കുട്ടിയുടെ ഭാഷാപരമായ ബുദ്ധി എങ്ങനെ തിരിച്ചറിയാം? Linguistic Intelligence, Types of parents, Manorama Online

കുട്ടിയുടെ ഭാഷാപരമായ ബുദ്ധി എങ്ങനെ തിരിച്ചറിയാം?

ദിപിന്‍ ദാമോദരന്‍

ചില കുട്ടികളെ നിങ്ങള്‍ ശ്രദ്ധിക്കാറില്ലേ. പ്ലേ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ തന്നെ അക്ഷരങ്ങളോടും ഭാഷയോടും എല്ലാം വലിയ താല്‍പ്പര്യമായിരിക്കും. മറ്റ് കുട്ടികളേക്കാള്‍ മുമ്പ് തന്നെ സംസാരിക്കാനും തുടങ്ങിയിട്ടുണ്ടാകും. അതും ഊര്‍ജ്ജസ്വലമായി തന്നെ. എല്ലാ കുട്ടികള്‍ക്കും അതുപോലെ ഊര്‍ജ്ജമുണ്ടായിക്കൊള്ളണമെന്നുമില്ല. ഭാഷാപരമായ ബുദ്ധി അല്ലെങ്കില്‍ ലിന്‍ഗ്വിസ്റ്റിക് ഇന്റലിജന്‍സാണ് ആ കുട്ടികള്‍ക്ക് കൂടുതലുള്ളതെന്നതിന്റെ സൂചനയാണത്. 

ഡെവലപ്‌മെന്റല്‍ സൈക്കോളജിസ്റ്റായ ഹൊവാര്‍ഡ് ഗാര്‍ഡ്‌നറുടെ ബഹുമുഖ ബുദ്ധി സിദ്ധാന്ത(മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് തിയറി)ത്തില്‍ ആദ്യത്തേതാണ് ഭാഷാപരമായ ബുദ്ധി. നമ്മുടെ കുട്ടികള്‍ക്ക് വ്യത്യസ്ത തരത്തിലുള്ള ബുദ്ധികളാണുണ്ടാകുക. ഏത് തരത്തിലുള്ള ബുദ്ധിയാണ് അവരില്‍ കൂടുതലെന്ന് ആദ്യമേ കണ്ടെത്തി അതനുസരിച്ച് വളര്‍ത്തുന്നതാണ് ഉത്തമമെന്ന് മുന്‍ ലേഖനത്തില്‍ നമ്മള്‍ വിലയിരുത്തി. ഇതിലെ പ്രധാനപ്പെട്ടതാണ് ഭാഷാപരമായ ബുദ്ധിയെന്നാണ് ഗാര്‍ഡ്‌നര്‍ പറയുന്നത്. 

എന്താണ് പ്രത്യേകതകള്‍
പരമ്പരാഗത ബുദ്ധിയുടെ ഒരു ഭാഗം തന്നെയാണിത്. കുട്ടികള്‍ അവരുടെ ചിന്തകളെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കാന്‍ എങ്ങനെ ഭാഷയെ ഉപയോഗപ്പെടുത്തുന്നു, ഭാഷയിലൂടെ അക്കാര്യങ്ങള്‍ എങ്ങനെ അവര്‍ മനസിലാക്കുന്നു എന്നതെല്ലാം നിരീക്ഷിച്ചാല്‍ ഇത് വ്യക്തമാകും. 

കുട്ടി ഉച്ചത്തില്‍ സംസാരിക്കുന്നുണ്ടോ, കഥകള്‍ കേള്‍ക്കാന്‍ പ്രത്യേക താല്‍പ്പര്യമെടുക്കുന്നുണ്ടോ, ചറ പറ കാര്യങ്ങള്‍ പറയാന്‍ വെമ്പല്‍ കൂട്ടുന്നുണ്ടോ, ദേഷ്യം വരുമ്പോള്‍ ഉച്ചത്തില്‍ കരയാറുണ്ടോ, പേപ്പറില്‍ കുത്തിക്കുറിക്കുന്നത് കൂടുതലാണോ, പുസ്തകങ്ങളോ പേപ്പറോ കണ്ടാല്‍ മനസിലാകുന്നില്ലെങ്കില്‍ കൂടി അതെടുത്ത് നോക്കാറുണ്ടോ...എങ്കില്‍ സംശയിക്കേണ്ട അവന് അല്ലെങ്കില്‍ അവള്‍ക്ക് ഭാഷാപരമായ ബുദ്ധി കൂടുതലുണ്ട്. 

എങ്ങനെ വളര്‍ത്താം
മുകളില്‍ പറഞ്ഞതെല്ലാമാണ് ലക്ഷണങ്ങളെങ്കില്‍ എങ്ങനെയാണ് അവരെ വളര്‍ത്തേണ്ടത് എന്നത് പ്രസക്തമായ കാര്യമാണ്. വെറുതെ എന്‍ജിനീയറിങ്ങും സയന്‍സുമൊന്നും പഠിപ്പിച്ച് അവരുടെ കരിയര്‍ കളയാതിരിക്കുകയാണ് നല്ലത്. ആര്‍ട്ട്‌സിനോടായിരിക്കും കുറച്ചുകൂടി അവര്‍ക്ക് താല്‍പ്പര്യം. ഒരു കുട്ടി അവന്റെ ലക്ഷ്യങ്ങളെ എത്തിപ്പിടിക്കാന്‍ ഭാഷയെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഇവിടെ നമുക്ക് കാണാന്‍ സാധിക്കുക. അവന്‍ കാര്യങ്ങള്‍ ഓര്‍ത്ത് വെക്കുന്നത് ഭാഷാപരമായിട്ടായിരിക്കും. ഭാഷാപരമായ ബുദ്ധി കൂടുതലുള്ളവര്‍ സാധാരണയായി എഴുത്തുകാരും കവികളും അഭിഭാഷകരും എല്ലാമാണ് ആയിത്തീരാറുള്ളത്-ഗാര്‍ഡ്‌നര്‍ പറയുന്നു. 

നിങ്ങള്‍ ചെയ്യേണ്ടത് 
ഭാഷാപരമായ ബുദ്ധി കൂടുതലുള്ള കുട്ടികള്‍ക്ക് കൂടുതല്‍ പുസ്തകങ്ങള്‍ നല്‍കുക. കഥകള്‍ കേള്‍പ്പിക്കുക. പത്രം വായിക്കാന്‍ പ്രോത്സാഹിപ്പിക്കുക. അവരോട് ഒത്തിരിയൊത്തിരി സംസാരിക്കുക. ഒരു യാത്ര പോയി വന്നാല്‍ അനുഭവിച്ച കാര്യങ്ങള്‍ വിവരിക്കാന്‍ പറയുക. കഥകള്‍ എഴുതാന്‍ പറയുക... ഇതെല്ലാമാണ് ഒരു മാതാപിതാക്കളെന്ന നിലയില്‍ അത്തരത്തിലുള്ള കുട്ടികളോട് ചെയ്യേണ്ടത്. അവര്‍ക്ക് നല്‍കേണ്ട കളിപ്പാട്ടങ്ങള്‍ പുസ്തകങ്ങളും പേപ്പറും പെന്‍സിലും വേര്‍ഡ് ഗെയിമുകളുമെല്ലാമാണ്. 

പലപ്പോഴും ഇത് തിരിച്ചറിയാതെയാണ് ഹൈസ്‌കൂള്‍ ക്ലാസുകളില്‍ എല്ലാം എത്തുമ്പോള്‍ നിര്‍ബന്ധിച്ച് അവനെ ഡോക്റ്ററാക്കാനും എന്‍ജിനീയറാക്കാനുമെല്ലാം മാതാപിതാക്കള്‍ പദ്ധതി തയാറാക്കുന്നത്. അവരോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും അത്. കുട്ടികളുടെ ബുദ്ധി ഏതാണെന്ന് തിരിച്ചറിയുക ആണ് ഏതൊരു മാതാപിതാക്കളും ചെയ്യേണ്ട ആദ്യ കാര്യം. അതിന് സാധിച്ചാല്‍ അവരുടെ ഭാവി ശോഭനമാകും എന്ന കാര്യത്തില്‍ സംശയമേ വേണ്ട.