വികൃതികളെ പോസിറ്റീവാക്കാന്‍ അച്ഛനമ്മമാര്‍ അറിയേണ്ടത്!

കൂട്ടുകാരന്റെ മൂക്കിടിച്ചു തകര്‍ത്തു എന്ന പരാതിയുമായി അഞ്ചു വയസ്സുകാരനായ മകന്റെ അധ്യാപിക വിളിച്ചപ്പോള്‍ അമ്മ ആകെ പേടിച്ചു. ഇടയ്ക്കിടെ വഴക്കു കൂടുന്നതു കണ്ടിട്ടും അതു കുട്ടികള്‍ക്കിടയില്‍ പതിവല്ലേ എന്നു തള്ളിക്കളയുകയാണ് അതുവരെ അമ്മ ചെയ്തിരുന്നത്. ആരെങ്കിലും കളിയാക്കിയാല്‍ മോന്‍ തല്ലു കൂടുമെന്നു മോനെ ന്യായീകരിക്കുകയും ചെയ്തിരുന്നു. കുസൃതിയെന്നു കരുതിയത് അക്രമസ്വഭാവത്തിലേക്കു മാറിയപ്പോള്‍ ആ ദുസ്സ്വഭാവം മാറ്റാനായി മനഃശാസ്ത്രജ്ഞന്റെ സഹായം തേടേണ്ടിവന്നു. വഴക്കു കൂടലും പിടിവാശിയും തര്‍ക്കുത്തരം പറയ ലും പോലെയുള്ള ദുസ്സ്വഭാവങ്ങള്‍ ചെറുപ്പം മുതലേ തിരുത്തേണ്ടവയാണ്. ഓരോ സ്വഭാവത്തിന്റെയും കാരണം അറിഞ്ഞുവേണം അവ തിരുത്തേണ്ടത്. കുട്ടിയിലെ നെഗറ്റീവ് സ്വഭാവത്തെ പോസിറ്റീവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ;

തല്ലു കൂടുന്ന കുസൃതികള്‍
കുട്ടി വഴക്കുണ്ടാക്കാനുള്ള കാരണം എന്താണെന്നു കണ്ടെത്തുക. ഹൈപ്പര്‍ ആക്ടീവായ കുഞ്ഞുങ്ങളില്‍ സ്ഥിരമായി വഴക്കുകൂടുന്ന സ്വഭാവം കാണാം. ടിവി, കാര്‍ട്ടൂണ്‍ തുടങ്ങിയവയില്‍ സ്ഥിരമായി അക്രമരംഗങ്ങള്‍ കാണുന്ന കുട്ടികളില്‍ അക്രമ സ്വഭാവം കൂടുതലായേക്കും. ഇവര്‍ക്ക് അടങ്ങിയിരിക്കുന്ന ശീലമുണ്ടാവുകയുമില്ല. കുട്ടിക്കു ദേഷ്യമുണ്ടാക്കിയതെന്താണെന്നു തിരിച്ചറിയണം. വെറുതെ തീരുമാനങ്ങളിലെത്തരുത്. പ്രശ്‌നം തുടങ്ങിയതാര്, കാരണം, സാഹചര്യം ഇവയെല്ലാം അറിഞ്ഞശേഷം മാത്രമേ കുട്ടിയെ ഉപദേശിക്കാവൂ. വഴക്കുണ്ടാക്കുന്നതു കണ്ടാല്‍ പെട്ടെന്നു ദേഷ്യപ്പെടുന്നതിനു പകരം കുട്ടിയെ ശാന്തമാക്കാന്‍ ശ്രമിക്കുക. കുട്ടിയെ മാറ്റിനിര്‍ത്തി ഒരു ഗ്ലാസ് വെള്ളം കൊടുക്കുക. ഉള്ളിലേക്ക് ശ്വാസമെടുക്കാന്‍ പറയാം. ദേഷ്യം വരുമ്പോള്‍ ശാന്തമാകാന്‍ ഇത്തരം വിദ്യകള്‍ ചെയ്യണമെന്നു പറഞ്ഞു കൊടുക്കുക. മറ്റുള്ളവരെ ഉപദ്രവിച്ചാല്‍ അവര്‍ക്കു വേദനിക്കുമെന്ന് പറഞ്ഞു മനസ്സിലാക്കാം. ഈ പെരുമാറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ നല്‍കുമെന്നു മുന്നറിയിപ്പ് നല്‍കുക. വീണ്ടും വഴക്കുണ്ടാക്കിയാല്‍ ശിക്ഷ കൊടുക്കുക. ശാരീരികമായി വേദനിപ്പിക്കുന്നതാവരുത് ശിക്ഷ. ഇഷ്ടപ്പെട്ട കാര്യത്തിനു വിലക്കേര്‍പ്പെടുത്തുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. കളിക്കിടെയാണു കുട്ടി വഴക്കുണ്ടാക്കിയതെങ്കില്‍ ഒരു മണിക്കൂറോ ഒരു ദിവസമോ കളിക്കാന്‍ പോകുന്നതു നിഷേധിക്കാം. ഉപദ്രവിച്ച കൂട്ടുകാരനോടു ക്ഷമ പറയിപ്പിക്കുകയും വേണം.

തര്‍ക്കുത്തരം പറയുമ്പോള്‍
മൂന്നര നാല് വയസ്സു പ്രായത്തില്‍ മിക്ക കുട്ടികളിലും പ്രകടമാകുന്ന സ്വഭാവമാണ് തര്‍ക്കുത്തരം പറയുക അഥവാ നെഗറ്റിവിസം. കുട്ടികളുടെ മാനസ്സികവളര്‍ച്ചയിലെ ഒരു ഘട്ടമാണ് ഇത്. നാലര വയസ്സാകുമ്പോള്‍ ഈ ശീലം തനിയെ മാറും. ചിലരില്‍ ഈ സ്വഭാവം കൂടിയെന്നും വരാം. ചില കുട്ടികള്‍ വീട്ടില്‍ മാത്രമാവും തര്‍ക്കുത്തരം പറയുക. ചിലര്‍ സ്‌കൂളിലും വീട്ടിലും പുറത്തുമെല്ലാം തര്‍ക്കുത്തരം പതിവാക്കും. തര്‍ക്കുത്തരം പറയുന്നതിനു കുട്ടിയെ പ്രേരിപ്പിക്കുന്ന മനോഭാവമെന്തെന്നു കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. വല്ലപ്പോഴും തമാശയായാണു തര്‍ക്കുത്തരം പറയുന്നതെങ്കില്‍ അത്ര പ്രശ്‌നമില്ല. എതിര്‍ക്കാനുള്ള മനോഭാവത്തോടെയോ പരിധിയിലും കൂടുതലായോ തര്‍ക്കുത്തരം പറയുകയാണെങ്കില്‍ അതു ഗൗരവമായെടുക്കണം.

ചിലപ്പോള്‍ മറ്റുള്ളവരുടെ മുന്നിലിരിക്കുമ്പോഴാവും കുട്ടി തര്‍ക്കുത്തരം പറയുന്നത്. പിന്നീട് മാറ്റിനിര്‍ത്തി കുട്ടിയെ ഉപദേശിക്കുക. കുട്ടിയുടെ കണ്ണില്‍ നോക്കി ലളിതമായി സാവധാനത്തില്‍ വേണം ഉപദേശിക്കേണ്ടത്. വഴക്കെല്ലാം മാറി ശാന്തമായിരിക്കുമ്പോള്‍ ഉപദേശിക്കുന്നതാണു കൂടുതല്‍ നല്ലത്. തര്‍ക്കുത്തരം പറയുന്നതിന്റെ ദൂഷ്യഫലങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയും വേണം.

തെറ്റ് ചെയ്യുമ്പോള്‍ ഉടന്‍ തന്നെ ശിക്ഷ കൊടുക്കുന്നതാണു നല്ലത്. ഷോപ്പിങ് മാളിലോ റസ്റ്ററന്റിലോ വച്ചു കുട്ടി തര്‍ക്കുത്തരം പറഞ്ഞാല്‍ ഉടന്‍ ശിക്ഷ നല്‍കാന്‍ കഴിയില്ല. പകരം വഴക്കുപറയാം. മാതാപിതാക്കളുടെ പ്രതികരണത്തില്‍ നിന്നാണു കുഞ്ഞുങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. അമ്മയുടെ മുഖത്തു ദേഷ്യം കണ്ടാല്‍ താന്‍ ചെയ്തത് അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നു കുട്ടികള്‍ക്കു മനസ്സിലാകും. തിരികെ വീട്ടിലെത്തുമ്പോള്‍ ആ സംഭവം ഓര്‍മിപ്പിച്ചശേഷം തര്‍ക്കുത്തരം പറയുന്നത് ആവര്‍ത്തിക്കരുതെന്നു കര്‍ശനമായി വിലക്കുക.

പിടിവാശി കാട്ടിയാല്‍
അച്ഛനമ്മമാര്‍ക്കു വാശി കാണിക്കുന്ന സ്വഭാവമുണ്ടെങ്കില്‍ മക്കള്‍ ജന്മനാ വാശിയുള്ളവരാകാന്‍ സാധ്യതയുണ്ട്. കുട്ടിയുടെ ബുദ്ധിശക്തി, ശാരീരികമായ വൈകല്യങ്ങള്‍ ഇതെല്ലാം പരിഗണിക്കണം. ശാരീരിക, സ്വഭാവവൈകല്യങ്ങള്‍ പിടിവാശിയുടെ കാരണമാവാം.

കരയുകയോ വഴക്കുണ്ടാക്കുകയോ ചെയ്താല്‍ കുട്ടി ആവശ്യപ്പെട്ട കാര്യം സാധിച്ചു കൊടുക്കുകയാണു മിക്ക മാതാപിതാക്കളും ചെയ്യുക. വാശി പിടിച്ചാലുടന്‍ ആവശ്യപ്പെടുന്നതു കിട്ടും എന്ന ധാരണയാണ് ഇങ്ങനെ ചെയ്യുമ്പോള്‍ കുട്ടിയുടെ മനസ്സിലുണ്ടാവുക. പിടിവാശിയെ അവഗണിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. ആവശ്യപ്പെട്ട കാര്യം എന്തുകൊണ്ടാണ് നല്‍കാത്തത് എന്നു കുട്ടിയോടു പറയണം. വാശി പിടിച്ചു കരഞ്ഞു ബഹളം വയ്ക്കുകയാണെങ്കില്‍ എത്ര കരഞ്ഞിട്ടും കാര്യമില്ല എന്നും പറയുക. അമിതമായി വാശി പിടിക്കുന്ന സമയത്ത് പത്തോ ഇരുപതോ മിനിറ്റ് കുട്ടിയെ ഒറ്റയ്ക്ക് മാറ്റി ഇരുത്തുന്നതു പ്രയോജനം ചെയ്യും. ശാന്തമാകുന്നതു വരെ ഇരുത്തുന്നതാണു നല്ലത്. വഴക്കില്ലാതെ സമാധാനമായിരിക്കുന്ന സമയത്തു കുട്ടിയെ ഉപദേശിക്കുകയും വേണം.

മാതാപിതാക്കളില്‍ ഒരാള്‍ 'നോ' പറയുന്ന കാര്യം മറ്റേയാള്‍ സാധിച്ചു കൊടുക്കുന്നത് ഒഴിവാക്കണം. അച്ഛന്‍ വഴക്കു പറഞ്ഞതിന്റെ പേരില്‍ കരയുന്ന കുട്ടിയോട് 'മോന്‍ അങ്ങനെ ചെയ്തിട്ടല്ലേ അച്ഛന്‍ വഴക്കു പറഞ്ഞത്, ഇനി അതേപോലെ ചെയ്യാതിരുന്നാല്‍ മതി' എന്ന രീതിയില്‍ ആശ്വസിപ്പിക്കാം. ചെയ്തതു തെറ്റാണെന്നു കുട്ടിക്കു ബോധ്യമുണ്ടാകുന്ന രീതിയിലാവണം ആശ്വസിപ്പിക്കേണ്ടതെന്നു മാത്രം.

കുസൃതി വില്ലനാകുമ്പോള്‍


* രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികളെ ഉപദേശിച്ചാല്‍ അവര്‍ക്കു കൃത്യമായി മനസ്സിലാകും. ലളിതമായ ഭാഷയില്‍ നിര്‍ത്തി നിര്‍ത്തി വേണം പറഞ്ഞുകൊടുക്കേണ്ടത്. ഒരു തവണ ഉപദേശിച്ചാല്‍ മതിയെന്നു കരുതരുത്. കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊടുത്താലേ കുട്ടികളുടെ മനസ്സില്‍ നില്‍ക്കൂ.

* ശിക്ഷ നല്‍കുമ്പോള്‍ ശാരീരികവും മാനസ്സികവുമായ പീഡനമാവാതെ ശ്രദ്ധിക്കണം. പ്രായത്തിനും ചെയ്ത തെറ്റിനും അനുസരിച്ചാവണം ശിക്ഷ നല്‍കേണ്ടത്.

* അഞ്ച് വയസ്സുള്ള കുട്ടിയെ പെരുമാറ്റ ദൂഷ്യത്തിന് അഞ്ചോ പത്തോ മിനിറ്റ് ഒറ്റയ്ക്കിരുത്തിയാല്‍ മതിയാകും. ടിവി, കംപ്യൂട്ടര്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ ഇല്ലാത്ത സ്ഥലം തിരഞ്ഞെടുക്കുക. അമ്മയുടെയോ അച്ഛന്റെയോ ശ്രദ്ധ കിട്ടുന്ന സ്ഥലത്തേ കുട്ടിയെ ഇരുത്താവൂ.

* നന്നായി പെരുമാറുമ്പോള്‍ കുഞ്ഞിനെ അഭിനന്ദിക്കാനും ശ്രദ്ധിക്കണം.

ഡോ. എ. നിര്‍മല, പ്രിന്‍സിപ്പല്‍ ആന്‍ഡ് ചൈല്‍ഡ് സൈക്കോളജിസ്റ്റ്, ശാന്തി നികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തിരുവനന്തപുരം. ഡോ. മിനി കെ. പോള്‍, കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍, തിരുവനന്തപുരം.

കൂടുതൽ വാർത്തകൾക്ക്