തല കണ്ടാൽ പറയുമോ അഞ്ച് മാസമേ ഉള്ളൂവെന്ന്!!

ഇത് ബോബി അഞ്ച് മാസം പ്രായമുള്ള സുന്ദരൻ ആൺകുഞ്ഞ്, ആരു കണ്ടാലും അവനെ ഒന്നുകൂടെ നോക്കിപ്പോകും. അവന്റെ ആ സുന്ദരമുഖം മാത്രമല്ല അതിന് കാരണം. കുഞ്ഞ് ബോബിക്ക് ആകെ അഞ്ച് മാസമേ ആയിട്ടുള്ളൂ, എന്നാലെന്താ നല്ല ഇടതൂർന്ന സൂപ്പർ മുടിയാണ് കക്ഷിക്ക്. എല്ലാവരുടേയും കണ്ണുകൾ ആദ്യം ഉടക്കുക ഈ മുടിയിലാണ്. നീളൻ മുടി കാരണം അവനെ കാണുന്നവരൊക്കെ പെൺകുട്ടിയാണെന്നാണ് തെറ്റിധരിക്കാറെന്ന് അമ്മ റെയ്ച്ചൽ കാർട്ടർ പറയുന്നു.

തല നിറച്ചും നല്ല നീളമുള്ള സൂപ്പർ മുടിയുമായിട്ടാണ് കക്ഷി ജനിച്ചു വീണത് തന്നെ. ഇരുപതാം ആഴ്ചയിലെ സ്കാനിങ്ങ് രസകരമായിരുന്നുവെന്ന് റെയ്ച്ചൽ. തല നിറച്ചും മുടിയുമായി സ്കാനിങ്ങ് റിപ്പോർട്ടു കണ്ട നഴ്സ് പോലും ബോബി പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിച്ചുവത്രേ. ലേബർ റൂമിൽ വച്ച് തന്നെ ഡോക്ടർമാർ പലരും ആ സുന്ദരമായ മുടിയിൽ മയങ്ങി അവൻറെ ആരാധകരായി.

എക്സ് മെൻ കഥാപാത്രം വോൾവറിനോടും കോമഡി സ്റ്റാർ കെൻ ഡോഡുമായൊക്കെയാണ് കാണുന്നവർ കക്ഷിയെ താരതമ്യം ചെയ്യുന്നത്. എന്നാൽ പലപ്പോഴും ബോബിയെ പെൺകുട്ടിയായി തെറ്റിദ്ധരിക്കുന്നതാണ് ഏറ്റവും രസകരമെന്ന് റെയ്ച്ചൽ പറയുന്നു.

റെയ്ച്ചലിൻറ മൂത്ത മകനും ഇതേ പോലെ ബോബിയേക്കാൾ നീളൻ മുടിയുണ്ടായിരുന്നുവത്രേ, അവനും ധാരാളം ആരാധകരുണ്ടായിരുന്നെങ്കിലും കുഞ്ഞ് ബോബിക്കു കിട്ടുന്ന ശ്രദ്ധ അതിലേറെയാണെന്നാണ് ഇവർ പറയുന്നത്.

റെയ്ച്ചല്‍ മകൻറെ മുടിക്ക് നല്ല സംരക്ഷണം തന്നെ നൽകുന്നുണ്ട്. ദിവസവും മുടി കഴുകി ഉണക്കി നല്ല കുട്ടപ്പനാക്കിയാണ് ബോബിയെ അമ്മ നടത്താറ്. മുടിയിൽ പിടിച്ച് കളിച്ചാണത്രേ ബോബിയുടെ ഉറക്കം. മുടിയും ബോബിയും ശ്രദ്ധിക്കപ്പെട്ടതോടെ അവൻറെയും മുടിയുടേയും വളർച്ച സകലരെയും അറിയിക്കാനായി അമ്മ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തന്നെയങ്ങ് തുടങ്ങി.

ഷോപ്പിങ്ങിനൊക്കെ പുറത്തുപോകുമ്പോൾ ആരാധകരിൽ നിന്ന് രക്ഷപ്പെടാൻ ചിലപ്പോൾ പ്രാമിൽ‌ കുഞ്ഞ് ബോബിയെ ഒളിപ്പിക്കാറുപോലുമുണ്ടെന്ന് റെയ്ച്ചൽ. ഇല്ലെങ്കിൽ എല്ലാവരോടും ബോബിയുടെ മുടിയുടെ വിശേഷങ്ങൾ പറഞ്ഞ് മണിക്കൂറുകൾ താമസിക്കേണ്ടി വരുമത്രേ. എതായാലും മുടിമൂലം അ‍ഞ്ചാം മാസത്തിൽ പ്രശസ്തനായിരിക്കുയാണ് ബോബി.