മാതാപിതാക്കൾ ഭാരമാവാതിരിക്കാൻ മക്കളെ പഠിപ്പിക്കാം നല്ല പാഠം, 7 കാര്യങ്ങൾ!

ജോബിൻ എസ്.കൊട്ടാരം

കൊളജ് പ്രൊഫസറായ മകൻ അമ്മയെ വീൽചെയറിലിരുത്തി ഫ്ലാറ്റിനു മുകളില്‍ നിന്നും തള്ളി താഴെയിട്ടു കൊല്ലുന്ന വിഡിയോ സോഷ്യൽ മാധ്യമങ്ങളില്‍ ‘വൈറലായി’ പ്രചരിച്ചത് അടുത്ത കാലത്താണ്. എം.ബി.ബി.എസ് ബിരുദധാരിയായ മകൻ അമ്മയെ കൊന്ന് കത്തിച്ചതും, ഉന്നത വിദ്യാഭ്യാസമുളള മകൻ കുടുംബത്തിലെ എല്ലാവരെയും കൊലക്കത്തിക്കിരയാക്കിയതും സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലാണ്. ഒരു സോഫ്റ്റ്‍വെയർ കമ്പനിയുടെ തലപ്പത്തിരിക്കുന്ന, അമേരിക്കയിലുളള മകൻ ഒറ്റയ്ക്ക് മുംബൈയിലെ ഫ്ലാറ്റിൽ താമസിക്കുന്ന സ്വന്തം അമ്മ അഴുകി അസ്ഥിപഞ്ജരമായിട്ടും ആ വിവരം അറിഞ്ഞില്ല. ജോലിത്തിരക്കുകൾക്കിടയിൽ സ്വന്തം അമ്മയെ ഫോണിൽ വിളിക്കാന്‍ സമയം കിട്ടിയില്ലെത്രെ. മക്കൾക്കു താനൊരു ഭാരമാകുന്നുവെന്ന തോന്നലുണ്ടായപ്പോൾ സ്വന്തം ചരമപരസ്യം പത്രത്തിൽ കൊടുത്ത് വീടുവിട്ടിറങ്ങിയ അച്ഛന്റെ മക്കളെല്ലാവരും ഉന്നതനിലയിലുളളതായിരുന്നു.

ഈ സംഭവങ്ങളൊക്കെ സൂചിപ്പിക്കുന്നത് മക്കളെ വലിയവരാക്കാൻ മാതാപിതാക്കൾ വെമ്പൽ കൊള്ളുമ്പോൾ ഭൗതികമായ അക്കാദമിക് നേട്ടങ്ങൾക്കും ഉയർന്ന ശമ്പളമുളള ജോലിക്കുമപ്പുറം അവരുടെ സ്വഭാവ രൂപവൽക്കരണത്തിന് നാം കൊടുക്കേണ്ടതായ പ്രാധാന്യത്തെക്കുറിച്ചാണ്.

ഉന്നതവിദ്യാഭ്യാസവും, ഉയർന്ന ജോലിയുമുളള ധാരാളം ചെറുപ്പക്കാർ മദ്യത്തിനും മയക്കുമരുന്നിനും നിയന്ത്രണമില്ലാത്ത ലൈംഗികാസക്തിക്കും അടിമപ്പെട്ട അവരുടെ വ്യക്തിജീവിതവും, കുടുംബജീവിതവും തകർക്കുന്ന കാഴ്ച നമ്മുടെ ചുറ്റുപാടും നാം കാണാറുണ്ട്. എന്റെ മകനും മകളും ചെറുപ്പമല്ലേ? അവർ വലുതാകാൻ ഇനിയും സമയമെടുക്കും. അപ്പോൾ പോരെ മൂല്യബോധമൊക്കെ അവരെ പഠിപ്പിക്കാൻ എന്നു ചിന്തിക്കുന്നവരാണ് ന്യൂജനറേഷൻ മാതാപിതാക്കളിലധകവും.

എന്നാൽ ‘കതിരിൽ കൊണ്ട് വളം വച്ചിട്ട് കാര്യമില്ല’ എന്നു പറയുന്ന അവസ്ഥയിലേക്ക് അവർ എത്തുമ്പോഴാണ് തങ്ങളുടെ മക്കളെ ഒന്നു മെരുക്കിയെടുത്ത് നന്നാക്കണമെന്ന് പല ‘മമ്മി–ഡാഡി’ മാർക്ക് തോന്നുക. അപ്പോഴേക്കും സമയം അതിക്രമിച്ചിട്ടുണ്ടാകും. നിങ്ങൾ പറയുന്നതൊന്നും മക്കൾ കേൾക്കുകയുമില്ല. പിന്നെ എന്റെ മകൻ അല്ലെങ്കിൽ മകൾ ഇങ്ങനെയായി എന്ന് പരിതപിക്കുവാനേ നിങ്ങള്‍ക്കാകൂ.

ബാല്യം, കൗമാരം, യൗവ്വനം എന്നിങ്ങനെ സുപ്രധാനങ്ങളായ മൂന്നു ഘട്ടങ്ങളിലൂടെ മക്കൾ കടന്നുപോകുമ്പോൾ നന്മയുടെയും, മൂല്യത്തിന്റെയും നല്ല പാഠങ്ങൾ അവരെ പഠിപ്പിക്കുവാന്‍ അച്ഛനമ്മമാർക്ക് കഴിയുകയാണെങ്കില്‍ ജീവിതത്തിൽ അവർ വഴിതെറ്റിപോകുവാനുളള സാധ്യത വളരെ കുറവാണ്. മക്കളെ നല്ലപാഠം പഠിപ്പിക്കുവാനുളള ഏതാനും മാർഗ്ഗനിർദ്ദേശമാണ് ഇനി പറയുന്നത്.

1. പണത്തെക്കാൾ പ്രധാനം സംതൃപ്തി 
പണമാണ് ഏറ്റവും വലുത് എന്ന കാഴ്ചപ്പാട് മക്കളിൽ വളർത്തിയെടുക്കാതിരിക്കുക. കരിയർ സാധ്യതകൾ തിരഞ്ഞെടുക്കുമ്പോഴും പണത്തിനു മാത്രം മുൻതൂക്കം നല്കാതെ അവരുടെ അഭിരുചിക്കും, ആത്മസംതൃപ്തിക്കും പ്രാധാന്യം നല്കുക.

ആത്മസംതൃപ്തിയില്ലാത്ത ഡോക്ടര്‍മാരെയും, എഞ്ചിനീയർമാരെയും, ഐ.എ.എസ് ഒാഫീസർമാരെയുമല്ല നമുക്കുവേണ്ടത് മറിച്ച് തങ്ങൾ ചെയ്യുന്ന ജോലിയിൽ സന്തോഷം കണ്ടെത്തുന്ന, സംതൃപ്തി നിറഞ്ഞ ഒരു സമൂഹത്തെയാണ്. ഉയർന്ന അക്കാദമിക് ബിരുദങ്ങൾ നേടി, സ്വാർത്ഥ ലാഭത്തിനായി എന്തു കൊള്ളരുതായ്കയും കാണിക്കുന്ന വ്യക്തികൾക്ക് ഒരിക്കലും ആത്മസംതൃപ്തി ലഭിക്കുകയില്ല. ഈ ലോകത്തിൽ എല്ലാ പ്രൊഫഷനുകളിലുളളവർ കടന്നുവരണം. കലാകാരനും, ഡോക്ടറും, രാഷ്ട്രീയക്കാരനും, എഴുത്തുകാരനും ചിത്രകാരനും, ഫോട്ടാഗ്രാഫറും, പ്രഭാഷകനും, ചിന്തകനും, പുരോഹിതരുമൊക്കെയായി സന്താനങ്ങളുടെ കർമ്മമേഖല തിരഞ്ഞെടുത്ത് അവർ കഴിവ് തെളിയിക്കട്ടെ.

നല്ല കാര്യങ്ങൾ മികച്ച രീതിയിൽ ചെയ്യുമ്പോൾ പണം സ്വാഭാവികമായും വന്നു ചേരും. ഇത്തരത്തിൽ‌ പോസിറ്റീവായ ഒരു കാഴ്ചപ്പാട് മക്കളിൽ വളർത്തിയെടുക്കുക.

2. ‘ബഹുമാനം’ വീട്ടിൽ നിന്ന് പഠിക്കാം 
പ്രായമുളളവർക്കായി കസേര ഒഴിഞ്ഞ് കൊടുക്കുക, അതിഥികള്‍ വീട്ടിൽ വന്നാൽ ടിവി ഓഫാക്കുക, ബന്ധുക്കളും, പരിചയക്കാരും വീട്ടിൽ വരുമ്പോൾ മൊബൈൽ ഫോണിൽ കളിക്കാതെ അവരുമായി സംസാരിക്കുക, പുഞ്ചിരിയോടെ അതിഥികളെ വീട്ടിലേക്ക് സ്വാഗതം ചെയ്യുക, അധ്യാപകരോട് ആദരവോടെ പെരുമാറുക എന്നിങ്ങനെ ബഹുമാനത്തിന്റെ നല്ല പാഠങ്ങൾ ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. മറിച്ച് മക്കളുടെ തീരുമാനത്തിനനുസരിച്ചേ കാര്യങ്ങൾ നടക്കൂവെന്നു വന്നാൽ അവർ‌ തോന്നിയവാസം പെരുമാറാനുളള സാധ്യത കൂടുതലാണ്.

3. സത്കർമ്മങ്ങൾ അവരും ചെയ്യട്ടെ 
മക്കളുടെ ജന്മദിനത്തിലും വിശേഷാവസരങ്ങളിലും ഏതെങ്കിലും അനാഥാലയമോ, വൃദ്ധമന്ദിരമോ ഒക്കെ സന്ദർശിച്ച് അന്നദാനം പോലെയുളള സത്കർമ്മങ്ങളോ, സംഭാവനയോ ഒക്കെ നല്കുക ഇത് സഹജീവികളുടെ അനുകമ്പയും കരുണയുമുളളവരാകുവാൻ അവരെ സഹായിക്കും. സഹജീവികളോട് കരുണയുളളവർ തങ്ങൾ വലുതാകുമ്പോൾ തങ്ങളുടെ മാതാപിതാക്കളോടും അനീതി കാണിക്കുവാനുളള സാധ്യത വിരളമാണ്.

4. കൊടുക്കുവാൻ പ്രേരിപ്പിക്കുക 
തങ്ങള്‍ ഉപയോഗിക്കാത്ത പഴയ കളിപ്പാട്ടങ്ങളും ഉടുപ്പുകളുമൊക്കെ പാവപ്പെട്ട കുട്ടികൾക്ക് നല്കുവാൻ മക്കെളെ പ്രേരിപ്പിക്കുക ഇത് പോസിറ്റീവായ ഒരു ജീവിത വീക്ഷണം അവരിൽ വളർത്തും. മറ്റുളളവർക്ക് ഒരു സഹായവും ചെയ്യാത്ത കുട്ടികള്‍ സ്വാർത്ഥമതികളായിരിക്കും വളരുന്നത്.

5. അസൂയ മുളയിലേ നുളളുക
ബന്ധുക്കളോ, സുഹൃത്തുക്കളോ ആയ മറ്റ് കുട്ടികളോട് നിങ്ങളുടെ കുട്ടി അസൂയ വച്ച് പുലർത്തുന്നുണ്ടെങ്കിൽ അത് മുളയിലേ നുളളുക. അവർ വ്യത്യസ്തരാണെന്നും, മറ്റൊരാളുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നുമുളള ബോധ്യം വാക്കുകളിലൂടെയും, പെരുമാറ്റത്തിലൂടെയും അവർക്ക് മനസ്സിലാക്കിക്കൊടുക്കുക.

6. കൃഷി, ഗാർഡനിംഗ്, മൃഗസംരക്ഷണം ഒക്കെ പ്രോത്സാഹിപ്പിക്കുക 
ചെറിയ രീതിയിലുളള കൃഷി, ഗാർഡനിംഗ്, അലങ്കാര മത്സ്യങ്ങളെയും, അരുമ മൃഗങ്ങളെയുമൊക്കെ വളർത്തൽ തുടങ്ങിയവ കുട്ടികളുടെ മാനസിക വികാസത്തിനും , മാനസികോല്ലാസത്തിനും നല്ലതാണ്. മണ്ണും, മൃഗങ്ങളുമൊക്കെയായി ഇടപെടുന്നയാളുകളിൽ യന്ത്രങ്ങളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്നവരെക്കാൾ നന്മ നിറഞ്ഞ പെരുമാറ്റമുണ്ടായിരുക്കുമെന്ന് പല പരീക്ഷണങ്ങളും തെളിയിച്ചിട്ടുണ്ട്. വീട്ടിൽ അധികം സ്ഥലം ഇല്ലെങ്കില്‍കൂടി ബാഗിലുളള കൃഷി, അലങ്കാര ചെടികൾ നട്ടുവയ്ക്കല്‍, അക്വേറിയം, നായസംരക്ഷണം എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങൾ ചെയ്യുവാനാകും. ഇത് പഠനരംഗത്തെ മാനസിക സമ്മർദ്ധം ലഘൂകരിക്കുന്നതിനും കുട്ടികളെ സഹായിക്കും.

7. മൂല്യബോധമുളള ജീവിതകഥകള്‍ വായിപ്പിക്കുക 
നന്മ നിറഞ്ഞ വ്യക്തിത്വങ്ങളുടെയും മഹാൻമാരുടെയും ജീവിത കഥകൾ അവർക്ക് വായിക്കുവാനായി നല്കുക. മോട്ടിവേഷണൽ ആയ വിഡിയോ ക്ലിപ്പിംഗുകള്‍ അവരെ കാണിക്കുക.

എന്റെ സുഖത്തിനൊപ്പം അപരന്റെ സുഖവും പ്രാധാന്യമുളളതാണെന്ന് അവർ തിരിച്ചറിയട്ടെ അങ്ങനെ നിങ്ങളുടെ മക്കളും നന്മയുടെ നല്ല പാഠങ്ങൾ ലോകത്തിനു സമ്മാനിക്കട്ടെ.

(സൈക്കോളജിസ്റ്റും മോട്ടിവേഷണൽ സ്പീക്കറും, എഴുത്തുകാരനുമാണ് ചൈൽഡ് സൈക്കോളജിയിലടക്കം ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങളുടെ രചയിതാവായ ജോബിൻ എസ്. കൊട്ടാരം . ഫോൺ: 9447259402)