'കുട്ടിയോട് എങ്ങനെ പെരുമാറണം' നിർബന്ധമായും അറിയണം ഈ 8 കാര്യങ്ങള്‍

പാരന്റിങ് ഒരു കലയാണ്. അതിന് നിയതമായ നിയമങ്ങളോ എഴുതിവെച്ച പുസ്തകങ്ങളോ ഇല്ല. ഓരോ കുട്ടിക്കും വേണ്ടത് വ്യത്യസ്ത കാര്യങ്ങളാണ്. കാരണം ഓരോ കുട്ടിയും വ്യത്യസ്തരാണ്. മനസിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണത്. ഓരോ ചെടിക്കും ഒഴിക്കേണ്ട വെള്ളം വ്യത്യസ്തമാണെന്ന് ഓര്‍ക്കുക. ഇതാ ഓരോ രക്ഷിതാവും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട, മനസിലാക്കേണ്ട 8 കാര്യങ്ങള്‍

1. നിങ്ങളുടെ ഭാവി കുട്ടിയെ വെച്ചാകരുത്
ഒരു കുഞ്ഞ് ജനിക്കുന്നത്ര സന്തോഷം...അനിര്‍വചനീയമാണത്. നിങ്ങളിലൂടെ ആ കുഞ്ഞ് ഈ ഭൂമിയില്‍ എത്തി എന്നതില്‍ സന്തോഷിക്കുക. എന്നാല്‍ അവന്‍ അല്ലെങ്കില്‍ അവള്‍ ഒരിക്കലും നിങ്ങളുടെ പ്രോപ്പര്‍ട്ടിയല്ല. സ്വത്തിനെ കാണുന്നത് പോലെ കുഞ്ഞിനെ കാണരുത്. എങ്ങനെ സന്തോഷം നിറഞ്ഞ ഒരു അന്തരീക്ഷം അവര്‍ക്ക് ചുറ്റും സൃഷ്ടിക്കാം, എങ്ങനെ അവരെ പിന്തുണയ്ക്കാം എന്നത് മാത്രം ഓര്‍ക്കുക. അല്ലാതെ നിങ്ങളുടെ ഭാവിയിലേക്കുള്ള നിക്ഷേപമല്ല കുട്ടിയെന്നത് ഓര്‍ക്കുക.

2. ആരാണ് അവന്‍/അവള്‍
ഓരോ കുട്ടിയും എന്താണോ ആയിത്തീരേണ്ടത്...അതവര്‍ ആകും. ജീവിതത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ള ധാരണകളും അമൂര്‍ത്തമായ അറിവുകളും വെച്ച് കുട്ടിയെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കരുത്. അവര്‍ മനസിലാക്കട്ടെ കാര്യങ്ങള്‍. അവര്‍ തീരുമാനിക്കട്ടെ ജീവിതം. നിങ്ങള്‍ ചെയ്യാത്ത കാര്യങ്ങള്‍ അവര്‍ ചെയ്യട്ടെ, അതിനുള്ള ധൈര്യം അവര്‍ ആര്‍ജ്ജിക്കട്ടെ. 

3. വേണ്ടത് കലര്‍പ്പില്ലാത്ത സ്‌നേഹം
എന്താണ് യഥാര്‍ത്ഥ സ്‌നേഹം. ആപേക്ഷികമാണ് ചോദ്യമെങ്കിലും ഉപാധികളില്ലാതെ കുട്ടിയെ സ്‌നേഹിക്കുക. മറ്റുള്ളവരെ അവന്‍ സ്‌നേഹിക്കുന്നതും അത്തരത്തിലാകട്ടെ. അവന്‍ ചോദിക്കുന്നത് എന്തും ചെയ്തുകൊടുക്കുകയല്ല സ്‌നേഹം എന്ന് പറയുന്നത്. അത് മണ്ടത്തരമായേക്കും. എന്താണോ കുട്ടിക്ക് മികച്ചത്, അത് കണ്ടെത്തുക. 

4. ആവശ്യമില്ലാതെ 'പക്വത'റ്റിക് ആകല്ലേ
എന്റെ കുട്ടിക്ക് പക്വത വരുന്നില്ലല്ലോ എന്ന് ആശങ്കപ്പെടുന്ന നിരവധി മാതാപിതാക്കളുണ്ട്. വളരേണ്ട സമയമാകുമ്പോള്‍ കുട്ടി വളരും. അല്ലാതെ അവനെ പെട്ടെന്ന് ടീന്‍ ഏജിലേക്ക് തള്ളിവിടേണ് കാര്യമൊന്നുമില്ല. ബാല്യകാലം ഒരിക്കലും തിരിച്ചുപിടിക്കാന്‍ സാധിക്കില്ല. കുട്ടിയായിരിക്കുമ്പോള്‍ അവര്‍ കുട്ടികളെപ്പോലെ തന്നെ പെരുമാറട്ടെ. അല്ലാതെ ആവശ്യമില്ലാത്ത അച്ചടക്കം കൊണ്ടുവന്ന് വെറുതെ കുട്ടികളെ പക്വമതികളാക്കി തീര്‍ക്കരുത്. 

5. പഠിപ്പിക്കേണ്ട, തിരിച്ചറിയട്ടേ
അറിവ് ആര്‍ജ്ജിക്കുന്നതാകണം കുട്ടിക്കാലം. അല്ലാതെ പിടിച്ചിരുത്തി പഠിപ്പിക്കുന്നതാകരുത്. അങ്ങനെ വളരുന്നവരാണ് ഭാവിയിലെ ഇന്നൊവേറ്റര്‍മാരാകുന്നത്. അതിജീവനത്തിനുള്ള ചില പാഠങ്ങള്‍ പകരുക, ബാക്കിയെല്ലാം അവര്‍ നോക്കും. ജീവിതത്തിന്റെ ചെറിയ കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് സ്വയം പഠിക്കാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. 

6. അന്തരീക്ഷം സ്‌നേഹനിര്‍ഭരമാകട്ടെ
കുട്ടികള്‍ക്ക് ചുറ്റും ദേഷ്യത്തിന്റെയും വഴക്കിന്റെയും അന്തരീക്ഷം സൃഷ്ടിക്കാതിരിക്കുക. അച്ഛനമ്മമാരുടെ വഴക്ക് ദൂരവ്യാപകമായ ഗുരുതര പ്രത്യാഘാതങ്ങളാണ് ഓരോ കുരുന്നിന്റെയും മനസിലുണ്ടാക്കുന്നത്. സ്‌നേഹത്തോടെയുള്ള കുടുംബാന്തരീക്ഷമാകട്ടെ അവര്‍ക്ക് ചുറ്റും. 

7. ബോസ് ആകേണ്ട കേട്ടോ
കുട്ടികളുടെ ബോസ് ആണ് രക്ഷിതാക്കള്‍ എന്ന ചിന്ത വേണ്ട. അവരുടെ സുഹൃത്തുകളാകുക. അപ്പോള്‍ മാത്രമേ അവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നിങ്ങളിലെത്തൂ. പേടിയോടെയാണ് കുട്ടികള്‍ നിങ്ങളെ കാണുന്നതെങ്കില്‍ മാനസികസമ്മര്‍ദ്ദമായിരിക്കും ഭാവിയില്‍ അവര്‍ക്കുണ്ടാകുക. നല്ലൊരു സുഹൃത്തായിരിക്കുക.

8. വെറുതെ ബഹുമാനം ചോദിച്ച് വാങ്ങരുത്
എന്താടാ നിനക്കെന്നെ ബഹുമാനിച്ചാല്‍....ഈ ചോദ്യം നമുക്ക് സുപരിചിതമാണ്. ഞങ്ങളെ ബഹുമാനിച്ചേ മതിയാകൂ എന്നെല്ലാം പറയുന്നത് ഒഴിവാക്കുക. കുട്ടികളേക്കാള്‍ മികച്ചവരൊന്നുമല്ല നിങ്ങളും. ബഹുമാനം ചോദിച്ചുവാങ്ങേണ്ടതുമല്ല. അതെല്ലാം ഒരു ഫ്യൂഡല്‍ മനോഭാവമാണ്.  നല്ലൊരു സുഹൃത്തായിരിക്കുക. ‍