വെറും ഒൻപതു മിനിറ്റ്, കുട്ടികളുടെ ജീവിതം മാറിമറിയും!  , Five Super tips, Teachers, Parenting, Parents, Children, Mothers, Manorama Online

വെറും ഒൻപതു മിനിറ്റ്, കുട്ടികളുടെ ജീവിതം മാറിമറിയും!

മനോജ് തെക്കേടത്ത്

സൂക്ഷിക്കാം, ഹൃദയബന്ധം
എത്ര തിരക്കുള്ള മാതാപിതാക്കളാണെങ്കിലും കുട്ടികളുമായി ഹൃദയബന്ധം സൂക്ഷിക്കാനുള്ള ഒരു വഴിയുണ്ട്. ഇതു ദിനചര്യയുടെ ഭാഗമാക്കിയാൽ കാര്യങ്ങൾ കുറെയെല്ലാം സുഗമമാകുമെന്നു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജി. സൈലേഷ്യ വെളിപ്പെടുത്തുന്നു. മൂന്നു മിനിറ്റ് വീതമുള്ള മൂന്നുതവണകളാണ് ഇതിൽ.

രാവിലെ മൂന്നു മിനിറ്റ്: ഉണർന്നെണീറ്റ ഉടനുള്ള സമയമാണിത്. കുട്ടി ഉണരുമ്പോൾ മാതാപിതാക്കൾ കുട്ടിക്കടുത്തിരുന്നു ശാന്തമായി പോസിറ്റിവ് ചിന്തകളോടെ ശുഭാരംഭം കുറിക്കുക.

സ്കൂൾ വിട്ടുവന്ന ശേഷമുള്ള മൂന്നുമിനിറ്റ്: കുട്ടിയോട് സ്കൂൾ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുന്ന സമയം. ഇവിടെ ‘പോയി പഠിക്കെടാ, ഉടുപ്പു നാശമാക്കിയല്ലോ...’ തുടങ്ങിയ അലമുറകളൊന്നുമില്ല. ഇങ്ങനെ ചെയ്യുമ്പോൾ ഓരോ ദിവസവും അന്നത്തെ വിശേഷങ്ങളെല്ലാം പറയുന്ന ശീലം കുട്ടിക്കുണ്ടാകും.

രാത്രി മൂന്നുമിനിറ്റ്: അന്നത്തെ കാര്യങ്ങളെല്ലാം അവസാനിപ്പിച്ചു കുട്ടി കിടക്കുമ്പോൾ അരികത്തിരിക്കുന്ന ഈ നിമിഷങ്ങളും വിലപ്പെട്ടതാണ്. ഇതു കുട്ടിയിലുണ്ടാക്കുന്ന സുരക്ഷിതത്വബോധം നിസ്സാരമല്ല.

ഈ ഒൻപതു മിനിറ്റിന് ജീവിതത്തിൽ വലിയ വിലയാണെന്നു കൊച്ചി റെനെ മെഡിസിറ്റിയിലെ സൈക്കോളജിസ്റ്റായ സൈലേഷ്യ പറയുന്നു. വൈകിട്ടത്തെ മൂന്നു മിനിറ്റ് പ്രായോഗികമല്ലാത്ത മാതാപിതാക്കൾ രാവിലെയും രാത്രിയിലുമുള്ള സമയമെങ്കിലും ഉപയോഗിക്കണം.

1. കുട്ടികൾക്കു മാതൃകയായിരിക്കണം; അവരുടെ മുന്നിൽ വഴക്കടിക്കരുത്.

2. കുട്ടികളെ താരതമ്യം ചെയ്ത് ഇകഴ്ത്തുന്നതു വലിയ ദോഷമാണ്.

3. അധ്യാപകരുടെ കുറ്റം കുട്ടികൾ കേൾക്കെ ഒരിക്കലും പറയരുത്.

4. ഒരു നേരമെങ്കിലും വീട്ടിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതു ശീലമാക്കണം.

5. മക്കളുടെ കൂട്ടുകാർ ആരൊക്കെയാണെന്ന് അറിഞ്ഞിരിക്കണം.

അധ്യാപകരറിയാൻ അഞ്ചു കാര്യങ്ങൾ


1. കുട്ടികളോട് പക്ഷപാതം കാണിക്കരുത്.

2. കുട്ടികൾ വ്യത്യസ്ത ഗ്രാഹ്യശേഷി ഉള്ളവരാണെന്ന വസ്തുത തിരിച്ചറിയണം.

3. ഏറ്റവും മോശം കുട്ടിക്കുപോലും മനസ്സിലാകും വിധത്തിലായിരിക്കണം ക്ലാസ്.

4. മറ്റ് അധ്യാപകരെ കുട്ടികളുടെ മുന്നിൽ മോശക്കാരാക്കരുത്.

5. മാതാപിതാക്കളുമായുള്ള ബന്ധം ഊഷ്മളമാക്കണം.