ആഗോള സംരംഭക ഉച്ചകോടിയിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകൻ!

യു എസ് പ്രസിഡന്റിന്റെ മകള്‍ ഇവാന്‍ക ട്രംപും ലോകസുന്ദരി മാനുഷി ഛില്ലറും ഒക്കെ പങ്കെടുക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ പക്ഷെ താരം ഒരു കൊച്ചു മിടുക്കനാണ്. ഹൈദരാബാദില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനെ ആരാധനയൊടെയാണ് എല്ലാവരും കാണുന്നത്. കക്ഷി ഒാസ്ട്രേലിയക്കാരാനാണ്, പേര് ഹാമിഷ് ഫിന്‍ലേസന്‍. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ഹാമിഷ് ഇത്തവണത്തെ ആഗോള സംരംഭക ഉച്ചകോടിയിലെ ശ്രദ്ധാകേന്ദ്രമാണ്.

എന്നാൽ ഇത് ഹാമിഷിൻറെ രണ്ടാം ഉച്ചകോടിയാണെന്നതും പ്രത്യേകതയാണ്. ഹാമിഷിൻറെ മൂണ്‍ഷോട്ട് ഇന്‍ഡസ്ട്രീസ് എന്ന സ്റ്റാര്‍ട് അപ്പ് കമ്പനി ഇതിനോടകം ആറ് മൊബൈല്‍ ആപ്പുകള്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞു.

വെറും പത്താം വയസിലാണ് ഹാമിഷ് ആദ്യ ആപ്പ് ഉണ്ടാക്കിയത്. ടര്‍ട്ടില്‍സ് ആപ്പും കടലില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതിനെതിരായ ആപ്പും ഇവയിൽ പ്രധാനപ്പെട്ടതാണ്. സ്വന്തമായി വിഡിയോ ഗെയിം വികസിപ്പിച്ചെടുക്കുക എന്നതാണ് ഹാമിഷിൻറെ ഏറ്റവും വലിയ സ്വപ്നം. ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ആപ്പുകൾക്ക് ഉപഭോക്താക്കളുണ്ട്.