകാം‍
വീട്ടിൽ എത്തിയാൽ ഓഫീസിലെ കാര്യങ്ങൾ ചർച്ച ചെയ്യാതെ കുടുംബവുമായി തുറന്നു സംസാരിക്കുക. ആർക്ക് എന്ത് ബുദ്ധിമുട്ട് നേരിടുന്നു എന്ന് മനസിലാക്കി അത് അനുസരിച്ച് നടപടികളിൽ മാറ്റം വരുത്തുക. മാതാപിതാക്കളുമായും ഓഫീസിലെ സഹപ്രവർത്തകരുമായും മികച്ച സൗഹൃദാന്തരീക്ഷം നിലനിർത്തുക. മനസിലെ ആശങ്കകൾ അപ്പപ്പോൾ പങ്കുവയ്ക്കുക 

6 . പങ്കാളിക്കും കുഞ്ഞുങ്ങൾക്കുമായി സമയം മാറ്റി വയ്ക്കാം‍
ജോലിയുള്ള അമ്മമാർ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ് പങ്കാളിക്കും കുഞ്ഞുങ്ങൾക്കുമായി സമയം മാറ്റി വയ്ക്കാത്തത്. വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നതുകൊണ്ടും കുട്ടികളെ പഠിപ്പിക്കുന്നത് കൊണ്ടും അവരുടെ ആവശ്യങ്ങൾക്കായി പണം ചെലവഴിക്കുന്നതുകൊണ്ടും മാത്രം കാര്യമായില്ല. നിങ്ങളുടെ വിലപ്പെട്ട സമയം അവർക്കായി മാറ്റി വയ്ക്കുന്നതിനും നിങ്ങൾക്ക് കഴിയണം. ഒരുമിച്ച് വർത്തമാനം പറഞ്ഞിരിക്കുക, സിനിമ കാണുക, കളിക്കുക തുടങ്ങിയ കാര്യങ്ങൾ നിങ്ങളുടെ പാരന്റിങ് സ്‌കിൽ വളർത്തുകയും കുടുംബാന്തരീക്ഷം സന്തോഷ സമൃദ്ധമാക്കുകയും ചെയ്യും.