മക്കൾക്ക് നൽകേണ്ടത് എന്ത്?

സെബിൻ എസ്. കൊട്ടാരം

അധ്യാപികയാണ് ആനി. മക്കളും അതേ സ്കൂളിലാണ് പഠിക്കുന്നത്. വൈകുന്നേരം സ്കൂൾ വിട്ടു കഴിയുമ്പോള്‍ അമ്മയ്ക്കൊപ്പം കാറിലാണ് മക്കളും മടങ്ങുന്നത്. അന്ന് സ്പെഷൽ ക്ലാസുണ്ടായിരുന്നതുകൊണ്ട് സ്കൂളിൽ നിന്നിറങ്ങാൻ അൽപം വൈകി. ടൗണിലേക്കാണെങ്കിൽ ഞങ്ങളുമുണ്ട് എന്ന് ഒപ്പമുള്ള ടീച്ചേഴ്സ് പറഞ്ഞു. അവരെയും കയറ്റി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഇളയമകൻ കാറിൽ കയറിയിട്ടില്ല എന്നറിയുന്നത്.

ധൃതിക്കിടെ എല്ലാവരും ഉണ്ടെന്നോർത്ത് കാർ വിടുകയായിരുന്നു. അതോടെ ആധി പൂണ്ട ആനിയെ മറ്റു ടീച്ചർമാർ ആശ്വസിപ്പിച്ചു. എന്നാൽ, തന്നെക്കാണാതെ മോൻ പേടിക്കുമെന്നോർത്ത് ആനിയുടെ ടെൻഷൻ കൂടി, പെട്ടെന്ന് തന്നെ വണ്ടി റിവേഴ്സ് എടുത്ത് വേഗം സ്കൂളിൽ മടങ്ങിയെത്തി. അവിടെയതാ ബാഗും പിടിച്ചു മോൻ നിൽക്കുന്നു. കാർ കണ്ടതും അവൻ ഓടി വന്ന് വണ്ടിയിൽ കയറി. മോൻ പേടിച്ചുപോയോ? കൂട്ടത്തിലുണ്ടായിരുന്ന ടീച്ചേഴ്സിൽ ഒരാൾ ചോദിച്ചു. ഇല്ല, എനിക്കറിയാമായിരുന്നു അമ്മ തിരിച്ചു വരുമെന്ന് – പുഞ്ചിരിച്ചുകൊണ്ട്, ആത്മവിശ്വാസത്തോടെ ആ കുട്ടി മറുപടി നൽകി.

തന്റെ അമ്മയിൽ അവന് വിശ്വാസമുണ്ടായിരുന്നു. ഈയൊരു വിശ്വാസമാണ് ഓരോ മാതാപിതാക്കളിലും മക്കൾക്കുണ്ടാവേണ്ടത്. അതിന് ഹൃദയം തുറന്ന, ആത്മാർത്ഥമായ ബന്ധം മക്കളുടെയും മാതാപിതാക്കളുടെയും ഇടയിൽ ആവശ്യമാണ്. മക്കളുടെ കാര്യങ്ങളിൽ ശ്രദ്ധിച്ചുകൊണ്ട്, ഇഫക്ടീവായി അവർക്കൊപ്പം സമയം ചെലവഴിക്കണം, അവരുടെ കൊച്ചു കൊച്ചു നേട്ടങ്ങളിൽ അവരെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക. അതേസമയം അവർ തെറ്റു ചെയ്യുമ്പോൾ അത് ചൂണ്ടിക്കാട്ടുകയും തിരുത്താൻ സ്നേഹത്തോടെ പറയുകയും ചെയ്യുക. സ്നേഹപൂർവമായ ശാസന അവഗണിച്ചാൽ ചെറിയ ശിക്ഷ നൽകുന്നതും തെറ്റ് ബോധ്യപ്പെടാൻ സഹായിക്കും.

അമേരിക്കയും മെക്സിക്കൻ കൾച്ചറും

ഞാൻ യുഎസിൽ താമസിച്ചിരുന്ന സമയത്ത് ആതിഥേയരായ തദ്ദേശീയർ പുറത്തുപോവുമ്പോഴെല്ലാം മെക്സിക്കൻ റസ്റ്ററന്റുകളിലേക്കായിരുന്നു കൊണ്ടുപോയിരുന്നത്. മാത്രമല്ല അവർക്കെല്ലാം മെക്സിക്കൻ ഭാഷയും നന്നായി അറിയാമായിരുന്നു.

ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് ഒരു കാര്യം വ്യക്തമായത്. മെക്സിക്കോയിൽ നിന്ന് കുടിയേറിയവരാണ് യുഎസിലെ നല്ലൊരു ശതമാനം ആയമാരും. ചെറുപ്പത്തിൽ അപ്പനുമമ്മയും ജോലിക്കു പോകുമ്പോൾ കുട്ടികളെ നോക്കുന്നത് ഈ ആയമാരാണ്. അവർ ശീലിച്ച ഫുഡ് മെക്സിക്കൻ ആയതുകൊണ്ട് അതവർ അമേരിക്കന്‍ കുഞ്ഞുങ്ങൾക്കും കൊടുക്കും. കുഞ്ഞുങ്ങളോട് സംസാരിക്കുന്നതും മെക്സിക്കൻ ഭാഷയിലായതിനാൽ കുട്ടികളും അത് പഠിച്ചു. ബാല്യത്തിൽ കുട്ടികളുടെ സംസ്കാരം രൂപീകരിക്കുന്ന കാലഘട്ടത്തിൽ അവർ ആർക്കൊപ്പമാണോ ആ സംസ്കാരം കുട്ടികൾ എളുപ്പത്തില്‍ സാംശീകരിക്കും. അതിനാൽ, കഴിയുമെങ്കിൽ മാതാപിതാക്കൾ തന്നെ കു‍ഞ്ഞുങ്ങളെ വളർത്താന്‍ ശ്രമിക്കുക. പറ്റാത്ത സാഹചര്യമാണെങ്കിൽ നാം വളർത്താൻ ഏൽപ്പിക്കുന്നവരുടെ സ്വാഭാവവും പശ്ചാത്തലവും സംസ്കാരവും എല്ലാം നോക്കിയശേഷം മക്കളുടെ നല്ല ഭാവിക്ക് ദോഷമാവുകയില്ല എന്നുറപ്പു വരുത്തിയിട്ടാവണം അവരെ ഏൽപ്പിക്കേണ്ടത്.

ബന്ധുക്കളുടെ വീടുകളിൽ ആണെങ്കിൽ പോലും മക്കളെ നിർത്തേണ്ടി വരുന്ന സാഹചര്യത്തിൽ അവിടെ മക്കൾ മാനസികമായും ശാരീരികമായും സുരക്ഷിതരും സംതൃപ്തരുമാണെന്ന് ഉറപ്പു വരുത്തണം.

അതല്ലാതെ, കുത്തുവാക്കുകളും, സമയത്തും ആവശ്യത്തിനും ഭക്ഷണം കൊടുക്കാത്ത രീതികളും ഒക്കെയാണെങ്കിൽ അത് കുട്ടികളുടെ മനസിൽ മുറിവുകളുണ്ടാക്കും.

ബുദ്ധിമുട്ടുകൾ അറിയണം

ഞാൻ പ്രയാസത്തിലാണെങ്കിലും ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് മക്കളെ വർത്തിയത്. ഇപ്പോൾ പഠിച്ച് ജോലിയും കുടുംബവുമൊക്കെയായപ്പോൾ എന്നോടിങ്ങനെ ചെയ്തല്ലോ എന്ന് ചില മാതാപിതാക്കള്‍ പറയുന്നത് കേട്ടിട്ടുണ്ട്. തങ്ങളുടെ സഹനങ്ങൾ മക്കളെ അറിയിക്കാതെ വളർത്തിയതാണ് ഏറ്റവും വലിയ തെറ്റ്. ഇവിടെ മാതാപിതാക്കളുടെ അധ്വാനവും സഹനങ്ങളും അവസ്ഥയും അറിഞ്ഞു വേണം മക്കൾ വളരാൻ. അപ്പോൾ അവരുടെ ആവശ്യങ്ങളും അതിനനുസരിച്ചായിരിക്കും. അതല്ലാതെ വരുമ്പോഴാണ്, വലിയ ആഗ്രഹങ്ങൾ സാധിക്കാതെ വരുമ്പോള്‍ പിണക്കവും അകൽച്ചയും വൈരാഗ്യവും ഒക്കെയുണ്ടാവുന്നത്.

വഴിതെറ്റിക്കാന്‍ മൊബൈൽ

കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിൽ നിന്നും കൗൺസലിങ്ങിനു വന്ന ദമ്പതികളുടെ മകൻ ഒൻപതാം ക്ലാസ്സിലാണ്. ബർത്ത്ഡേ സമ്മാനമായി നൽകിയത് വില കൂടിയ സ്മാർട്ട്ഫോൺ. ചോദിച്ചപ്പോൾ, അവന്റെ നിർബന്ധം സഹിക്കാനാവാതെയാണ് മൊബൈൽ കൊടുത്തതെന്ന് അമ്മ. മക്കൾക്ക് പല കാര്യങ്ങളിലും ശാഠ്യവും നിർബന്ധബുദ്ധിയും കാണും. അതിനനുസരിച്ച് മാതാപിതാക്കള്‍ തീരുമാനമെടുത്താൽ അത് ദുഃഖത്തിന് കാരണമാവും.

കൊച്ചുകുട്ടികൾ ചിലപ്പോള്‍ ഏതെങ്കിലും സാധനങ്ങൾ വാങ്ങിത്തരാനായി ഷോപ്പിങ് മാളിലോ പബ്ലിക് ഏരിയായിലോ നിലത്തു കിടന്നുരുണ്ടെന്ന് വരും. എല്ലാവരും കാണുന്നല്ലോ, നാണക്കേടാ, മേടിച്ചു കൊടുത്തേക്കാം എന്നു ചിന്തിച്ചാൽ കുട്ടി ഇതൊരു ശീലമാക്കും. അതിനാൽ, വിവേകപൂർവം മക്കൾക്ക് വേണ്ടത് മാത്രം നൽകുക.

സ്മാർട്ട് ഫോണുകളിലെല്ലാം ഇന്റർനെറ്റും മറ്റു സൗകര്യങ്ങളുമുണ്ട്. അതിൽ നല്ലതും ചീത്തയുമായ വെബ്സൈറ്റുകളും വിഡിയോകളുമുണ്ട്. യൂട്യൂബിലും മറ്റും സജസ്റ്റഡ് വിഡിയോസ് എന്ന പേരിൽ അശ്ലീല വിഡിയോ കണ്ടും മറ്റുമെല്ലാം ഹോം പേജിൽ വന്നു കിടക്കും. മക്കളുടെ കൈയിലേക്ക് നിയന്ത്രണമില്ലാതെ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ കൊടുത്താൽ ഒരുപക്ഷേ അവർ അബദ്ധത്തിൽ കാണുന്നത് ഇത്തരം ദൃശ്യങ്ങളായിരിക്കും. അതിനാൽ, സ്മാർട്ട് ഫോൺ ഉപയോഗം നിയന്ത്രിക്കുക.

ലഹരിയുടെ വാഹകർ സഹപാഠികൾ

ഇന്ന് സ്കൂളുകളിൽ പോലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ലഭ്യമാണ്. ഐസ്ക്രീമിലും മിഠായികളിലും വരെ ലഹരി ചേർത്ത് വിൽപ്പന നടത്തുന്നുണ്ട്. പല കേസുകളിലും ലഹരിവസ്തുക്കൾ മറ്റ് കുട്ടികളിലെത്തിക്കാൻ കാരിയേഴ്സ് ആയി ലഹരിമരുന്ന് സംഘങ്ങൾ ഉപയോഗിക്കുന്നത് മറ്റ് കുട്ടികളെ തന്നെയാണ്. അടുത്ത കാലത്ത് ചങ്ങനാശേരിയിൽ ഉൾപ്പെടെ ചില കുട്ടികൾ ആത്മഹത്യ ചെയ്തത് ലഹരിമരുന്നിന്റെ സ്വാധീനത്താലുള്ള സ്വഭാവ– ചിന്താ വൈകല്യങ്ങളാലാണ്.

നിയന്ത്രിക്കാം ടിവി, ഗെയിം, യൂട്യൂബ്

പല കുട്ടികളും ഇന്ന് ടിവി, വിഡിയോ ഗെയിം, യൂട്യൂബ്, വാട്ട്സ്ആപ്പ്, ഫേയ്സ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ എന്നിവയിൽ അഡിക്ടാണ്. മണിക്കൂറുകളോളം ഇവയോടൊത്ത് സമയം ചെലവഴിക്കുമ്പോൾ പഠനത്തിൽ ശ്രദ്ധയില്ലായ്മ, ഓർമ്മക്കുറവ്, ഉറക്കക്കുറവ്, മറ്റുള്ളവരുമായി ഇടപഴകാൻ ആത്മവിശ്വാസമില്ലായ്മ, അപകർഷതാബോധം തുടങ്ങിയ പ്രശ്നങ്ങൾ ഇതുമൂലം കുട്ടികളിലുണ്ടാവുന്നു.

കരിയർ സെലക്ഷൻ പ്രധാനം

മുൻപ് അൺ എംപ്ലോയ്മെന്റായിരുന്നു (തൊഴിലില്ലായ്മ) പ്രശ്നമെങ്കിൽ ഇന്ന് അണ്ടർ എംപ്ലോയ്മെന്റാണ് പ്രധാന പ്രശ്നം. അതായത് നേടിയ യോഗ്യതയേക്കാളും വളരെ താഴ്ന്ന യോഗ്യത മാത്രം ആവശ്യമുള്ള ജോലികൾ ചെയ്യേണ്ടി വരുക.

കഴിഞ്ഞ ദിവസം ഒരു വ്യക്തിയെ കണ്ടു. സംസാരിച്ചപ്പോൾ എം.ബി.ബി.എസ് കഴിഞ്ഞ ഡോക്ടറാണ്. പിജിക്ക് അഡ്മിഷൻ കിട്ടിയില്ല. എം.ബി.ബി.എസ് മാത്രം കഴിഞ്ഞവരെ വലിയ ആശുപത്രികളിലും വേണ്ട. കുറേനാൾ ജോലിക്കു ശ്രമിച്ചിട്ടു കിട്ടാതെ വന്നപ്പോൾ സർക്കാര്‍ ജോലിക്കായി എൽഡി ക്ലർക്കിന്റെ പരീക്ഷ എഴുതാൻ പോവുകയാണെന്ന് നിരാശ നിറഞ്ഞ വാക്കുകൾ. സമാനമായ സാഹചര്യത്തിൽ എൻജിനീയറിങ്, നഴ്സിങ്, മാനേജ്മെന്റ്, കംപ്യൂട്ടർ സയൻസ്... ഉൾപ്പെടെയുള്ള മേഖലകളിൽ നിന്നുള്ളവരെയും കണ്ടു. മുൻകാലത്തെ അപേക്ഷിച്ച് പതിൻമടങ്ങ് പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് ഇന്ത്യയിലും വിദേശത്തുമുണ്ട്. ഇവയിൽ നിന്നു പഠിച്ചിറങ്ങുന്നതു ഓരോ വർഷവും അനേക ലക്ഷങ്ങളാണ്. അപ്പോൾ കൂടുതൽ മികവുള്ളവർ മാത്രം തിരഞ്ഞെടുക്കപ്പെടുന്നു.

വിദേശത്ത് എം.ബി.ബി.എസ് പഠിച്ചവർക്ക് ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യണമെങ്കിൽ ഇന്ത്യൻ മെഡിക്കൽ കൗൺസില്‍ നടത്തുന്ന പരീക്ഷ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്) പാസാകണം. ഇതിലെ വിജയശതമാനം 25% മാത്രമാണ്. അതായത് വിദേശത്ത് എം.ബി.ബി.എസ് കഴിയുന്ന ഒരു ലക്ഷം പേരിൽ മുക്കാൽ ലക്ഷത്തോളം പേരും ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാപരീക്ഷ പാസാകുന്നില്ല. ഇവിടെ എൻജിനീയറിങ് പഠിക്കുന്ന 40% പേരും അഞ്ചും ആറും വർഷങ്ങളായി പല പേപ്പറുകളും പാസാകാതെ നിൽക്കുന്ന അവസ്ഥയുണ്ട്. അതിനാൽ ട്രെൻഡോ, സ്റ്റാറ്റസോ, മറ്റുള്ളവരുടെ തെറ്റായ അഭിപ്രായമോ മാത്രം നോക്കി മക്കളുടെ കരിയർ തിരഞ്ഞെടുക്കാതെ അവരുടെ അഭിരുചിയും കഴിവും ഇഷ്ടവും തൊഴിൽ സാധ്യതയും നോക്കി ഭാവിയിലെ ലക്ഷ്യം തിരഞ്ഞെടുക്കുക.

വായന മനസിനെ ശുദ്ധമാക്കും

നല്ല ആത്മീയ, പ്രചോദനാത്മക, ജീവചരിത്ര, ചരിത്ര ഗ്രന്ഥങ്ങൾ വായിക്കുന്നത് മനസിനെയും സ്വഭാവത്തെയും വിശുദ്ധമാക്കാനും ശ്രദ്ധ വർദ്ധിപ്പിക്കാനും സഹായിക്കും. മനസിലെ അസ്വസ്ഥതകൾ നീങ്ങാനും ഇടയാക്കും. അതിനാൽ മക്കൾക്ക് നല്ല പുസ്തകങ്ങൾ വാങ്ങി നൽകാം. നല്ല കഥകൾ, ജീവിതങ്ങൾ അവരോട് പങ്കുവയ്ക്കാം.

വ്യായാമം പ്രധാനം

പ്രമേഹരോഗവും മറ്റും ഇന്നു കുട്ടികളിൽ പോലുമുണ്ട്. ടെൻഷൻ, ഉത്കണ്ഠ ഇവയൊക്കെ ഇന്ന് കുട്ടികൾ പോലും അനുഭവിക്കുന്നു. ദിവസവും അരമണിക്കൂറെങ്കിലും ശരീരം ഇളകി കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത് കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തിന് സഹായിക്കും. മനസ് ടെൻഷൻ ഫ്രീ ആകാനും കളികളിലെ ജയ പരാജയങ്ങളും മറ്റും നേരിടാനും ശാരീരികക്ഷമത വർദ്ധിക്കുന്നതിനുമൊക്കെ കളികൾ സഹായകമാണ്. കളികളിൽ ജയ പരാജയങ്ങൾ ശീലിക്കുമ്പോൾ ജീവിതത്തിലും ഇവയുണ്ടാകുമ്പോൾ അമിത സന്തോഷമോ, അമിത നിരാശയോ ഇല്ലാതെ സ്വാഭാവികമായി ഇവയെ നേരിടാൻ മനസ് പ്രാപ്തമാകുന്നു.

ചങ്ങാതി ആരെന്നറിയാം

ഓരോ കുട്ടിയുടെയും സ്വഭാവം അവന്റെ/ അവളുടെ കൂട്ടുകാർ ആരൊക്കെയാണ് എന്നു നോക്കിയാൽ അറിയാൻ സാധിക്കും. നല്ല കൂട്ടുകാരുമായി കൂട്ടുകൂടാൻ അവർക്ക് പ്രേരണ നൽകാം. മോശം കൂട്ടുകെട്ടുകളാണ് പല നല്ല കുട്ടികളെയും വഴിതെറ്റിച്ചിട്ടുള്ളത്.

മാതൃകയാവാം മാതാപിതാക്കൾ

ഒരിക്കല്‍ ഒരു കുട്ടിയുടെ വായിൽ നിന്നു ചീത്തവാക്കുകൾ കേട്ടപ്പോൾ ഞെട്ടിപ്പോയി. പിന്നീടവന്റെ പശ്ചാത്തലം അറിഞ്ഞപ്പോൾ കാരണവും വ്യക്തമായി. അപ്പൻ ചെറുപ്പത്തിലെ അവനെയും അമ്മയെയും ഉപേക്ഷിച്ചുപോയി. അമ്മ ദൂരെ മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുന്നു. തന്നെ ആർക്കും വേണ്ട എന്ന ചിന്തയാണ് ആ കുഞ്ഞു മനസിൽ. അതോടെ എല്ലാവരോടും ദേഷ്യവും വെറുപ്പും അവന്റെ വാക്കുകളിൽ ചിലപ്പോഴെങ്കിലും നിറയുന്നു.

ബാല്യത്തില്‍ വളരെ മൃഗീയമായും പട്ടാളച്ചിട്ടയിലുമായിരുന്നു ഹിറ്റ്‌ലറെ അപ്പൻ വളർത്തിയത്. ചെറിയ തെറ്റിനു പോലും കഠിനമായ ശിക്ഷകൾ. ഭക്ഷണം കഴിക്കാൻ വിളിക്കുന്നതു പോലും നായയേ വിളിക്കുന്നതു പോലെ കൈവിരൽ ഞൊടിച്ച്. ഭർത്താവിന്റെ പെരുമാറ്റം മൂലം ഹിറ്റ്‌ലറിന് അഞ്ചുവയസ്സുള്ളപ്പോൾ അമ്മ വീടുവിട്ടു പോയി. രണ്ടാനമ്മയും വളരെ ക്രൂരമായാണ് ഹിറ്റ്‌ലറോട് പെരുമാറിയത്. ബാല്യത്തിൽ തന്നെ മൂന്നുസഹോദരങ്ങളെ ഹിറ്റ്‌ലറിന് നഷ്ടപ്പെട്ടു. പ്രാഥമിക ക്ലാസുകളിൽ പഠനത്തിൽ മിടുക്കനായിരുന്നെങ്കിലും താൽപര്യമില്ലാത്ത കോഴ്സിന് ചേർത്തതോടെ പഠനത്തിലും പിന്നിലാവാൻ തുടങ്ങി.

ഹിറ്റ്‌ലറിനു 14 വയസ്സുള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്. ഹിറ്റ്‌ലറിന്റെ കൗമാര കാലഘട്ടത്തിൽ തന്നെ ബ്രസ്റ്റ് കാൻസർ മൂലം അമ്മയും മരിച്ചു. ബാല്യത്തില്‍ പിതാവിന്റെ ക്രൂരമായ പെരുമാറ്റവും മാതൃസ്നേഹം ലഭിക്കാത്തതുമെല്ലാം ഭാവിയിലെ ഹിറ്റ്‌ലറെ രൂപപ്പെടുത്തുന്നതിൽ ഏറെ സ്വാധീനം ചെലുത്തി. അതു പക്ഷേ മോശമായിട്ടായിരുന്നുവെന്ന് മാത്രം. ഒരിക്കൽ സ്വേച്ഛാധിപതിയായി അടക്കി ഭരിച്ച ജർമനിയിൽ ഉൾപ്പെടെ വെറുക്കപ്പെട്ടവനായി ഇന്ന് ഹിറ്റ്‌ലർ മാറി. ബാല്യത്തിൽ മാതാപിതാക്കള്‍ മക്കളോട് എങ്ങനെ സംസാരിക്കുന്നു, പെരുമാറുന്നു എന്നത് അവരിൽ വലിയ സ്വാധീനം ചെലുത്തും. എന്തു കാര്യത്തിനും ദേഷ്യപ്പെട്ട്, ചാടിക്കടിക്കാൻ വരുന്ന സ്വഭാവം മക്കൾക്കുണ്ടെങ്കിൽ ഓർക്കുക അത് കുടുംബത്തിലെ ആരിൽ നിന്നെങ്കിലും പകർന്നു കിട്ടിയതാവും. അതിനാൽ മക്കളുടെ സ്വഭാവ രൂപീകരണത്തിന് ആദ്യം മാതാപിതാക്കളുടെ സ്വഭാവത്തിലെ പോരായ്മകൾ പരിഹരിക്കുക. അവിടെ മക്കളും മിടുക്കരും, സത്‌സ്വഭാവികളുമാകും. അവർ എന്നും നിങ്ങൾക്ക് അഭിമാനമായി വളരും.

ക്വാണ്ടിറ്റിയല്ല, ക്വാളിറ്റി പ്രധാനം

അക്കാദമിക് നേട്ടങ്ങളും വലിയ ശമ്പളവും മികച്ച ജോലിയുമൊക്കെ മക്കൾക്ക് നൽ‍കുന്നതിൽ മാത്രം വ്യഗ്രത കാണിക്കുമ്പോൾ ഒരു പക്ഷേ സ്വന്തം ലോകത്ത് മാത്രം അഭിരമിക്കുന്ന സ്വാർത്ഥരായി അവർ മാറിയേക്കാം. ജീവിതത്തിൽ പലതും വെട്ടിപ്പിടിച്ചിട്ടുണ്ടെങ്കിലും അതൊന്നും അവർക്ക് സംതൃപ്തിയോ സമാധാനമോ നൽകുന്നുണ്ടായിരിക്കില്ല. അത്തരം മക്കളുടെ സാമീപ്യവും സ്നേഹവും ആഗ്രഹിച്ച സമയത്തൊന്നും മാതാപിതാക്കള്‍ക്ക് ലഭിക്കണമെന്നുമില്ല. എന്നാൽ, ജീവിതത്തിലെ ഭൗതികനേട്ടങ്ങൾക്ക് വേണ്ടിയുള്ള യാത്രയിലും ദൈവത്തിനും മൂല്യങ്ങൾക്കും പ്രഥമസ്ഥാനം കൊടുക്കാൻ മക്കളെ ശീലിപ്പിച്ചുകൊണ്ട് വളർത്തിയാൽ ഏതവസ്ഥയിലും അവർ നിങ്ങൾക്ക് താങ്ങാവാം. ആ മക്കൾ ഏതു പ്രതിസന്ധിയേയും അതിജീവിക്കുകയും ചെയ്യും.

(ഇന്ത്യയിലെ ഏറ്റവും മികച്ച മാധ്യമപ്രവർത്തകനുള്ള ഭാരത സർക്കാരിന്റെ പരമോന്നത ബഹുമതിയും (2013), ഒഴുക്കിൽപ്പെട്ട രണ്ടുപേരുടെ ജീവൻ രക്ഷിച്ചതിന് ധീരതയ്ക്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ മെഡലും (2006) നേടിയിട്ടുള്ള രാജ്യാന്തര മോട്ടിവേഷനൽ സ്പീക്കറും, ഇരുപത്തഞ്ചോളം പ്രചോദനാത്മക ഗ്രന്ഥങ്ങളുടെ രചയിതാവും, സൈക്കോളജിസ്റ്റുമാണ് ലേഖകൻ, ഫോൺ : 9497216019)