തർക്കുത്തരം പറയുന്ന കുട്ടിയെ നേരെയാക്കാം, സൂപ്പർ ടിപ്സ്!

കുട്ടികളെ പുറത്തു കൊണ്ടുപോകാൻ പേടിക്കുന്ന ചില മാതാപിതാക്കളുണ്ട്. കാരണം മറ്റൊന്നുമല്ല ആരാണ് എവിടെയാണ് എന്നൊന്നും നോക്കാതെയാകും ഈ വിരുതന്മാരുടെ വർത്തമാനം. എന്തുപറഞ്ഞാലും തർക്കുത്തരം മാത്രമേ പറയൂ. ഇത്തരം കുട്ടികളെ തല്ലിയത് കൊണ്ടോ വഴക്കു പറഞ്ഞതു കൊണ്ടോ കാര്യമില്ലെന്ന് മനസ്സിലാക്കുക. ഇത്തരക്കാരെ മെരുക്കി വരുതിയിലാക്കാനുള്ള സൂപ്പർ ഡ്യൂപ്പർ ടിപ്സുകൾ ഇതാ...

കാരണം കണ്ടെത്താം
തർക്കുത്തരം അവരുടെ സ്വഭാവമാണെന്ന രീതിയിൽ അവരോട് പെരുമാറരുത്. അങ്ങനെ അവർ സംസാരിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ എന്തെങ്കിലും ഇച്ഛാഭംഗമോ മനോവ്യഥയുണ്ടാക്കുന്ന കാര്യങ്ങളോ ഉണ്ടോയെന്ന് ചോദിച്ച് അറിയാം. അത്തരം നെഗറ്റീവ് കാര്യങ്ങളിൽ നിന്ന് അവരെ തിരികെ കൊണ്ടുവരാം. അങ്ങനെയുള്ളപ്പോൾ പറയേണ്ടതും പറയേണ്ടാത്തതും എന്താണെന്ന് അവരെ മനസിലാക്കാം.

അവരെ കേൾക്കാം
കുട്ടികൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ അവർ ശബ്ദമുയർത്തി സംസാരിക്കുകയും തർക്കുത്തരം പറയുകയുമൊക്കെ ചെയ്യുമെന്ന് ഓർക്കുക.

ശരിയായി സംസാരിക്കാൻ പഠിപ്പിക്കാം
ചെറിയകുട്ടികൾക്ക് അവർ ഉപയോഗിക്കുന്ന വാക്കുകളുടെ അർഥമോ വ്യാപ്തിയോ ഒന്നും അറിവുണ്ടാകില്ല. അത്തരം വാക്കുകൾ മറ്റുള്ളവർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടും അവർക്ക് അറിയില്ല. മറ്റുള്ളവർ നിന്നോട് ഇങ്ങനെ പെരുമാറിയാൽ നിനക്ക് വിഷമമാകില്ലേ അതുപോലെയാണ് മറ്റുള്ളവർക്കും തോന്നുക എന്ന് പറഞ്ഞ് മനസിലാക്കാം. ഇങ്ങനെ സംസാരിക്കുമ്പോൾ എന്താണ് മനസിൽ തോന്നുന്നതെന്ന് ചോദിച്ചറിയാം. അത്തരം സന്ദർഭങ്ങളിൽ എങ്ങനെ പെരുമാറണമെന്നും ശീലിപ്പിക്കാം.

സംസാരം നിർത്തേണ്ടിടത്ത് നിർത്താം
തർക്കുത്തരം അമിതമാകുമ്പോൾ ടൈം ഔട്ട് പറയാം. അല്പസമയം ഒരു മൂലയിൽ മിണ്ടാതെ നിർത്താം.

ഉദാഹരണത്തിലൂടെ നേരെയാക്കാം
പ്രവർത്തികൾക്ക് വാക്കുകളേക്കാൾ ശക്തിയുണ്ട്. മറ്റുള്ളവരോട് എങ്ങനെ, എന്ത് സംസാരിക്കണമെന്ന് മാതാപിതാക്കൾ വേണം കാണിച്ചു കൊടുക്കാൻ. മറ്റുള്ളവരോട് നന്നായി പെരുമാറാൻ പറഞ്ഞിട്ട്, വീട്ടിലെ പ്രായമായവരോടും സഹായിയോടും നിങ്ങൾ മോശമായി പെരുമാറാതെ നോക്കണം. കുട്ടികൾ കലപില സംസാരിച്ച് വളരട്ടെ, പക്ഷേ എങ്ങനെ സംസാരിക്കണമെന്നും മറ്റുള്ളവരെ മുറിവേൽപ്പിക്കാതെ സംസാരിക്കാനും അവരെ പഠിപ്പിക്കേണ്ടത് നമ്മളാണ്. തർക്കുത്തരവും ധാര്‍ഷ്‌ട്യമുള്ള സ്വഭാവം മാറ്റി അവരെ ആത്മവിശ്വാസമുള്ളവരാക്കി നമുക്ക് വളർത്താം.