കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ?; ഇതാ 5 വഴികൾ

അമ്മമാരുടെ എന്നത്തേയും വേവലാതിയാണ് കുട്ടികളുടെ ഭക്ഷണ കാര്യം. രണ്ട് അമ്മമാർ തമ്മിൽ സംസാരിക്കുന്നത് ഒന്ന് ശ്രദ്ധിച്ചാൽ അറിയാം, അവരുടെ സംസാരം അവസാനം ചെന്നെത്തുന്നത് മക്കളുടെ ആഹാരകാര്യത്തിൽ തന്നെയാവും. ആവശ്യത്തിനുള്ള പോഷണം കിട്ടുന്നുണ്ടോ, കഴിക്കുന്ന ആഹാരം കുട്ടിക്ക് മതിയാവുന്നുണ്ടോ? ജങ്ക് ഫുഡ് എങ്ങനെ നിയന്ത്രിക്കാം, ഇടവേളകളിലെ സ്നാക്സ് തുടങ്ങിയ നൂറ് കൂട്ടം സംശയങ്ങളുണ്ടാവും ഓരോ അമ്മമാർക്കും. കുട്ടികളുടെ ആഹാര പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ പരിഹരിക്കാൻ ഇതാ ചില ടിപ്സുകൾ

1. ആഹാരത്തോട് ഇഷ്ടം കൂട്ടാം
ഇഷ്ടവും അനിഷ്ടവും കുഞ്ഞു നാളിലേ രൂപപ്പെടുത്തിയെടുക്കാവുന്നതേയുള്ളൂ. കുഞ്ഞിന് ഒരു പുതിയ ആഹാരം ഇഷ്ടപ്പെട്ടു വരണമെങ്കിൽ ചെറിയ അളവിൽ അതു പല തവണകളായി കൊടുത്തുനോക്കൂ. പതിയെ പതിയെ കുഞ്ഞ് അതു കഴിക്കുന്നത് കാണാം. അതു തന്നെയാണ് മുതിർന്ന കുട്ടികളേയും ശീലിപ്പിക്കേണ്ടത്. പുതിയ ഒരു ഭക്ഷണം കൊടുക്കുമ്പോൾ അതു മുഴുവൻ കഴിക്കാൻ നിർബന്ധിക്കണ്ട, അതിന്റെ രുചി അവൻ പതിയെ ശീലിച്ചു വരട്ടെ.

2. തിരഞ്ഞെടുക്കാം വേണ്ടത്
ചെറിയ കുട്ടികൾ തിരഞ്ഞടുക്കുന്ന ആഹാരം എപ്പോഴും ആരോഗ്യപ്രദമാകണമെന്നില്ല. പോഷകസമൃദ്ധമായവ തിരഞ്ഞടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അത് ഒരുപക്ഷേ രുചികരമാകണമെന്നില്ല. വിശന്നാൽ കുട്ടികൾ വീട്ടിൽ ലഭിക്കുന്ന എന്തു ഭക്ഷണവും കഴിക്കും. അതുകൊണ്ട് സ്നാക്സുകൾ പോലും പോഷകപ്രദമാകട്ടെ .അതോടൊപ്പം ആഴ്ചയിലൊരിക്കൽ അവരുടെ ഫെവറിറ്റ് ഫുഡ് കൊടുക്കാനും മറക്കല്ലേ.

3. പാത്രത്തിൽ വിളമ്പുന്നതു മുഴുവൻ കഴിക്കാൻ നിർബന്ധിക്കരുതേ..
കുട്ടികൾ വയർ നിറയുന്നത് അറിഞ്ഞു വളരട്ടെ. അവർക്ക് മതിയാകുമ്പോൾ കഴിക്കുന്നതു നിർത്തട്ടെ. പാത്രം ക്ളീനാക്കാമെന്ന റൂൾ ഒന്നു മാറ്റിവച്ചു നോക്കൂ. വിശപ്പറിയാനും വയർ നിറയുന്നതറിയാനും അവരെ ശീലിപ്പിക്കൂ.

4. മാതൃകയാകാം ആഹാരത്തിലും
മറ്റു കാര്യങ്ങളിലെന്നപോലെ ആഹാരകാര്യത്തിലും മാതാപിതാക്കൾ അവർക്കു മാതൃകയാവണം. കുട്ടികൾ പോഷകാഹാരം കൊടുത്തിട്ടു മാതാപിതാക്കൾ ജങ്ക്ഫുഡ് കഴിക്കുന്നത് ശരിയല്ല. മാത്രമല്ല ആഹാര ശുചിത്വവും കൃത്യസമയത്തു ഭക്ഷണം കഴിക്കുന്നതുമൊക്കെ മാതാപിതാക്കളെ കണ്ടാണു മക്കൾ പഠിക്കുന്നതെന്നോർക്കുക.

5. മധുരം കൊടുത്തു സ്നേഹം പ്രകടിപ്പിക്കണോ?
വേണ്ട എന്നു തന്നെയാണുത്തരം. നേട്ടങ്ങൾക്കുള്ള സമ്മാനമായി മധുരം വാങ്ങി നൽകുന്നതാണു പതിവ്. അതൊന്ന് ഒഴിവാക്കിയാലോ. സമ്മാനമായി ഒരു കെട്ടിപ്പിടുത്തമോ ചക്കരയുമ്മയോ പ്രശംസയോ ഒക്കെയാകാമല്ലോ