നിവിൻ പോളിയെപ്പോലും സ്പർശിച്ച ആ പോസ്റ്റ്!

ഹേയ് ജൂഡ് എന്ന സിനിമയുടെ പ്രത്യേകത തന്നെ അത് കൈകാര്യം ചെയ്തിരിക്കുന്ന വിഷയമാണ്. ഓട്ടിസത്തിനു സമാനമായ അവസ്ഥയിലുള്ള ഒരു യുവാവിന്റെ സവിശേഷമായ ജീവിതമാണ് ശ്യാമപ്രസാദ് എന്ന സംവിധായകൻ ഹേയ് ജൂഡ് എന്ന മനോഹരമായ സിനിമയിലൂടെ വരച്ചുകാട്ടുന്നത്. നിവിൻപോളി അവതരിപ്പിച്ച ജൂഡ് എന്ന ഈ കഥാപാത്രത്തിന് സമാനമായ ഒരാളെയെങ്കിലും നമ്മിൽ പലരും കണ്ടുകാണും. ഇത്തരം അവസ്ഥയിലുള്ള മക്കളെയോർത്ത് സങ്കടപ്പെട്ടിരിക്കുന്ന മാതാപിതാക്കൾക്ക് ഈ സിനിമ ഒരാശ്വാസവും പ്രചോദനവുമാണ്.

സിനിമ കണ്ട് സവിശേഷ അവസ്ഥയിലുള്ള മകനെയോർത്ത് അഭിമാനം തോന്നുന്നുവെന്ന ഒരു അച്ഛന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ് വൈറലാകുകയാണ്. സയ്യിദ് ഷിയാസ് മിർസയെന്ന പിതാവാണ് ആത്മവിശ്വാസം പകരുന്ന ആ പോസ്റ്റ് ഇട്ടിരിക്കുന്നത്. നിവിൻ പോളിയെപ്പോലും സ്പർശിച്ച ആ പോസ്റ്റ് നിവിൻ തന്റെ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

സയ്യിദ് ഷിയാസ് മിർസയുടെ പോസ്റ്റിന്റെ പൂർണരൂപം

"ഹേയ് ജൂഡ്‌ കണ്ടു. ഒട്ടിസത്തിനു സമാനമായ അവസ്ഥയിലുള്ള ഒരു യുവാവിന്റെ ജീവിതം ഏറെ സൂക്ഷ്മമായ നിരീക്ഷണങ്ങൾക്ക്‌ ശേഷമാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്‌. നിങ്ങളുടെ വീട്ടിലോ പരിസരത്തോ അല്ലെങ്കിൽ ഒരിക്കലെങ്കിലും ഇത്തരം വ്യക്തികളെ നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലോ ഈ ചിത്രം നിങ്ങൾ നിർബന്ധമായും കാണണം.

അത്തരക്കാർ അവരുടെ ഒരോ ദിവസവും എന്ത്‌ കഷ്ടപ്പെട്ടാണ് മുന്നോട്ട് കൊണ്ട്‌ പോകുന്നത് എന്നത്‌ ഈ സിനിമയിൽ വ്യക്തമായി പകർത്തിയിട്ടുണ്ട്. ശ്രീ. ശ്യാമപ്രസാദിന്റെയും നിവിൻ പോളിയുടെ കരിയറിലെ മികച്ച ഒരു സിനിമ തന്നെയാണിത്.

ഒരു സിനിമ എന്നതിനപ്പുറം ഏറെ സാമൂഹിക പ്രതിബദ്ധതയോടെ നമ്മുടെ ജനങ്ങൾക്ക് ഏറെ പരിചിതമായിട്ടില്ലാത്ത ഒരു വിഷയം തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ കഴിഞ്ഞു എന്നതിൽ ഈ സിനിമയുടെ പിന്നണിയിലുള്ളവർക്ക്‌ അഭിമാനിക്കാം.

ഓട്ടിസം ബാധിതനായ ഒരു കുട്ടിയുടെ പിതാവ്‌ എന്ന രീതിയിൽ വിലയിരുത്തിയാൽ ഈ സിനിമയുടെ പ്രേക്ഷകനായി തിയേറ്ററിൽ എത്തിയ ശേഷം ഒരു നിമിഷം പോലും സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞില്ല; മറിച്ച് സവിശേഷ ശേഷികളുള്ള എന്റെ മകനെയോർത്ത് എനിക്ക്‌ അഭിമാനിക്കാനായി.

എന്നെപ്പോലെ മക്കളുടെ അവസ്ഥ ഓർത്ത്‌ ആകുലപ്പെടുന്നവർക്ക്‌ ചെറിയ തോതിലാണ് എങ്കിൽ പോലും ആത്മവിശ്വാസവും പ്രതീക്ഷയും നൽകാൻ കഴിയുന്ന രീതിയിൽ ഈ സിനിമ യാഥാർത്ഥ്യമാക്കിയവരോട് ഞങ്ങളെപ്പോലുള്ള രക്ഷകർത്താക്കൾ കടപ്പെട്ടിരിക്കുന്നു.
Hey Yasin you can..You will...
#Heyjude